നിയമസഭാ തിരഞ്ഞെടുപ്പിലെ 4.3% വോട്ട് 11.68% ആയത് പേരിനൊര് ആശ്വാസം
രാജ്യതലസ്ഥാന നഗരത്തിൽ കോൺഗ്രസിന്റെ പതനം ഉറപ്പിക്കുന്നതായിരുന്നു എംസിഡി തിരഞ്ഞെടുപ്പ്. 250 വാർഡിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചത് 9 ഇടങ്ങളിൽ മാത്രം. പരാജയം സമ്മതിച്ച മട്ടിലായിരുന്നു ഡൽഹി കോൺഗ്രസ് ആസ്ഥാനവും. ആളൊഴിഞ്ഞ ഓഫിസ് കെട്ടിടത്തിന്റെ ഗേറ്റ് ഇന്നലെ പൂട്ടിക്കിടന്നു. ഓഫിസ് ജോലിക്കാരെ മാത്രമാണ് ഇന്നലെ ഇവിടെ കണ്ടത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 31 സീറ്റ് നേടിയിരുന്ന കോൺഗ്രസിനു 21.2 ശതമാനമായിരുന്നു വോട്ടുനില. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതു 4.3 ശതമാനം മാത്രമായി ചുരുങ്ങിയിരുന്നു. ഇക്കുറിയത് 11.68 ശതമാനമാക്കാൻ സാധിച്ചുവെന്നതു മാത്രമാണു പാർട്ടിക്ക് ആശ്വാസം നൽകുന്നത്. ഷീലാ ദീക്ഷിതിന്റെ പ്രതാപകാലത്തെക്കുറിച്ച് ഓർമിക്കുന്ന ഡൽഹി നിവാസികൾ ഭൂരിഭാഗവും കോൺഗ്രസിനു വോട്ടു ചെയ്തില്ലെന്നു സാരം.
കോൺഗ്രസ് ശക്തമായിരുന്ന പ്രദേശത്തു പോലും ഇക്കുറി എഎപി കളം പിടിച്ചുവെന്നാണു ഫലം വ്യക്തമാക്കുന്നത്. 2007, 2012, 2017 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം നിന്ന ഓൾഡ് ഡൽഹിയിലെ സിതാറാം ബസാറിൽ ഇക്കുറി എഎപിയാണു വിജയിച്ചത്. 2017ൽ കോൺഗ്രസ് നേടിയ ഡൽഹി ഗേറ്റ്, ജുമാ മസ്ജിദ്, ദരിയാഗഞ്ച് വാർഡുകളും ഇക്കുറി എഎപിക്കൊപ്പം നിന്നു. അതേസമയം 2020ലെ കലാപം അരങ്ങേറിയ വടക്കു കിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദ് ഉൾപ്പെടെയുള്ള വാർഡുകൾ കോൺഗ്രസിന് ഒപ്പം നിന്നു. മുസ്തഫാബാദ്, ബ്രിജ്പുരി വാർഡുകളിൽ ഇക്കുറി 60 ശതമാനത്തിനു മുകളിൽ റെക്കോർഡ് പോളിങ്ങാണു രേഖപ്പെടുത്തിയിരുന്നത്.
മുൻവർഷങ്ങളിൽ പാർട്ടിക്കു ലഭിച്ചിരുന്ന വോട്ടുകൾ ഇക്കുറി എഎപിയിലേക്കുൾപ്പെടെ ചിതറിയെന്നു വ്യക്തമാക്കുന്നതാണു തിരഞ്ഞെടുപ്പു ഫലം. പാർട്ടിയുടെ പരമ്പരാഗത വോട്ടു ബാങ്കിലും ഇടിവു വന്നു. ശക്തമായ പ്രചാരണത്തിന്റെ അഭാവവും പ്രകടനത്തെ കാര്യമായി ബാധിച്ചു. ജയിച്ച ഇടങ്ങളിൽ പാർട്ടി സംവിധാനങ്ങളുടെ മികവിനേക്കാൾ സ്ഥാനാർഥികളുടെ വ്യക്തിബന്ധമാണു ഒരുപരിധിവരെ നേട്ടമായത്. എംസിഡി തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ സംസ്ഥാന നേതൃത്വത്തിനു നേരെയും രൂക്ഷവിമർശനം ഉയരും.