ADVERTISEMENT

ജയ്പുർ ∙ ഗുസ്തിക്കാരന്റെ മകനായി ജനിച്ച താൻ സംഗീതത്തിന്റെ വഴിയിലേക്ക് എത്തിയതു വലിയ നിയോഗമാണെന്നു പ്രശസ്ത സംഗീതജ്ഞൻ ഹരിപ്രസാദ് ചൗരസ്യ. 9–ാം വയസ്സിൽ റേഡിയോയിലെ പാട്ടുകൾ കേട്ടു സംഗീതം അഭ്യസിച്ച് തുടങ്ങിയതിന്റെയും ബീറ്റിൽസിന്റെ സ്വന്തം ജോർജ് ഹാരിസണുമായി ഉൾപ്പെടെ അടുത്ത ബന്ധം പുലർത്തിയതിന്റെയും കഥകൾ ജയ്പുർ സാഹിത്യോത്സവത്തിൽ അദ്ദേഹം പങ്കുവച്ചു. ഹരിപ്രസാദ് ചൗരസ്യയുടെ ജീവിതം വിവരിക്കുന്ന ‘ബ്രെത്ത് ഓഫ് ഗോൾഡ്’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചയിൽ അദ്ദേഹം ഭാഗമായി.

1938ൽ ജനിച്ച ഹരിപ്രസാദ് ആദ്യകാലങ്ങളിൽ പിതാവിനൊപ്പം ഗുസ്തി പരിശീലിക്കാൻ അഖാഡയിൽ പോയിരുന്നു. ‘മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. കായികവിനോദങ്ങൾ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ, പിതാവിനെ പേടിയായിരുന്നു. ഒരു ഗുസ്തിക്കാരന്റെ കയ്യിൽ നിന്നു തല്ലു വാങ്ങാൻ ആർക്കാണ് ആഗ്രഹം’ – ചിരിയോടെ അദ്ദേഹം പറ‍ഞ്ഞു. അയൽക്കാരനായ ഒരു ദ്രുപത് ഗായകനിൽ നിന്ന് ഇടയ്ക്കു രഹസ്യമായി പാട്ടു പഠിച്ചിരുന്നു. 9–ാം ക്ലാസിലെത്തിയപ്പോൾ റേഡിയോ ആയി ആശ്രയം. ആദ്യ ഗുരുവും റേഡിയോ ആണെന്നു പറയാം. 

പിന്നീടു റേഡിയോയിൽ കുട്ടികളുടെ പരിപാടിയിൽ ഓടക്കുഴൽ വായിക്കാൻ അവസരം കിട്ടി. അന്നു ലഭിച്ച 5 രൂപയായിരുന്നു ആദ്യ പ്രതിഫലം. മകൻ റേഡിയോയിൽ ഓടക്കുഴൽ വായിക്കുന്നുവെന്നു അയൽക്കാരനിൽ നിന്നാണു പിതാവ് അറിഞ്ഞത്. അന്നു നിറയെ തല്ലു കിട്ടിയെന്നും പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ഓ‍ർമിക്കുന്നു. പലരിൽ നിന്നും സംഗീതം അഭ്യസിച്ചു. ഒഡീഷയിൽ ഓൾ ഇന്ത്യ റേഡിയോയിൽ ജോലി സ്വന്തമാക്കി. പിന്നീടു മുംബൈയിലേക്കു വണ്ടി കയറി. മുംബൈയിൽ റേഡിയോയിൽ ജോലി ചെയ്യുന്ന ഘട്ടത്തിലാണു സംഗീത സംവിധായകൻ മദൻ മോഹന്റെ സിനിമയിൽ ഓടക്കുഴൽ വായിക്കാൻ അവസരം ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ലണ്ടൻ യാത്രയ്ക്കിടെയാണു ജോർജ് ഹാരിസണിനെ പരിചയപ്പെടുന്നത്. ഒരു ദിവസം ഓടക്കുഴൽ വായിക്കുമ്പോൾ താമസസ്ഥലത്തിനു പുറത്ത് ഒരാൾ പാട്ട് ആസ്വദിച്ച് നിൽക്കുന്നതു ശ്രദ്ധയി‍ൽപെട്ടു. അടുത്ത ദിവസം അദ്ദേഹം തന്റെ ഗിറ്റാറുമായാണ് എത്തിയത്. പരിചയപ്പെട്ടപ്പോഴാണു ജോർജ് ഹാരിസൺ ആണെന്നു മനസ്സിലാക്കുന്നത്. ഏറെക്കാലം നീണ്ടുനിന്ന സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ തന്റെ സംഗീതവുമായി എത്താൻ സാധിച്ചുവെന്നും സംഗീതലോകത്തെ ഒട്ടേറെ പ്രമുഖരുമായി കൈകോർക്കാൻ സാധിച്ചുവെന്നും ഇതെല്ലാം തന്റെ നിയോഗമാണെന്നു വിശ്വസിക്കുന്നതായും അദ്ദേഹം ചേർത്തു. 5 ദിവസം നീണ്ട സാഹിത്യോത്സവം ഇന്നലെ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com