റിപ്പബ്ലിക് ദിനാഘോഷം: സുരക്ഷയൊരുക്കി, സാഭിമാനം...

republic-day-celebration
കാവലുറപ്പാക്കി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കർത്തവ്യപഥിൽ കാവൽ നിൽക്കുന്ന സുരക്ഷാ സൈനികർ. ചിത്രം: മനോരമ
SHARE

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി നഗരം. ഇന്നു രാവിലെ 10.30ന് റിപ്പബ്ലിക്ദിന പരേഡ് ആരംഭിക്കും. വിജയ് ചൗക്കിൽ നിന്നു ചെങ്കോട്ടയിലേക്കുള്ള പരേഡ് രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും പ്രകടമാക്കുന്നതാവും. നാരീശക്തി എന്ന ആശയത്തെ കേന്ദ്രീകരിച്ചുള്ള ഫ്ലോട്ടാണ് റിപ്പബ്ലിക്ദിന പരേഡിൽ ഇക്കുറി കേരളം അവതരിപ്പിക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. തന്ത്രപ്രധാന സ്ഥലങ്ങളിൽ ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) കാവലൊരുക്കിയിട്ടുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കാൻ ഏകദേശം 65,000 പേർ നഗരത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്.ഭീകരവിരുദ്ധ മോക് ഡ്രില്ലുകൾ നടത്തിയ സുരക്ഷാ സേനകൾ ഏതു സാഹചര്യവും നേരിടാൻ സുസജ്ജമാണെന്ന് അധികൃതർ പറഞ്ഞു. ഏകദേശം 6,000 സേനാംഗങ്ങളെയാണ് നഗരത്തിൽ വിന്യസിച്ചിട്ടുള്ളത്. ഇതുകൂടാതെ പ്രത്യേക കമാൻഡോ സംഘങ്ങളും വിവിധയിടങ്ങളിൽ നിലയുറപ്പിക്കും.

ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി 24 ഹെൽപ് ഡെസ്ക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. ബോംബ് നിർവീര്യമാക്കുന്ന സ്ക്വാഡുകളും ഡോഗ് സ്ക്വാഡുകളും ചേർന്ന് പ്രധാന സ്ഥലങ്ങളെല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. മുഖം തിരിച്ചറിയാൻ കൂടുതൽ ശേഷിയുള്ള സിസിടിവി ക്യാമറകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വമ്പൻ കെട്ടിടങ്ങൾക്കു മുകളിൽ നിന്നുള്ള നിരീക്ഷണത്തിന്റെ ചുമതല കമാൻഡോകൾക്കാണ്. എൻഎസ്ജി, ഡിആർഡിഒ എന്നിവയുടെ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

കേരളാ ഹൗസിൽ കെ.വി.തോമസ് പതാക ഉയർത്തും

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരളാ ഹൗസിൽ ഇന്നു രാവിലെ 9ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ.കെ.വി.തോമസ് ദേശീയപതാക ഉയർത്തും.സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനായ അദ്ദേഹം പങ്കെടുക്കുന്ന ആദ്യ  ഔദ്യോഗിക ചടങ്ങാണിത്. റസിഡന്റ് കമ്മിഷണർ സൗരഭ് ജെയിനിന്റെ നേതൃത്വത്തിൽ കേരളാ ഹൗസ് ജീവനക്കാരും കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കെടുക്കും.

റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങിന് നിയന്ത്രണം

റിപ്പബ്ലിക്ദിന പരേഡ് കണക്കിലെടുത്ത് ഓൾഡ് ഡൽഹി, ന്യൂഡൽഹി, നിസാമുദ്ദീൻ, ആനന്ദ് വിഹാർ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ ഇന്ന് ഉച്ചയ്ക്കു 12 വരെ പാർക്കിങ് അനുവദിക്കില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെന്നും സ്റ്റേഷനുകൾക്കു പുറത്ത് പിക്കപ്– ഡ്രോപ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

‘സമൃദ്ധി’ക്ക് ഇന്ന് അവധി

കേരളാ ഹൗസിൽ പ്രവർത്തിക്കുന്ന സ്റ്റാഫ് കന്റീൻ ‘സമൃദ്ധി’ റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഇന്നു പ്രവർത്തിക്കില്ലെന്നു മാനേജർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS