ADVERTISEMENT

ന്യൂഡൽഹി ∙ സ്കൂൾ അധ്യാപകർക്ക് ഫിൻലാൻഡിൽ പരിശീലനത്തിനുള്ള അനുമതി നൽകാൻ ലഫ്.ഗവർണർ തയാറാകണമെന്ന് സംസ്ഥാന സർക്കാർ. ഉടൻ അനുമതി നൽകണമെന്നും ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം മാറ്റിവയ്ക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്.ഗവർണർ വി.കെ.സക്സേനയ്ക്കു കത്തയച്ചു.

സിസോദിയയുടെ കത്ത് ട്വിറ്ററിൽ പങ്കുവച്ച മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളും അധ്യാപകരുടെ വിദേശപരിശീലനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. സർക്കാർ സ്കൂൾ അധ്യാപകർക്ക് ഫിൻലാൻഡിൽ പരിശീലനത്തിനു പോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 20ന് സംസ്ഥാന സർക്കാർ ലഫ്.ഗവർണറെ സമീപിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ഫയലിൽ തീരുമാനമെടുക്കാൻ ഇതുവരെ ലഫ്.ഗവർണർ തയാറായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ആരോപിച്ചു.

അധ്യാപകർക്കു വിദേശപരിശീലനം നൽകുന്ന പദ്ധതി സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകണമെന്ന് പറഞ്ഞ് രണ്ടു പ്രാവശ്യം ലഫ്.ഗവർണർ ഫയൽ മടക്കി. ഇതുസംബന്ധിച്ചു ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എത്തിയപ്പോൾ ലഫ്.ഗവർണർ കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചതായും മനീഷ് സിസോദിയ കുറ്റപ്പെടുത്തി.

ലഫ്.ഗവർണർ അനുമതി നൽകാത്തതു കാരണം കഴിഞ്ഞ ഡിസംബറിൽ 30 അധ്യാപകരുടെ വിദേശപരിശീലനം മുടങ്ങി. അടുത്ത മാർച്ചിൽ വിദേശപരിശീലനത്തിനു പോകേണ്ട 30 അധ്യാപകരുടെ യാത്രയും അനിശ്ചിതാവസ്ഥയിലാണെന്ന് ഉപമുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, വിദേശത്തേക്ക് അയയ്ക്കുന്നതിനു പകരം രാജ്യത്തിനുള്ളിൽ തന്നെ അധ്യാപകർക്കു മികച്ച പരിശീലനത്തിനുള്ള സാധ്യതകൾ തേടണമെന്നാണ് ലഫ്.ഗവർണറുടെ വാദം. ഇതേചൊല്ലി ലഫ്.ഗവർണറുമായുള്ള തർക്കം തുടരുന്നതിനിടെയാണ് അനുമതിക്കു വേണ്ടി സംസ്ഥാന സർക്കാർ സമ്മർദം ശക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com