ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തു വനമേഖല കുറയുന്നത് ആശങ്കപ്പെടുത്തുന്നതായി ഹൈക്കോടതി. പ്രകൃതിയോടു ചെയ്യുന്ന നീതിനിഷേധമാണിതെന്നു വിലയിരുത്തിയ കോടതി ഇക്കാര്യം നേരിട്ടു പരിശോധിക്കാൻ അഡീഷനൽ സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സുപ്രീം കോടതിയിൽ സമാനവിഷയവുമായി ബന്ധപ്പെട്ട കേസിന്റെ സ്ഥിതി അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

നഗരത്തിലെ മോശം വായുനിലയവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുമ്പോഴാണു ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരുടെ ബെഞ്ചിന്റെ പരാമർശം. ‘ഡൽഹിയിലെ വനപ്രദേശം ഗണ്യമായി കുറയുന്നുവെന്നു പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. സെൻട്രൽ റിഡ്ജിലെ ഉൾപ്പെടെ മരങ്ങൾ വെട്ടിനീക്കി കെട്ടിടങ്ങൾ നിർമിക്കുകയാണ്. അസോള വന്യജീവികേന്ദ്രത്തിൽ ഉൾപ്പെടെ കയ്യേറ്റം അതിരൂക്ഷമാണ്’ കോടതി പറഞ്ഞു. സുപ്രീം കോടതിയിലും വിഷയം പരിഗണനയിലുണ്ടെന്നും കോടതിയിൽ നിന്ന് ഇതിന്റെ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി മറുപടി നൽകി.

വിഷയം നേരിട്ടു പരിശോധിക്കാൻ കോടതി നിർദേശിച്ചു. ‘ഡൽഹി മറ്റെങ്ങുമില്ലാത്ത പ്രതിസന്ധിയാണു നേരിടുന്നത്. വിഷയം 4 ആഴ്ചത്തേക്കു മാറ്റുകയാണ്. അമിക്കസ്ക്യൂറി ഇക്കാര്യത്തിൽ മികച്ച ഇടപെടലാണു നടത്തിയത്. വരുന്ന തലമുറയ്ക്കു വേണ്ടി എന്തെങ്കിലുമൊക്കെ നമ്മൾ അവശേഷിപ്പിക്കേണ്ടതുണ്ട്; മലകൾ, പുഴകൾ, വനങ്ങൾ എന്നിവ’ കോടതി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട മുൻവിഷയങ്ങളിലെ ഉത്തരവുകൾ നടപ്പാക്കിയോ എന്നു പരിശോധിക്കണമെന്നും ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. റിഡ്ജിനു സമീപം വലിയ ഫ്ലാറ്റുകൾ പണിയാൻ അനുമതി ലഭിച്ചതെങ്ങനെയെന്നു കേന്ദ്ര–സംസ്ഥാന സർക്കാരുകളോടും വനംവകുപ്പിനോടും കോടതി ആരാഞ്ഞു. ‘റിഡ്ജ് പ്രദേശത്തു നിർമാണത്തിനു നിരോധനമുണ്ട്. പിന്നെ എങ്ങനെയാണ് അനുമതി ലഭിച്ചത്. ആരെങ്കിലും ഉത്തരം നൽകേണ്ടതുണ്ട്. കോടതി ഡൽഹി കോർപറേഷനു നോട്ടിസ് നൽകണം. അവരുടെ സത്യവാങ്മൂലം പരിഗണിക്കണം’ അമിക്കസ്ക്യൂരി കൈലാഷ് വാസുദേവ് കോടതിയെ അറിയിച്ചു. റിഡ്ജ് പ്രദേശത്തെ വനമേഖലയിൽ കുറവു വന്നതു വ്യക്തമാക്കുന്ന ചിത്രങ്ങളും അദ്ദേഹം സമർപ്പിച്ചു. വിഷയം മാർച്ച് 14നു വീണ്ടും കോടതി പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com