ADVERTISEMENT

ന്യൂഡൽഹി ∙ നൂറാം വയസ്സിലേക്കു പ്രവേശിക്കുന്ന പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്കു നഗരത്തിന്റെ ആദരം ഇന്ന്. കാനിങ് റോഡ് കേരള സ്കൂളിൽ  നടക്കുന്ന ആഘോഷങ്ങളിൽ രാഷ്ട്രീയ–കലാ–സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കാളികളാകും. ദേശീയതലസ്ഥാന മേഖലയിലെ എഴുപത്തഞ്ചോളം മലയാളി സംഘടനകളുടെ നേതൃത്വത്തിലാണു പരിപാടികൾ ഒരുക്കിയിരിക്കുന്നത്. 

ഉച്ചതിരിഞ്ഞു 2.30നു ഇരട്ടകേളിയോടെയാണു ആഘോഷങ്ങൾ ആരംഭിക്കുക. ‍ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുഞ്ഞിരാമ മാരാർ, അഭിഷേക് കുഞ്ഞിരാമൻ എന്നിവരാണു കേളി ഒരുക്കുന്നത്. ബോധേശ്വരൻ രചിച്ച കേരളഗാനം കോട്ടയ്ക്കൽ ജയൻ ആലപിക്കും. കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ ബാലകൃഷ്ണ മാരാർ അവതരിപ്പിക്കും. പ്രഫ. ഓംചേരി രചിച്ച മൈക്രോ നാടകം ‘പ്രാർഥന’ തുടർന്ന് അരങ്ങിലെത്തും. പ്രവീൺ പീതാംബരനാണു കേരള ക്ലബിനു വേണ്ടി നാടകം സംവിധാനം ചെയ്യുന്നത്. 

ഓംചേരിയുടെ 3 നാടകങ്ങളിലെ പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയുള്ള നാടകാവിഷ്കാരവും അരങ്ങേറും. യേശുവും ഞാനും, വരാൻ ധൃതി കൂട്ടണ്ട, പ്രളയം എന്നീ 3 നാടകങ്ങളിലെ പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയാണു നാടകാർച്ചന എന്ന അവതരണം സ്റ്റേജിലെത്തുക. ഷിബു രാഘവൻ, പങ്കൻ എന്നിവർ ചേർന്നാണു ജനസംസ്കൃതിക്കു വേണ്ടി നാടകം സംവിധാനം ചെയ്തിരിക്കുന്നത്.  രാജ്യാന്തര കഥകളി കേന്ദ്രത്തിന്റെ ഗീതോപദേശമാണു മറ്റൊരു ആകർഷണം. തിരുവട്ടാർ ജഗദീശൻ കൃഷ്ണനായും  കലാമണ്ഡലം അനിൽകുമാർ അർജുനനായും രംഗത്തെത്തും. കോട്ടയ്ക്കൽ ജയൻ, കലാഭാരതി രാധാകൃഷ്ണൻ എന്നിവർ പദങ്ങൾ ആലപിക്കും. 

വിലാസ ലതിക ബിഎ ഓണേഴ്സ് എന്ന നാടകമാണു അവസാന പരിപാടിയായി അരങ്ങിലെത്തുക. പ്രഫ. ഓംചേരി എൻ.എൻ. പിള്ളയുടെ ജീവിതം കേന്ദ്രമാക്കിയുള്ള നാടകം അനന്തു ആർ. നാരായണനാണു സംവിധാനം ചെയ്തിരിക്കുന്നത്. ഡിഎംഎ അവതരിപ്പിക്കുന്ന നാടകത്തിൽ വൃക്ഷ് നാടക സംഘത്തിലെ ഇരുപത്തഞ്ചോളം കലാകാരൻമാർ അഭിനേതാക്കളായി എത്തും. ആഘോഷങ്ങളുടെ ഭാഗമായി പിറന്നാൾ കേക്ക് മുറിക്കും. പങ്കെടുക്കാനെത്തുന്നവർ പൊന്നാട, മെമന്റോ തുടങ്ങിയവ ഒഴിവാക്കണമെന്നു സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com