ADVERTISEMENT

ന്യൂഡൽഹി ∙ അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, വിദ്യാഭ്യാസം എന്നിവയ്ക്കു മുൻഗണന നൽകി 2023–24ലെ ബജറ്റ് ധനമന്ത്രി കൈലാഷ് ഗലോട്ട് നിയമസഭയിൽ അവതരിപ്പിച്ചു. ആകെ 78,800 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബജറ്റ് തുകയിൽ 3,000 കോടി രൂപയുടെ വർധനയുണ്ട്. 

ശുചിത്വമുള്ള, മനോഹരമായ ആധുനിക ഡൽഹി ഒരുക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികളാണു ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. ആകെ 16,575 കോടി രൂപ ലഭിച്ച വിദ്യാഭ്യാസ മേഖലയാണ് ഇക്കുറിയും ബജറ്റ് വിഹിതത്തിൽ മുന്നിട്ടു നിൽക്കുന്നത്. ഡൽഹിയിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്കു വേണ്ടിയുള്ള 9 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എഎപി സർക്കാരിന്റെ നേതൃത്വത്തിൽ തുടർച്ചയായ ഒൻപതാമത്തെ ബജറ്റാണ് അവതരിപ്പിച്ചത്. 

മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവച്ചതിനെ തുടർന്ന് ധനവകുപ്പ് കൈകാര്യം ചെയ്യുന്ന കൈലാഷ് ഗലോട്ടിന്റെ ആദ്യ ബജറ്റാണിത്. കഴിഞ്ഞ 21ന് നടത്താനിരുന്ന ബജറ്റ് അവതരണം കേന്ദ്രസർക്കാർ ചില വിശദീകരണങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നു നടന്നില്ല. പിന്നീട്, ബജറ്റിൽ പരസ്യങ്ങൾക്കുള്ള വിഹിതം സംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദീകരണം നൽകിയതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവതരണത്തിന് അനുമതി നൽകിയത്.

ബജറ്റ് സമ്മേളനം 27 വരെ നീട്ടി

നിയമസഭയുടെ ബജറ്റ് സമ്മേളനം 27 വരെ നീട്ടിയതായി സ്പീക്കർ അറിയിച്ചു. സമ്മേളനം ഇന്നു വരെയാണു നേരത്തേ നിശ്ചയിച്ചിരുന്നത്. ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വ ദിനമായതിനാൽ സഭ ഇന്നു ചേരില്ലെന്നു സ്പീക്കർ റാം നിവാസ് ഗോയൽ അറിയിച്ചു.

ബജറ്റ് പ്രഖ്യാപനങ്ങൾ 

∙ വിദ്യാഭ്യാസ മേഖല

 

1) സ്കൂൾ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർക്ക് പുതിയ ടാബ‍്‍ലറ്റ് നൽകും. 

2) 350 സ്കൂളുകൾക്ക് 20 വീതം കംപ്യൂട്ടർ. 

3) അംബേദ്കർ സ്കൂളുകളുടെ ശാഖകൾ തുടങ്ങും. 

4) കുട്ടികൾക്ക് പ്രഫഷനൽ സ്കിൽ പരിശീലനം. 

∙ ആരോഗ്യ മേഖല

1) മൊഹല്ല ക്ലിനിക്കുകളിൽ പരിശോധനകൾ വർധിപ്പിക്കും. 

2) ആകെ 100 മഹിളാ മൊഹല്ല ക്ലിനിക്കുകൾ തുടങ്ങും. 

3) പുതുതായി 9 ആശുപത്രികൾ നിർമിക്കും. 

4) പുതുതായി 38 ആംബുലൻസുകൾ വാങ്ങും. 

5) ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും. 

∙ റോഡ് വികസനം

1) നഗരത്തിലെ 1,400 കിലോമീറ്റർ റോഡിന്റെ നവീകരണം, സൗന്ദര്യവൽക്കരണം നടത്തും. 

2) ആകെ 26 മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കും. ഇതിൽ മൂന്നെണ്ണം ഡബിൾ ഡക്കർ മേൽപാലങ്ങൾ. 

3) നടപ്പാതകളുടെ നവീകരണവും യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ശുചീകരണവും നടപ്പാക്കും. 

∙ മാലിന്യ നിർമാർജനം

1) രണ്ടു വർഷത്തിനുള്ളിൽ ഡൽഹിയിലെ 3 മാലിന്യമലകളും പൂർണമായും നീക്കം ചെയ്യും. ഇതിനായി 850 കോടി രൂപ നീക്കിവച്ചു. 

2) ചേരികളിലും കോളനികളിലും കൂടുതൽ അഴുക്കുചാലുകൾ. 

3) മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ ശേഷി വർധിപ്പിക്കും. 

4) യമുനാ ജലം ശുദ്ധീകരിക്കുന്നതിന് ആറിന കർമ പദ്ധതി. 

∙ മറ്റു പ്രഖ്യാപനങ്ങൾ

1) ‍‍ഡിടിസി ബസുകളിൽ വനിതകൾക്കുള്ള യാത്രാ സൗജന്യം തുടരും. 

2) വയോധികർക്കുള്ള തീർഥാടന പദ്ധതി തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com