വൈദ്യുതി സബ്സിഡി അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപിച്ച് എഎപി

power-cut
SHARE

ന്യൂഡൽഹി ∙ വൈദ്യുതി സബ്സിഡി അട്ടിമറിക്കാൻ ലഫ്.ഗവർണറുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നതായി ആരോപിച്ച് എഎപി രംഗത്ത്.   ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അനധികൃതമായി ഇടപെടുന്നതായുള്ള പരാതിയെത്തുടർന്ന് വിഷയം നിയമസഭാ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടുന്നതായി സ്പീക്കർ റാം നിവാസ് ഗോയൽ പ്രഖ്യാപിച്ചു. 

വൈദ്യുതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി അതിഷി മർലെനയാണ് നിയമസഭയിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ലഫ്.ഗവർണർ വി.കെ.സക്സേനയുടെ ഒത്താശയോടെ സംസ്ഥാനത്തെ വൈദ്യുതി സബ്സിഡി അട്ടിമറിക്കാൻ ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തുകയാണെന്ന് അതിഷി കുറ്റപ്പെടുത്തി. 

ഇതുസംബന്ധിച്ച് ലഫ്.ഗവർണറുടെ ഓഫിസിൽ നിന്നയച്ച ഫയൽ വകുപ്പു മന്ത്രിക്കു കൈമാറാൻ ചീഫ് സെക്രട്ടറി നരേഷ് കുമാർ തയാറായിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു നൽകണമെന്നുള്ള ലഫ്.ഗവർണറുടെ നിർദേശം പാലിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു നേരിട്ട് അയയ്ക്കേണ്ട ഫയലാണ് ചീഫ് സെക്രട്ടറിക്ക് അയച്ചതെന്നും അതിഷി ചൂണ്ടിക്കാട്ടി. 

എഎപി എംഎൽഎമാർ ശക്തമായ പ്രതിഷേധമുയർത്തിയതോടെ വിഷയം നിയമസഭാ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. വൈദ്യുതി സബ്സിഡി പാവപ്പെട്ടവർക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നുള്ള ഡൽഹി ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്റെ ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കണമെന്നും 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും ലഫ്.ഗവർണർ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയിരുന്നു. 

സബ്സിഡി ആരംഭിച്ച ഘട്ടത്തിലും ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ സമാനമായ ശുപാർശ നൽകിയിരുന്നെങ്കിലും സംസ്ഥാന മന്ത്രിസഭ തള്ളിയിരുന്നു. തുടർന്നാണു വീണ്ടും ശുപാർശ നൽകിയത്. അതേസമയം, എഎപി സർക്കാരിന്റെ അഭിമാന പദ്ധതിയായ വൈദ്യുതി സബ്സിഡി തുടരുമെന്ന് മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ അതിഷി മർലെന വ്യക്തമാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA