ADVERTISEMENT

ഏറ്റവും മികച്ച പഠനാവസരം സ്വപ്നം കണ്ട് ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടുന്നവരിൽ ആയിരക്കണക്കിനു മലയാളി വിദ്യാർഥികളുണ്ട്. സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ളവരാണു ഭൂരിഭാഗം പേരും. സാമ്പത്തികമായി ക്ലേശിക്കുന്ന പലരുമുണ്ട് ഇക്കൂട്ടത്തിൽ. ഇവർക്കു കൈത്താങ്ങുമായി പഠനസ്കോളർഷിപ് അവതരിപ്പിക്കുകയാണു വിദ്യാർഥികളുടെ കൂട്ടായ്മയായ മൈത്രി. അർഹരായ 50 വിദ്യാർഥികൾക്കു 10,000 രൂപ വീതമാണ് മൈത്രി ലഭ്യമാക്കുന്നത്. ആകെ 5 ലക്ഷം രൂപയുടെ സ്കോളർഷിപ്. 

ഡൽഹി സർവകലാശാല വിദ്യാർഥികളായിരുന്ന 3 മലയാളികളുടെ പേരിൽ മൈത്രി ഏതാനും വർഷം മുൻപ് ആരംഭിച്ചതായിരുന്നു അസ്‌ലം– സനിൽ– കെന്നെറ്റ് സ്കോളർഷിപ്. മിറാൻഡ ഹൗസ് വിദ്യാർഥിയായിരുന്ന നന്ദനയുടെ ഓർമകളും അതിലേക്ക് ചേർത്ത് അസ്‌ലം–സനിൻ–കെന്നെറ്റ്–നന്ദന എന്ന പേരിൽ ഈ വർഷം മുതൽ സ്കോളർഷിപ് പുനഃരാരംഭിക്കാൻ തീരുമാനിച്ചതായി മൈത്രി ഭാരവാഹികൾ പറയുന്നു. ഇത്രയേറെ വിദ്യാർഥികൾക്കു പഠനസഹായം ലഭ്യമാക്കാൻ സാധിക്കുന്നത് ആദ്യമായാണെന്നും അവർ കൂട്ടിച്ചേർത്തു.

ഏപ്രിൽ 5 വരെയാണു സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം. മാതാപിതാക്കളുടെ വാർഷിക വരുമാനം 75,000 രൂപയിൽ താഴെയായിരിക്കണം. ഓൺലൈനായുള്ള അപേക്ഷാ നടപടികൾ ഇന്നലെയാണ് ആരംഭിച്ചത്. ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്കു മാത്രമാണ് അപേക്ഷിക്കാൻ അവസരം. നിലവിലെ അധ്യയനവർഷം അവസാന വർഷം പഠിക്കുന്നവർക്കു സ്കോളർഷിപ് ലഭിക്കില്ല. മൈത്രി കാബിനറ്റിനു കീഴിലെ സ്കോളർഷിപ് സെല്ലിന്റെ നേതൃത്വത്തിലാണു  അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ കണ്ടെത്തുക. 

∙ എസ്എസ്എൽസി സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഉൾപ്പെടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏറ്റവും ഒടുവിലത്തെ പരീക്ഷയുടെ മാർക്കറ്റ് ലിസ്റ്റും സമർപ്പിക്കണം. 

∙ സ്കോളർഷിപ് തുക ജൂലൈയ്ക്കു മുൻപായി കൈമാറും. അപേക്ഷകരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഭാരവാഹികൾ പറയുന്നു. 

∙ കൂടുതൽ വിവരങ്ങൾക്കു ഫോൺ: 9497181533, 9072226147.

അർഹരായവരുടെ ഉന്നമനത്തിന്: എമി‍ൽ ജോസ് (മൈത്രി ജനറൽ സെക്രട്ടറി)

"ഡിയുവിലെ കോളജുകളി‍ൽ 10,000 രൂപ മുതൽ 30,000 രൂപ വരെയാണ്  വിവിധ കോഴ്സുകൾക്കു ഫീസ്. താമസത്തിനും ഭക്ഷണത്തിനുമായി  ചെലവാക്കേണ്ടി വരുന്ന പണം വേറെ. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്നു പഠനം പാതിയിൽ അവസാനിപ്പിച്ചവരെയും അറിയാം.  കുറച്ചുപേർക്കെങ്കിലും സഹായമാകുമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു സ്കോളർഷിപ് പദ്ധതി ആവിഷ്കരിച്ചത്." 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com