ADVERTISEMENT

കൊച്ചിയിൽ ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിനു തീപിടിച്ച സമയത്താണു യുട്യൂബിൽ ‘ലങ്സ് ഓഫ് ഗാസിപ്പുർ’ എന്ന ഷോ‍ർട്ട് ഡോക്യു–ഫിലിം റിലീസ് ചെയ്യുന്നത്. 12 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി പങ്കുവച്ചതു വലിയൊരു പാരിസ്ഥിതിക പ്രശ്നമാണ്, ഗാസിപ്പുർ മാലിന്യമലയ്ക്കു സമീപം താമസിക്കുന്ന സാധാരണക്കാരുടെ ശാരീരിക പ്രശ്നങ്ങളും അവർ നേരിടേണ്ടി വരുന്ന ദുരിതങ്ങളും. രാജ്യാന്തരതലത്തിൽ വരെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രത്തിനു പിന്നിൽ ഏതാനും മലയാളികളായിരുന്നു, എയിംസിലെ ഗവേഷകനും ഡൽഹി സർവകലാശാല വിദ്യാർഥിയുമെല്ലാം ആ കൂട്ടത്തിലുണ്ടായിരുന്നു.

ഗാസിപ്പുർ മാലിന്യമലയ്ക്കു സമീപം താമസിക്കുന്ന 12 വയസ്സുകാരി പെൺകുട്ടിക്കു ശ്വാസകോശ കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതു ഏതാനും വർഷങ്ങൾക്കു മുൻപു വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിം നിർമിക്കുകയെന്ന ആശയത്തിനു കൂടുതൽ വിവരങ്ങൾ തേടി ഡിയു വിദ്യാർഥിയായിരുന്ന കോട്ടയം സ്വദേശി അഭിറാം കൃഷ്ണൻ എയിംസിലെ ഗവേഷകൻ ഡോ.പ്രവീൺ പ്രദീപിനെ സന്ദർശിക്കാനെത്തിയതോടെയാണു ചർച്ചകൾ സജീവമാകുന്നത്. 

മാലിന്യമല സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഡോ.പ്രവീൺ പങ്കുവച്ചു. വിദ്യാർഥികളുടെ ഉത്സാഹത്തിൽ ഭാഗമാകാൻ അദ്ദേഹം തീരുമാനിച്ചതോടെ ഷോർട്ട് ഫിലിമിന്റെ നിർമാതാവുമായി. 2020ൽ കോവിഡ് വ്യാപനത്തിനു തൊട്ടുമുൻപായിരുന്നു ഷോർട്ട് ഫിലിമിന്റെ നിർമാണം. ഗാസിപ്പുർ മാലിന്യമലയെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു കൂട്ടരുണ്ടന്നു ഡോ.പ്രവീൺ പറയുന്നു. അവിടെ നിന്ന് മാലിന്യം ശേഖരിക്കുന്നവർ, ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്ന ജീവികൾ ഇങ്ങനെയെല്ലാം. എന്നാൽ ഈ മാലിന്യമലയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഏറെ ഗുരുതരമാണ്. 

ഭൂമിയെയും വെള്ളത്തെയും വായുവിനെയും മലിനപ്പെടുത്തു, വിഷം നിറയ്ക്കുന്നു. എന്നാൽ ഇതിന്റെ യഥാർഥ ചിത്രം പുറത്തുവരുന്നുമില്ല. ഷൂട്ടിങ്ങിന്റെ സമയത്തു ഭീഷണിയും മറ്റും നേരിടേണ്ടി വന്നുവെന്ന് അണിയറ പ്രവർത്തകർ വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സംഘങ്ങൾ പലതവണ ഷൂട്ടിങ് തടസ്സപ്പെടുത്താൻ ശ്രമിച്ചു, ഓടി രക്ഷപ്പെടേണ്ട സാഹചര്യമുണ്ടായി. ഷൂട്ടിങ്ങിന് അനുമതി നൽകാൻ അധികൃതരും വിസമ്മതിച്ചു. പല പ്രതിസന്ധികളെയും അതിജീവിച്ചു ഷൂട്ടിങ് പൂർത്തിയാക്കിയപ്പോൾ കോവിഡെത്തി. 

ചിത്രം റിലീസ് ചെയ്യുന്നതിനു പകരം രാജ്യാന്തര മേളകളിലും മറ്റും അയച്ചു. ഇന്ത്യൻ ലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ ഷോർട്ട് ഫിലിം മത്സര വിഭാഗത്തിലും റെയ്ൻ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രമേളയിലുമെല്ലാം ഇതു പ്രദർശിപ്പിച്ചു. പല രാജ്യാന്തര അംഗീകാരങ്ങളും സ്വന്തമായി. ഒടുവിൽ ഈ മാസം യുട്യൂബിലും റിലീസ് ചെയ്തു. പ്രധാന വേഷത്തിലെത്തിയ അനഘ ഗണേഷും ലെനിനും ഉൾപ്പെടെ ഡോക്യുമെന്ററിയുടെ ഭാഗമായവരെല്ലാം മലയാളികൾ. വിഷ്ണു വേണുവാണു ക്യാമറ കൈകാര്യം ചെയ്തത്. ഗോകുൽ നന്ദകുമാറായിരുന്നു എഡിറ്റിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com