ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് ബാധിതരുടെ എണ്ണം ഡൽഹിയിൽ വർധിക്കുന്നത് കണക്കിലെടുത്ത് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന ഉന്നതതല യോഗം സ്ഥിതി വിലയിരുത്തും. ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ, വിവിധ ആശുപത്രികളുടെ മെഡിക്കൽ ഡയറക്ടർമാർ, ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. രോഗലക്ഷണങ്ങളുള്ളവർക്ക് കോവിഡ് പരിശോധന നടത്തണമെന്നു മന്ത്രി നിർദേശിച്ചു. ആശുപത്രികളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അഭ്യർഥിച്ചു. 

കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ ആശുപത്രികളിൽ നടത്തിയ മോക് ഡ്രില്ലിന്റെ വിശദാംശങ്ങൾ ഇന്നു നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയെ ധരിപ്പിക്കും. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കും എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. കോവിഡ് ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ച രണ്ടുപേർ വയോധികരാണെന്നും ഇരുവർക്കും മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. കഴി‍ഞ്ഞ ബുധനാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 300 കോവിഡ് കേസുകളാണ്. കഴിഞ്ഞ ഓഗസ്റ്റ് 31നു ശേഷം ആദ്യമായാണ് ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com