ADVERTISEMENT

അധ്യാപന ജീവിതത്തിൽ കണ്ടുമുട്ടിയ ചില  മുഖങ്ങളെയും മനസ്സിൽ നിറഞ്ഞ അനുഭവങ്ങളെയും ഓർത്തെടുക്കുകയാണ് ദേശീയതലസ്ഥാന മേഖലയിലെ അധ്യാപകർ. വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന്  നൽകുന്ന അധ്യാപകർക്കെല്ലാം ആദരം. 

പതിവുപോലെ രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികളുടെ ചെറിയൊരു കൂട്ടത്തെ കണ്ടു. എന്താണു കാര്യമെന്നറിയാൻ തലയൊന്ന് അവിടേക്കു തിരിച്ചു. കുട്ടികൾ ഒരു പ്രാണിയെ കണ്ട് അതിനു ചുറ്റും കൂടിയതാണ്. പ്രായമുള്ളവർ പലരും അതിനെ ആ വഴിക്കു വിട്ട് മുന്നോട്ടു പോകും. എന്നാൽ പറക്കാൻ പറ്റാതെ കിടക്കുന്ന പ്രാണിയെ കണ്ട് ഒന്നുരണ്ടു പേർ ചുറ്റുമെത്തിയതോടെ പിന്നാലെ അവരുടെ സുഹൃത്തുക്കളെത്തുകയായിരുന്നു. അവർക്കെല്ലാം കൗതുകം. അതിന്റെ ഓരോ ഭാഗവും അവർ കാണുന്നു, പരിശോധിക്കുന്നു. നിറം, ചിറകിന്റെ വലുപ്പം എന്നിവയെല്ലാം കണ്ടു മനസ്സിലാക്കുന്നു. ചിലർ അതിനെ പറപ്പിക്കാൻ ശ്രമിക്കുന്നു. അവർക്കൊപ്പം ഞാനും കൂടി അവരുടെ സന്തോഷത്തിൽ ഭാഗമായി. 

ഞാൻ അപ്പോൾ ചിന്തിച്ചത് ചെറിയ കാര്യങ്ങളിൽ കുട്ടികൾ സന്തോഷം കണ്ടെത്തുന്നതിനെക്കുറിച്ചാണ്. നമ്മളും കുട്ടികളായിരുന്നപ്പോൾ അതുപോലെ തന്നെയായിരുന്നു. പക്ഷേ, മുതിർന്നപ്പോൾ സന്തോഷത്തിന്റെ മാനദണ്ഡങ്ങൾ വ്യത്യസ്തമായി. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ സാധിച്ചാൽ ഓരോ ദിവസവും മനോഹരമാകുമെന്ന് എന്നെ പഠിപ്പിച്ചത് ഈ കുട്ടികളാണ്. 

പഠനകാലത്ത് എനിക്കും കണക്കിനോടു പേടിയായിരുന്നു. ഇപ്പോൾ കണക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളാണു 3–5 ക്ലാസുകാർക്ക് എടുക്കുന്നത്. ക്ലാസ് ആരംഭിക്കുന്ന ഘട്ടത്തിൽ അവരോട് എന്റെ അനുഭവം പറയാറുണ്ട്. എനിക്കും കണക്കിനെ പേടിയായിരുന്നു, ഇഷ്ടമുണ്ടായിരുന്നില്ല. എന്നാൽ നന്നായി മനസ്സിലാക്കിയാൽ മനോഹരമായ വിഷയമാണെന്നൊക്കെ. ഇതു പല കുട്ടികൾക്കും ആശ്വാസമേകുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യാപക ദിനാഘോഷ സമയത്തു ഒരു മിടുക്കി എന്റെ അടുത്തുവന്നു പൂക്കൾ സമ്മാനിച്ച് ഇങ്ങനെ പറഞ്ഞു. ‘ടീച്ചർ കാരണമാണു കണക്കിനോടുള്ള പേടി കുറഞ്ഞത്’ ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. 

സ്കൂൾ എപ്പോഴും സന്തോഷം പകരുന്ന ഒരിടമാണ്. ഓരോ ദിവസവും പുതിയ അറിവുകൾ കുട്ടികളും നമുക്കു പകർന്നു നൽകുന്നു. അവരുടെ സന്തോഷത്തെ താരതമ്യം െചയ്യാനേ പറ്റില്ല. അവരുടെ കൂട്ടുകാരുടെ ചെറിയ സങ്കടങ്ങൾ അവരുടെയും സങ്കടമാകുന്നു. നേട്ടങ്ങൾ അവർ ഒന്നിച്ച് ആഘോഷിക്കുന്നു. ഓരോ ദിവസവും പുതിയ വ്യക്തിയായാണ് സ്കൂളിൽ നിന്നു മടങ്ങുന്നത്. 

(ഗ്രേറ്റർ‍ കൈലാഷിൽ താമസിക്കുന്ന മാർട്ടിന, 2 വർഷമായി കേംബ്രിജ് സ്കൂളിലെ അധ്യാപികയാണ്. കണ്ണൂരാണു സ്വദേശം). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com