ADVERTISEMENT

ഒരു ചോദ്യം, ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?. കടുവയെന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും റോയൽ ബംഗാൾ കടുവയാണ് ഇന്ത്യയിലെമ്പാടും ഉള്ളതെന്ന് അറിയാമായിരുന്നോ?

ഇനി ഒരു സന്തോഷ വാർത്ത പറയാം, 18 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡൽഹിയിൽ റോയൽ ബംഗാൾ പെൺകടുവ പ്രസവിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ആ വാർത്തയിലെ താരം സിദ്ധിയെന്ന അമ്മക്കടുവയായിരുന്നു. നമ്മുടെ തൊട്ടടുത്തുള്ള ദേശീയ സുവോളജിക്കൽ പാർക്കിലായിരുന്നു ആ സന്തോഷ നിമിഷം. 5 കുട്ടികളുണ്ടായിരുന്നെങ്കിലും 2 എണ്ണത്തെയാണു ജീവനോടെ ലഭിച്ചത്. സിദ്ധിയെയും മക്കളെയും പ്രത്യേക നിരീക്ഷണ ക്യാമറ ഉൾപ്പെടെ സജ്ജമാക്കിയാണു സുവോളജിക്കൽ പാർക്കിൽ പരിപാലിക്കുന്നത്. സിദ്ധിക്കു പുറമേ, കരൺ, അതിഥി, ബർക്ക എന്നീ ‘റോയൽ ബംഗാളികൾ’ കൂടി പാർക്കിലുണ്ട്. ആ പാർക്കിലേക്കാണ് ഇന്നത്തെ യാത്ര.

സ്വതന്ത്രയാകുമ്പോൾ ഇന്ത്യയിൽ മൃഗശാലകളില്ലായിരുന്നു. പ്രകൃതിസ്നേഹിയായ ഇന്ദിര ഗാന്ധിയുടെയും മറ്റും നേതൃത്വത്തിൽ താൽക്കാലിക കമ്മിറ്റി രൂപീകരിച്ച് 1951 മുതൽ തുടങ്ങിയ ശ്രമമാണ് 1959ൽ ‘ഡൽഹി സൂ’ ആയി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ദീർഘകാലം ഡൽഹി സൂ എന്നു വിളിക്കപ്പെട്ടെങ്കിലും 1982ൽ ഇന്ദിര ഗാന്ധിയുടെ കാലത്താണ് നാഷനൽ സുവോളജിക്കൽ പാർക്കായി പ്രഖ്യാപിക്കപ്പെട്ടത്. രാജ്യത്തെ മറ്റു മൃഗശാലകൾക്കുള്ള മാതൃകാ കേന്ദ്രമായാണ് ഇതിനെ വിഭാവന ചെയ്തിരിക്കുന്നത്. പല വിഭാഗങ്ങളായി ഇവിടെ കാഴ്ചകളെ തരംതിരിച്ചിട്ടുണ്ട്. പരിണാമഫലമായി പറക്കാനുള്ള ശേഷി നഷ്ടപ്പെട്ട മൃഗങ്ങളിൽ തുടങ്ങി ജലജീവികളും ഹിമാലയൻ സാനുക്കളിൽ നിന്നെത്തിയവരും പലതരം ചിത്രശലഭങ്ങളും മരുഭൂമിയിലെ ജീവിവർഗങ്ങളും വരെ ഇവിടെയുണ്ട്. അത്യാകർഷകമായ ശ്രേണിയിൽപെടുന്ന എക്സോട്ടിക് മൃഗങ്ങളാണു മറ്റൊരു വിഭാഗം.

ഡൽഹിയിലായിരിക്കുന്നവരും ഇവിടെ വരുന്നവരും കണ്ടിരിക്കേണ്ട ഒരിടമാണു സുവോളജിക്കൽ പാർക്ക്, വിശേഷിച്ചും കുട്ടികൾ. മറ്റിടങ്ങളിൽ പോകുന്നതിനിടെ ഒന്നു കയറിപോകാമെന്നു കരുതി വരാതെ, സമയമെടുത്ത്, വിസ്തരിച്ച് തന്നെ ഇവിടം കാണണം. സിദ്ധിയെ പോലെ ഒട്ടേറെ വിശേഷങ്ങളും കഥകളും ഉള്ളവരാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്. ഒപ്പം വന്ന കൂട്ടുകാരൻ മരിച്ചതോടെ ദീർഘകാലമായി ഇന്ത്യൻ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ കഴിയാതെ ഇവിടെ തുടരുന്ന ആഫ്രിക്കൻ ആന ശങ്കറിനെ പോലെ പലരുമുണ്ട് അക്കൂട്ടത്തിൽ.

ഓർത്തിരിക്കാൻ

∙ സന്ദർശത്തിനു ടിക്കറ്റെടുക്കണം. അവധിദിനങ്ങളിലും മറ്റും കൗണ്ടറിൽ വലിയ തിരക്കുണ്ടാകുമെന്നതിനാൽ, ഓൺലൈനിൽ മുൻകൂറായി ബുക്ക് ചെയ്തു പോകുന്നതാണ് അഭികാമ്യം.

∙ മുതിർന്നവർക്ക് 80 രൂപയാണ് നിരക്ക്. 5 വയസ്സിൽ താഴെയുള്ളവർക്ക് ടിക്കറ്റില്ല. 5-12 പ്രായക്കാർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും 40 രൂപയ്ക്ക് പ്രവേശന ടിക്കറ്റ് ലഭിക്കും. പാർക്കിനുള്ളിൽ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പോകാൻ പ്രത്യേക ബാറ്ററി സർവീസുണ്ട്, ഇതിനു പ്രത്യേക ടിക്കറ്റെടുക്കണം.

∙ കുടിവെള്ള സൗകര്യം സൗജന്യമായി ലഭ്യമാണ്. ശീതളപാനീയങ്ങൾക്കും മറ്റുമായി പ്രത്യേക കൗണ്ടറുകളുമുണ്ട്.

∙ ക്യാമറ ഉപയോഗിക്കാമെങ്കിലും ഡോക്യുമെന്ററി സ്വഭാവത്തോടെയുള്ള ചിത്രീകരണത്തിന് 2,000 രൂപയും സിനിമ രൂപത്തിലുള്ള ചിത്രീകരണത്തിന് 50,000 രൂപയും പ്രത്യേക ഫീസ് നൽകണം.

∙ പാർക്കിനുള്ളിലെ സൂചന ബോർഡുകളും ഇതിലെ നിർദേശങ്ങളും കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക.

∙ ഡൽഹിയിലെ വിവിധ പോയിന്റുകളിൽ നിന്ന് മഥുര റോഡിൽ സ്ഥിതി ചെയ്യുന്ന സുവോളജിക്കൽ പാർക്കിലേക്ക് ബസ് സർവീസുണ്ട്, മെട്രോ സ്റ്റേഷനാണെങ്കിൽ പ്രഗതി മൈതാൻ, ഖാൻ മാർക്കറ്റ്, ജവാഹർലാൽ നെഹ്റു മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് 2 കി.മീ. ദൂരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com