രോഹിണി ∙ ഷാഹ്ബാദിൽ അതിക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത് 34 മുറിവുകൾ. തലയോട്ടി പൊട്ടിത്തകർന്നിരുന്നുവെന്നും ഇതാണു മരണകാരണമെന്നുമാണു പോസ്റ്റ്മോർട്ടിലെ പ്രാഥമിക വിവരം. അന്തിമ റിപ്പോർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല. സാഹിലുമായുള്ള ബന്ധം സാക്ഷി വേണ്ടെന്നു വച്ചതാണു സംഭവത്തിനു കാരണമായതെന്നാണു പ്രാഥമിക വിവരം. ഇരുവരും തമ്മിൽ ഇതിന്റെ പേരിൽ വഴക്കുണ്ടായിരുന്നുവെന്നും തുടർന്നു സാഹിൽ കൃത്യം നടത്തുകയായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു.
2021 ജൂൺ മുതൽ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ 15 ദിവസത്തോളമായി നീതുവിനൊപ്പമാണു സാക്ഷി താമസിച്ചിരുന്നത്. അതിനു 15 ദിവസം മുൻപു മറ്റൊരു സുഹൃത്തിന്റെ വീട്ടിലും. കഴിഞ്ഞ ഏതാനും ദിവസമായി സാഹിലിനോടു സംസാരിക്കുന്നത് സാക്ഷി അവസാനിപ്പിച്ചിരുന്നു. ശനിയാഴ്ചത്തെ വഴക്ക് സാഹിലിന്റെ വിദ്വേഷം വർധിപ്പിച്ചുവെന്നും ഇതാണു കൃത്യത്തിനു കാരണമായതെന്നുമാണു പ്രാഥമിക വിലയിരുത്തൽ.
ബർവാലയിലെ ജെയിൻ കോളനിയിൽ 2 വർഷത്തിലേറെയായി സാഹിലും കുടുംബവും താമസിക്കാൻ തുടങ്ങിയിട്ട്. സാഹിലിനെക്കുറിച്ച് മോശമായി ഒന്നും കേട്ടിട്ടില്ലെന്നു വീടിന്റെ ഉടമസ്ഥനും പരിസരവാസികളുമെല്ലാം പറയുന്നു. ഒരിക്കലും വഴക്കുണ്ടാക്കുന്നതും കണ്ടിട്ടില്ല. എന്നാൽ അതിക്രൂരമായ സംഭവത്തിനു ശേഷവും ഭാവവ്യത്യാസമില്ലാതെയായിരുന്നു സാഹിലിന്റെ പെരുമാറ്റമെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിനു പിന്നാലെ ബുലന്ദ്ഷെഹറിലെ അതേർന ഗ്രാമത്തിലെ ബന്ധു വീട്ടിലേക്കാണു സാഹിൽ പോയത്. അവിടെ നിന്നാണു ഡൽഹി പൊലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തലാണു ഷാഹ്ബാദ് പൊലീസ് സ്റ്റേഷനിൽ പരാതി റജിസ്റ്റർ ചെയ്തത്.
സാഹിലിന്റെയും സാക്ഷിയുടെയും ബന്ധത്തെക്കുറിച്ച് തങ്ങൾക്കൊന്നും അറിയില്ലെന്നാണു സാക്ഷിയുടെ കുടുംബാംഗങ്ങൾ നൽകുന്ന വിവരം. അതേസമയം മൊബൈൽ ചാറ്റ് വിശദാംശങ്ങൾ പരിശോധിച്ചാൽ മാത്രമേ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. സാക്ഷിയുടെയും സാഹിലിന്റെയും സൗഹൃദത്തെക്കുറിച്ചു താൻ 6 മാസം മുൻപാണ് അറിഞ്ഞതെന്നു സാക്ഷിയുടെ സുഹൃത്ത് നീതു പറഞ്ഞു. മകളോടു ഞായറാഴ്ച ഉച്ചയ്ക്ക് സംസാരിച്ചിരുന്നുവെന്നാണു അമ്മ പ്രതികരിച്ചത്.
പൊലീസിനെയും ലഫ്.ഗവർണറെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
ഡൽഹി പൊലീസിനെയും ലഫ്.ഗവർണറെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ക്രമസമാധാന പാലനം നിങ്ങളുടെ ജോലിയാണെന്നും എന്തെങ്കിലും ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. രോഹിണിയിലെ അതിക്രമ സംഭവത്തിനു പിന്നാലെയായിരുന്നു കേജ്‌രിവാളിന്റെ പ്രതികരണം. ‘പ്രായപൂർത്തിയാകാത്ത ഒരു കുട്ടി അതിക്രൂരമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. ഏറെ സങ്കടകരമായ കാര്യമാണിത്. ക്രിമിനലുകൾക്കു പേടിയില്ലാതായിരിക്കുന്നു. പൊലീസിനെയും അവർക്കു ഭയമില്ല’ കേജ്‌രിവാൾ പറഞ്ഞു.
കേസ് അതിവേഗ കോടതിക്കു കൈമാറണമെന്നും എത്രയും വേഗം കുറ്റവാളിക്ക് ഉചിതമായ ശിക്ഷ നൽകണമെന്നും ബിജെപി ഡൽഹി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പ്രതികരിച്ചു. ഇതൊരു ലവ് ജിഹാദ് സംഭവമാണെന്നും എന്നാൽ സംഭവത്തെ ക്രമസമാധാന പ്രശ്നമാക്കി കാട്ടാനാണു കേജ്‌രിവാൾ ശ്രമിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരമൊരു സംഭവം ആദ്യമായി കാണുകയാണെന്നും ഡൽഹിയിലെ ക്രമസമാധാന പാലത്തെക്കുറിച്ച് ആർക്കും പേടിയില്ലെന്നും ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു.