ഡിയു: ഇസിഎ, സ്പോർട്സ് ക്വോട്ട സീറ്റുകളിലെ ബിരുദ പ്രവേശനം; ഇനി ഇരുവിഭാഗങ്ങൾക്കും 2.5% സീറ്റുകൾ ഉറപ്പ്

Mail This Article
ന്യൂഡൽഹി ∙ ബിരുദ പ്രവേശനത്തിലെ എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റി (ഇസിഎ), സ്പോർട്സ് ക്വോട്ട മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ഡൽഹി യൂണിവേഴ്സിറ്റി തീരുമാനിച്ചു. ഈ വർഷം മുതൽ, അനുവദിച്ച ആകെ സീറ്റുകൾക്ക് പുറമേയാണ് ഇരുവിഭാഗങ്ങൾക്കായും 2.5% സീറ്റുകൾ അനുവദിക്കുക. കോളജിലെ ആകെ സീറ്റിന്റെ എണ്ണം അനുസരിച്ചാണ് ഇതുവരെ ഇസിഎ, സ്പോർട്സ് ക്വോട്ട സീറ്റുകൾ അനുവദിച്ചിരുന്നതെങ്കിൽ ഒരു പ്രോഗ്രാമിന്റെ സീറ്റിന്റെ എണ്ണം അനുസരിച്ചാകും വരുന്ന അധ്യയന വർഷം മുതൽ ഇത് അനുവദിക്കുക.
പ്രവേശനത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണു പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതെന്ന് അധികൃതർ പറഞ്ഞു.അതേസമയം, സീറ്റ് കുറയാൻ ഇതു കാരണമാകുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.കഴിഞ്ഞയാഴ്ച ചേർന്ന ഡിയു അക്കാദമിക് കൗൺസിൽ ഇതിന് അനുമതി നൽകി. അടുത്തയാഴ്ച ചേരുന്ന എക്സിക്യൂട്ടീവ് കൗൺസിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ഇസിഎ, സ്പോർട്സ് വിഭാഗങ്ങളിൽ വിദ്യാർഥികൾക്ക് സീറ്റ് അനുവദിക്കാൻ കോളജുകൾക്ക് അനുവാദമുണ്ടായിരുന്നു. കോളജിലെ ആകെ സീറ്റിന്റെ 5% വരെ ഈ വിഭാഗത്തിൽ പ്രവേശനം നടത്താമെന്നായിരുന്നു നിർദേശം. ഓരോ വിഭാഗത്തിലും ഒരു ശതമാനമെങ്കിലും പ്രവേശനം നൽകേണ്ടിയിരുന്നു.
‘ഇരുവിഭാഗത്തിലുമുള്ള ആകെ പ്രവേശനം 5% തന്നെയായിരിക്കും. ഇതിൽ 2.5% സ്പോർട്സിനും ബാക്കിയുള്ളതു ഇസിഎക്കും അനുവദിക്കാനാണു തീരുമാനം. ഇതുവരെ കോളജുകളാണ് ഇക്കാര്യം തീരുമാനിച്ചിരുന്നത്. അതിനാൽ, 1–4% സീറ്റ് ചിലപ്പോൾ ഒരു വിഭാഗത്തിനു മാത്രമായി ലഭിച്ചിരുന്നു’ – ഡിയു ഡീൻ ഓഫ് അഡ്മിഷൻസ് ഹനീത് ഗാന്ധി പറഞ്ഞു.
ഇതിനിടെ ഡിയു പ്രവേശനത്തിനു വേണ്ടിയുള്ള റജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണു വിവരം. സിയുഇടി–യുജി പരീക്ഷ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. രണ്ടാഴ്ചയ്ക്കുള്ളിൽ ഫലമെത്തുമെത്തിയേക്കും. ഈ സാഹചര്യത്തിലാണു നടപടികൾ ഉടൻ ആരംഭിക്കാനുള്ള തീരുമാനം.