ADVERTISEMENT

സിവിൽ സർവീസ് സ്വപ്നം കാണുന്നവരാണോ നിങ്ങൾ? സൗജന്യമായി പരീക്ഷയ്ക്കു പരിശീലനം നേടാൻ ആഗ്രഹമുണ്ടോ. ജാമിയ മിലിയ സർവകലാശാലയുടെ റസിഡൻഷ്യൽ കോച്ചിങ് അക്കാദമി(ആർസിഎ) ഇതിനുള്ള അവസരമാണ് നൽകുന്നത്. 2010–11ൽ ആരംഭിച്ച ശേഷം ഇതുവരെ 270ലേറെ സിവിൽ സർവീസ് വിജയികളെയും 700ലേറെ കേന്ദ്ര–സംസ്ഥാന സർവീസ് വിജയികളെയും വാർത്തെടുത്ത സ്ഥാപനത്തിൽ പരിശീലനം തീർത്തും സൗജന്യമാണ്. ഹോസ്റ്റൽ മിതമായ നിരക്കിൽ ലഭിക്കും. 

പ്രവേശനപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കാണ് അവസരം. ജാമിയയിലെ ലൈബ്രറി സൗകര്യം ഉൾപ്പെടെ പ്രയോജനപ്പെടുത്താൻ വിദ്യാർഥികൾക്കു സാധിക്കും. പ്രവേശനം നേടുന്നവരെല്ലാം ഹോസ്റ്റലിൽ താമസിക്കണമെന്നു നിർബന്ധമാണ്. പ്രതിമാസം 1,000 രൂപ ഹോസ്റ്റൽ മെയ്ന്റനൻസ് ഫീസ് നൽകണം. 6 മാസത്തെ ഫീസ് മുൻകൂറായി നൽകണം. പ്രിലിമിനറി പരീക്ഷയ്ക്കുള്ള മാതൃകാ പരീക്ഷകൾ അടുത്ത വർഷം ജനുവരി മുതൽ ഏപ്രിൽ വരെയും മെയിൻ പരീക്ഷയുടേതു ജൂൺ മുതൽ സെപ്റ്റംബർ വരെയുമുണ്ട്. അഭിമുഖത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇതിനുള്ള പരിശീലനവും നൽകും. 

യുപിഎസ്‌സി മാതൃകയിൽ നടക്കുന്ന പ്രവേശനപരീക്ഷയിലൂടെയാണു തിരഞ്ഞെടുപ്പ്. രാവിലെ ജനറൽ സ്റ്റഡീസിലുള്ള ആദ്യ പേപ്പറും തുടർന്ന് എസ്സേ പേപ്പറും. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ആദ്യ പേപ്പറിൽ ഏറ്റവും മുന്നിലെത്തുന്ന 800 പേർക്ക് മാത്രമേ രണ്ടാം പേപ്പർ പരിശോധിക്കൂ. അവസാനഘട്ടത്തിൽ അഭിമുഖവുമുണ്ട്. 2022ലെ പരീക്ഷയിൽ ആർസിഎയിലെ 23 പേർക്കാണു സിവിൽ സർവീസ് ലഭിച്ചത്. 35–ാം റാങ്ക് നേടിയ അജ്മേര സങ്കേത് കുമാർ ഉൾപ്പെടെയുള്ളവർ ഇതിലുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 23 പേരിൽ 12 പേർ വനിതകളാണ്. 2021ൽ ഒന്നാം റാങ്ക് നേടിയ ശ്രുതി ശർമ ആർസിഎയിലാണു പരിശീലനം തേടിയത്. 

ഓർക്കാം, ഈ തീയതികൾ 

∙ അപേക്ഷ സമർപ്പിക്കാൻ ജൂൺ 5 വരെ സമയം.

∙ പ്രവേശനപരീക്ഷ ജൂൺ 18ന്. ഒന്നാം പേപ്പർ രാവിലെ 10–12 വരെ. രണ്ടാം പേപ്പർ ഉച്ചയ്ക്കു 12 മുതൽ 1 വരെ.

∙ അഭിമുഖം: ജൂലൈ 22 മുതൽ 12 ഓഗസ്റ്റ് വരെ.

∙ ഫലം പ്രസിദ്ധീകരിക്കുന്നത്: ഓഗസ്റ്റ് 10ന്

∙ ക്ലാസുകൾ ആരംഭിക്കുന്നത്: ഓഗസ്റ്റ് 31ന്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com