ഡിയു ബിരുദ പ്രവേശനം: പ്രത്യേക പോർട്ടൽ ഉടൻ സജ്ജമാക്കും ഇക്കുറി നടപടികൾ ഈസി
Mail This Article
ന്യൂഡൽഹി ∙ സംശയങ്ങൾ പരിഹരിക്കാൻ ചാറ്റ്ബോട്ടുകൾ, അഡ്മിഷൻ നടപടികൾക്കു വേണ്ടി മാത്രമുള്ള പ്രത്യേക പ്രത്യേക ഹെൽപ്‌ലൈൻ...ഇക്കുറി ബിരുദ പ്രവേശന നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ ഡൽഹി സർവകലാശാല നടപടിയാരംഭിച്ചു. സിയുഇടി–യുജി അടിസ്ഥാനത്തിലുള്ള പ്രവേശനം വേഗം പൂർത്തിയാക്കാമെന്നും അക്കാദമിക് കലണ്ടർ സാധാരണ നിലയിലേക്കാക്കാൻ സാധിക്കുമെന്നുമാണു അധികൃതരുടെ പ്രതീക്ഷ.
പ്രവേശന നടപടികൾക്കുള്ള പ്രത്യേക പോർട്ടൽ ജൂൺ പകുതിയോടെ സജ്ജമാകുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം പ്രവേശന നടപടികൾ ഡിസംബർ 31 വരെ നീണ്ടിരുന്നു. സിയുഇടി–യുജി പരീക്ഷ വൈകിയതാണു നടപടികൾ വൈകാൻ കാരണമായത്. മുൻപു 12–ാം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തിയിരുന്ന ഡിയു ആദ്യമായാണു കഴിഞ്ഞ വർഷം സിയുഇടി നടപ്പാക്കിയത്.
ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കാൻ വൈകിയതോടെ അക്കാദമിക് കലണ്ടർ താളംതെറ്റിയ നിലയിലാണ്. എന്നാൽ സിയുഇടി–യുജി നേരത്തേ നടന്ന സാഹചര്യത്തിൽ ഇക്കുറി നടപടികൾ വൈകില്ലെന്നും അക്കാദമിക് കലണ്ടർ സാധാരണ നിലയിലെത്തിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
‘എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ഇക്കുറി പ്രവേശന നടപടികൾ കൂടുതൽ എളുപ്പമായിരിക്കും. സിയുഇടി കൃത്യസമയത്തു നടന്നുവെന്നതാണ് ഇതിന് ഒരു കാരണം’ ഡിയു അഡ്മിഷൻ വിഭാഗം ഡീൻ ഹനീത് ഗാന്ധി പറഞ്ഞു. മേയ് 21നാണ് സിയുഇടി–യുജി ആരംഭിച്ചത്. അടുത്ത മാസം 5ന് പരീക്ഷ പൂർത്തിയാകും.
വിദ്യാർഥികളുടെ സൗകര്യത്തിനു വേണ്ടി ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള വിഡിയോ ട്യൂട്ടോറിയൽസ് സജ്ജീകരിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും വേണ്ടി വെബിനാറുകൾ നടത്തുമെന്നും അധികൃതർ പറഞ്ഞു. ഡിയുവിന്റെ കോളജുകൾക്കു കീഴിലെ 70,000 സീറ്റുകളിലെ 65,000 സീറ്റുകളിൽ മാത്രമാണ് കഴിഞ്ഞ തവണ വിദ്യാർഥികൾ പ്രവേശനം നേടിയത്. ഇക്കുറി മുഴുവൻ സീറ്റിലും പ്രവേശനം നേടുമെന്നും അധികൃതർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.