ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കു പൊലീസ് കസ്റ്റഡിയിൽ ഭാര്യയെ കാണാൻ ഹൈക്കോടതി അനുമതി നൽകി. ഇന്നു വൈകിട്ട് അദ്ദേഹത്തെ വീട്ടിൽ കൊണ്ടുപോകാനും രാവിലെ 10 മുതൽ 5 വരെ ഭാര്യയ്ക്കൊപ്പം ചിലവഴിക്കാൻ അനുവദിക്കാനും ജസ്റ്റിസ് ദിനേശ് കുമാർ ശർമ തിഹാർ ജയിൽ അധികൃതരോടു നിർദേശിച്ചു.
അതേസമയം കുടുംബാംഗങ്ങൾ ഒഴികെ ആരോടും സംസാരിക്കാൻ പാടില്ലെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു കോടതിയുടെ പ്രത്യേക ഇളവ്. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. സിസോദിയയുടെ ഭാര്യയുടെ മെഡിക്കൽ രേഖകൾ പരിശോധിക്കാനും ഇതു സംബന്ധിച്ച റിപ്പോർട്ട് ഇന്നു വൈകുന്നേരത്തിനു മുൻപു സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.