ന്യൂഡൽഹി ∙ ഡൽഹി മന്ത്രിസഭയിൽ വീണ്ടും ചെറിയ മാറ്റം. മന്ത്രി അതിഷി മെർലേനയ്ക്കു പബ്ലിക് റിലേഷൻസ് വിഭാഗത്തിന്റെ ചുമതല കൂടി നൽകി. നേരത്തെ കൈലാഷ് ഗെലോട്ടാണു വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. 6 അംഗ മന്ത്രിസഭയിൽ മറ്റു മാറ്റങ്ങളൊന്നുമില്ല. ഇതോടെ മന്ത്രിസഭയിൽ ഏറ്റവുമധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്നയാളായി അതിഷി. വനിതാ–ശിശുക്ഷേമം, പൊതുമരാമത്ത്, വൈദ്യുതി, വിദ്യാഭ്യാസം, ടൂറിസം, ആർട്ട്–കൾച്ചർ, ഉന്നത വിദ്യാഭ്യാസം, ട്രെയ്നിങ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ എന്നിവയും അതിഷിയുടെ കീഴിലാണ്.
സൗരഭ് ഭരദ്വാജിനു ജലം, വിജിലൻസ്, സേവനം, ആരോഗ്യം ഉൾപ്പെടെ 7 വകുപ്പുകളുണ്ട്. രാജ് കുമാർ ആനന്ദിനു സാമൂഹിക ക്ഷേമം, സഹകരണം, തൊഴിൽ എന്നിവയുൾപ്പെടെ 7 വകുപ്പുകൾ. ധനം, ഗതാഗതം, റവന്യു തുടങ്ങി 8 വകുപ്പുകൾ കൈലാഷ് ഗെലോട്ടിനു കീഴിലാണ്. ഭക്ഷ്യപൊതുവിതരണം, തിരഞ്ഞെടുപ്പ് എന്നീ വകുപ്പുകളാണു ഇമ്രാൻ ഹുസൈനു കീഴിൽ. പരിസ്ഥിതി, പൊതുഭരണ വകുപ്പുകൾ ഗോപാൽ റായിക്കു കീഴിലാണ്.