ന്യൂഡൽഹി ∙ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഭാര്യയുടെ ആരോഗ്യനില സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി എൽഎൻജെപി ആശുപത്രി അധികൃതർക്കു നിർദേശം നൽകി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മനീഷ് സിസോദിയ നൽകിയ ഇടക്കാല ജാമ്യാപേക്ഷയിലാണു ജസ്റ്റിസ് ദിനേഷ് കുമാർ ശർമയുടെ നിർദേശം.
ഇന്നലെ ഭാര്യയെ വീട്ടിലെത്തി കാണാൻ സിസോദിയയ്ക്കു കോടതി അനുമതി നൽകിയിരുന്നു. ഇതനുസരിച്ചു വീട്ടിലെത്തിയെങ്കിലും അസുഖം മൂർച്ഛിച്ചതിനെത്തുടർന്നു ഭാര്യയെ ആശുപത്രിയിലേക്കു മാറ്റിയ വിവരമാണു സിസോദിയ അറിഞ്ഞത്. അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മോഹിത് മാതൂർ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചു. തുടർന്നാണു കോടതി ആശുപത്രി അധികൃതരുടെ റിപ്പോർട്ട് തേടിയത്. ഭാര്യയെ പരിചരിക്കാൻ സിസോദിയ മാത്രമേയുള്ളവെന്നും അതിനാൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. ആശുപത്രി അധികൃതരോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി ഹർജി വിധി പറയാൻ മാറ്റി.