ന്യൂഡൽഹി ∙ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലരിൽ നിന്നു പണം തട്ടിയ യുവാവ് അറസ്റ്റിൽ. ഷഹീൻ ബാഗ് സ്വദേശി മുഹമ്മദ് അമൻ (22) ആണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിൽ പരിചയപ്പെട്ട യുവതി തന്നെ ഭീഷണിപ്പെടുത്തുന്നുതായി ഒരു യുവാവ് നൽകിയ പരാതിയിലാണു നടപടി. യുവതിയുടെ പേരിൽ അമൻ ആണ് തട്ടിപ്പു നടത്തിയതെന്നു വ്യക്തമാവുകയായിരുന്നു.
സമൂഹമാധ്യമത്തിൽ പരിചയപ്പെട്ടയാൾക്കു നഗ്നചിത്രങ്ങൾ അയച്ചു നൽകിയിരുന്നു. ഇതു പരസ്യപ്പെടുത്തുമെന്നും പണം നൽകണമെന്നുമായിരുന്നു ഭീഷണി. പല തവണയായി 21,600 രൂപ ഇയാൾ കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണു പരാതി നൽകിയത്. അന്വേഷണത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് അമൻ എന്നയാളുടെ പേരിലാണു റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു കണ്ടെത്തി. തുടർന്നാണ് ഷഹീൻ ബാഗിൽ നിന്ന് ഇയാൾ പിടിയിലായത്. പലരെയും ഇത്തരത്തിൽ പറ്റിച്ചു പണം തട്ടിയിരുന്നുവെന്നാണു വിവരം.