ന്യൂഡൽഹി ∙ ചൂടേറിയ ഫെബ്രുവരി, മൂടൽമഞ്ഞ് നിറഞ്ഞ മേയ് മാസം...നഗരത്തിനു പതിവില്ലാത്തതാണ് ഇതെല്ലാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളാണു ഡൽഹിയിലെ അന്തരീക്ഷത്തിലുമുണ്ടാകുന്നതെന്നു വിദഗ്ധർ പറയുന്നു. ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സാധാരണ ഏറ്റവും ചൂടേറിയ സമയങ്ങളിലൊന്നാണു മേയ്. എന്നാൽ ആ പതിവ് ഇക്കുറി തെറ്റിച്ചു. അത്യപൂർവ കാലാവസ്ഥാ കാഴ്ചകൾക്കു നഗരം സാക്ഷ്യം വഹിച്ചു. ശൈത്യകാലത്തു മാത്രം പതിവായ മൂടൽമഞ്ഞാണു മേയ് 4നു രൂപപ്പെട്ടത്. കുറഞ്ഞ താപനില 15.8 ഡിഗ്രി വരെ താണു. 41 വർഷത്തിലെ ഏറ്റവും തണുപ്പേറിയ മേയ് മാസമായിരുന്നു അന്നു രേഖപ്പെടുത്തിയത്.
1969 മേയ് രണ്ടിനു രേഖപ്പെടുത്തിയ 15.1 ഡിഗ്രിയായിരുന്നു ഇതിനു മുൻപ് മേയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില. ഇക്കുറി 111 മില്ലീമീറ്റർ മഴയാണു മേയിൽ രേഖപ്പെടുത്തിയത്. സാധാരണ മേയിൽ ലഭിക്കുന്നതു 30.7 മില്ലീമീറ്ററാണെങ്കിൽ അതിനേക്കാൾ 262% കൂടുതൽ. ഇക്കുറി മേയിൽ 11 മഴദിവസങ്ങളാണുണ്ടായത്. സാധാരണ 2.7 മഴ ദിവസങ്ങളാണു മേയിൽ ഉണ്ടാകാറുള്ളത്.
‘സാധാരണ ശൈത്യകാലത്താണു ദേശീയതലസ്ഥാന മേഖലയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ സാധാരണയായി കാണുന്നത്. എന്നാൽ ഇക്കുറി അതുണ്ടായില്ല. കാലാവസ്ഥാ സാഹചര്യങ്ങൾ മാറിയതാകാം ഇതിനെല്ലാം കാരണം’ മീററ്റിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചർ ആൻഡ് ടെക്നോളജിയിലെ(എസ്‌വിപിയുഎടി) അസോഷ്യേറ്റ് പ്രഫസർ ഡോ.ഉദയ് പ്രതാപ് സാഹ്നി പറഞ്ഞു. പശ്ചിമ മേഖലയിൽ നിന്നുള്ള ന്യൂനമർദങ്ങൾ വർധിച്ചുവെന്നും ഇതെല്ലാം മേയ് മാസത്തിലെ മഴയ്ക്കു കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു.
കാലാവസ്ഥയിലെ ഈ മാറ്റം ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മാത്രമല്ലെന്നും രാജ്യത്തുടനീളം ഇതു കാണാമെന്നും അദ്ദേഹം പറഞ്ഞു. 1901നു ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയായിരുന്നു ഇത്തവണത്തേത്. 29.54 ഡിഗ്രി വരെ ഉയർന്ന താപനിലയെത്തി. കാലാവസ്ഥയിലുള്ള ഈ മാറ്റം വിളകളെ ബാധിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ഗോതമ്പിന്റെ വിളവ് ഇക്കുറി മോശമായിരുന്നു. തണുപ്പുകാലത്ത് സജീവമായ റാബി, ഉരുളക്കിഴങ്ങ്, കടുക് എന്നിവയുടെ കൃഷിയെയും ബാധിച്ചു. മാമ്പഴം സജീവമായി വിപണിയിലെത്താൻ വൈകിയതും കാലാവസ്ഥയിലുള്ള ഈ മാറ്റം കാരണമാണ്.