ഷിബു വഴിതെളിച്ചത് വാഹനങ്ങൾക്ക് മാത്രമല്ല, തെരുവിലെ മക്കൾക്കും
Mail This Article
പൊലീസ് എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്നത് കാക്കി തൊപ്പിയും യൂണിഫോമുമാണ്. അധികാരത്തിന്റെ നിറമാണെങ്കിലും കാക്കിക്കുള്ളിലെ കനിവിന്റെ മാതൃകകൾ നമുക്കു മുന്നിൽ ഒട്ടേറെയുണ്ട്. സർവീസ് കാലഘട്ടത്തിൽ മുഴുവൻ സബ് ഇൻസ്പെക്ടർ എം.കെ.ഷിബു ധരിച്ചത് വെള്ള യൂണിഫോമാണ്. ഡൽഹി ട്രാഫിക് പൊലീസിലെ സേവനത്തിന്റെ നീണ്ട കാലയളവിൽ നന്മയുടെ വെണ്മയാണ് എറണാകുളം പിറവം സ്വദേശിയെ വേറിട്ടു നിർത്തുന്നത്.ട്രാഫിക് സിഗ്‌നലിൽ ചുവപ്പു തെളിയുമ്പോൾ വാഹനങ്ങളുടെ ചില്ലുജാലകങ്ങളിൽ തൊട്ട് ഭിക്ഷ യാചിക്കുന്ന തെരുവുകുട്ടികൾ ഡൽഹിയിലെയും പതിവു കാഴ്ചയാണ്. സഹതാപം തോന്നി ചിലർ കുട്ടികൾക്കു ചില്ലറ തുട്ടുകൾ നൽകും. മറ്റു ചിലർ കടന്നുപോകും.
എന്നാൽ, സബ് ഇൻസ്പെക്ടർ എം.കെ.ഷിബു തിരഞ്ഞെടുത്ത മാർഗം വ്യത്യസ്തമാണ്. രോഹിണിയിലെ ട്രാഫിക് സിഗ്‌നലുകളിലെ ജോലിത്തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ തെരുവുകുട്ടികളെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് വിളിച്ചുകൂട്ടും. അവർക്ക് പാഠപുസ്തകങ്ങളും പെൻസിലും നൽകും. കണക്കിന്റെ പാഠങ്ങൾ പകർന്നു നൽകും. എഴുതാനും വായിക്കാനും പഠിപ്പിക്കും. സമീപത്തെ സർക്കാർ സ്കൂളുകളിൽ ഇത്തരം കുട്ടികൾക്ക് പ്രവേശനം നേടിയെടുക്കാനും പരിശ്രമിച്ചു. ഏകദേശം മൂന്നു വർഷത്തോളമാണു രോഹിണിയിലെ തെരുവുകുട്ടികളുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിച്ചത്.അൻപതോളം തെരുവുകുട്ടികൾക്കാണ് ഇത്തരത്തിൽ സ്കൂളുകളിൽ പ്രവേശനം ലഭിച്ചത്. സർക്കാർ സ്കൂളുകളിൽ പഠനം സൗജന്യമായതിനാൽ വലിയൊരു വിഭാഗം പഠനം തുടരുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. പ്രത്യേക കാഷ് അവാർഡ് നൽകിയാണ് ഡൽഹി സർക്കാർ ഈ മലയാളി ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങളെ ആദരിച്ചത്.
തലയോലപ്പറമ്പ് ഡിബി കോളജിൽ നിന്നു ബിരുദം പാസായ ശേഷം 1987ലാണ് എം.കെ.ഷിബു ഡൽഹി പൊലീസിൽ കോൺസ്റ്റബിളായി ജോലിക്കു ചേരുന്നത്. പൊലീസ് ട്രെയ്നിമാർക്ക് താമസിക്കാൻ അന്നു ബാരക്കും ടെന്റുകളുമാണ് നൽകുന്നത്. വൈദ്യുതിയും ഫാനുമില്ലാത്ത ബാരക്കുകളിലും ടെന്റുകളിലും ജീവിതം ദുരിതപൂർണമായിരുന്നു. മൂന്നും നാലും പേരാണ് ബാരക്കിലും ടെന്റിലും ഒരുമിച്ചു കഴിഞ്ഞിരുന്നത്. ചൂടുകാലത്ത് കട്ടിൽ പുറത്തിട്ട് കൊതുകുവല വിരിച്ചാണ് ഉറക്കം. അന്നത്തെ ബാച്ചിൽ 650 മലയാളികൾക്കാണ് ഡൽഹി പൊലീസിൽ ജോലി ലഭിച്ചത്. കേരളത്തിൽ പരീക്ഷ നടത്തി നിയമനം നടത്തുന്ന രീതി ഡൽഹി പൊലീസ് 1995ൽ നിർത്തലാക്കി.
വിവാഹ ശേഷം ഫാമിലി ക്വാർട്ടേഴ്സ് ലഭിച്ചതോടെയാണ് ഡൽഹി ജീവിതം മെച്ചപ്പെട്ടതെന്ന് എം.കെ.ഷിബു പറയുന്നു. കിങ്സ് വേ ക്യാംപ് ന്യൂ പൊലീസ് ലെയ്നിൽ ടൈപ്പ്-3, എ-5 ഫ്ലാറ്റിലാണു താമസം. ഭാര്യ റാണി സ്വകാര്യ ആശുപത്രിയിൽ ഉദ്യോഗസ്ഥയാണ്. മകൾ ഡോ.ഫിഫി മംഗലശേരിൽ മുംബൈയിൽ ഡോക്ടറാണ്. മകൻ ഫ്ലെമിങ് മംഗലശേരിൽ യുകെയിൽ എൻജിനീയറും.
ഡൽഹിയിലെ വിവിധ സംഘടനകളുമായി ചേർന്നുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഷിബുവിന്റെ പങ്കാളിത്തമുണ്ട്. എറണാകുളം കൂട്ടായ്മ, ഡൽഹി പൊലീസിലെ മലയാളികളുടെ കൂട്ടായ്മയായ കൈരളി വെൽഫെയർ അസോസിയേഷൻ എന്നിവയിലെല്ലാം സജീവ സാന്നിധ്യമാണ്.ഏകദേശം 36 വർഷം പിന്നിട്ട ഡൽഹിയിലെ പൊലീസ് ജീവിതത്തിൽ ട്രാഫിക് പൊലീസിലാണ് പ്രവർത്തിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കുള്ള ട്രാഫിക് സംവിധാനങ്ങൾ സംബന്ധിച്ച് പരിശീലനം നൽകുകയാണ് ഇപ്പോഴത്തെ ചുമതല.
ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനുള്ള നടപടികൾക്കും മുൻകയ്യെടുത്തിട്ടുണ്ട്. രോഹിണിയിലെ ഗതാഗതക്കുരുക്കഴിക്കാൻ ഷിബുവിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ യൂ ടേൺ സംവിധാനം പിന്നീടു മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു.വിരമിക്കാൻ രണ്ടു വർഷം കൂടിയുണ്ട്. പിന്നീട് കേരളത്തിൽ സ്ഥിര താമസമാക്കാനാണു തീരുമാനം. ഡൽഹിയിലെ പൊലീസ് സേനയിൽ നിന്നു വിരമിച്ചവർ ചേർന്ന് കേരളത്തിൽ ഡൽഹി പൊലീസ് റിട്ടയേർഡ് വെൽഫെയർ സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. സുദീർഘമായ ഡൽഹി ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്കു മടങ്ങുമ്പോൾ വെൽഫെയർ സൊസൈറ്റിയിലൂടെ സന്നദ്ധ പ്രവർത്തനങ്ങൾ തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഷിബു പറയുന്നു.