ADVERTISEMENT

ഏതാനും ദിവസം മുൻപു സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ഡൽഹി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥികൾക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടം അക്കൂട്ടത്തിലുണ്ടായിരുന്നു. 714–ാം റാങ്ക് നേടിയ പി.അജിത്. ഡിയുവിലെ ഹിന്ദു കോളജിൽ നിന്നു 2021ൽ പഠനം പൂർത്തിയാക്കിയ അജിത്ത് ആദ്യ ശ്രമത്തിൽ തന്നെ, 22–ാം വയസിലാണു വിജയം സ്വന്തമാക്കിയത്. സിവിൽ സർവീസ് സ്വപ്നവുമായി ഡൽഹിയിലെത്തിയ, ആ സ്വപ്നം നേടിയെടുത്ത മലപ്പുറം മഞ്ചേരി സ്വദേശിയായ അജിത്ത് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ചേങ്ങര കോതമംഗലത്തു ബാലകൃഷ്ണന്റെയും ഗീതയുടെയും മകനായ അജിത്ത് ഡൽഹിയെക്കുറിച്ച് ആദ്യം സ്വപ്നം കാണുന്നതു 2016ലാണ്. അക്കുറി സിവിൽ സർവീസിൽ ഒന്നാം റാങ്ക് നേടിയ ടിന ദാബി പ്രശസ്തമായ ലേഡി ശ്രീറാം കോളജിലെ വിദ്യാർഥിയായിരുന്നു. സിവിൽ സർവീസ് ഒരു മോഹമായിട്ട് സ്കൂൾകാലം മുതലെ കൂടെയുണ്ടയുണ്ട്. മ​ഞ്ചേരി എച്ച്എംവൈഎച്ച്എസ്എസിൽ നിന്നു ഹ്യുമാനിറ്റീസിൽ പ്ലസ്ടു പൂർത്തിയാക്കിയതു പൊളിറ്റിക്കൽ സയൻസിൽ ഉപരിപഠനം ലക്ഷ്യമിട്ടാണ്.

പ്ലസ്ടു സമയത്തെ പല കരിയർ ഗൈഡൻസ് ക്ലാസുകളും സിവിൽ സർവീസിനെക്കുറിച്ചും ഡൽഹിയെക്കുറിച്ചും പറഞ്ഞു തന്നു. അങ്ങനെയാണ് ഉപരിപഠനം ഡൽഹിയിലാക്കണമെന്ന് ഉറപ്പിച്ചത്. 2018ൽ പൊളിറ്റിക്കൽ സയൻസിനു ഹിന്ദു കോളജിൽ അപേക്ഷിച്ചു. ആദ്യ കട്ട് ഓഫിൽ തന്നെ ഉൾപ്പെട്ടു കോളജിൽ പ്രവേശനം നേടി. 

ഡിയുവിന്റെ കോളജുകൾ നൽകുന്ന ഇക്കോ സിസ്റ്റമാണ് ഇവിടത്തെ ഏറ്റവും വലിയ ആകർഷണം. അവസരങ്ങൾ ഏറെയുണ്ട്. വലിയ വ്യക്തികൾ പങ്കെടുക്കുന്ന ചർച്ചകളും സെമിനാറുകളും പതിവാണ്. പഠനനിലവാരം തന്നെ ഏറ്റവും ഉയർന്നത്. ആഴത്തിലുള്ള സിലബസ്. കോളജുകളിൽ സജീവമായ ഒട്ടേറെ പരിപാടികളുണ്ട്. സിവിൽ സർവീസ് തന്നെ ലക്ഷ്യമിട്ട് ഇവിടെ പഠിക്കാനെത്തുന്ന രാജ്യത്തിന്റെ പല ഭാഗത്തു നിന്നുള്ളവർ ഒപ്പമുണ്ടാകും. ഇവർ നൽകുന്ന പ്രചോദനവും ഏറെ വലുതാണ്. 

ആദ്യ രണ്ടു വർഷം കോളജിലെ പഠനവുമായി ഏറെ തിരക്കിലായിരുന്നു. അവസാന വർഷത്തിന്റെ സമയത്താണു കോവിഡ് എത്തിയത്. ആ സമയത്തു നാട്ടിലേക്കു മടങ്ങേണ്ടി വന്നു. വീട്ടിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന ഘട്ടത്തിലാണു സിവിൽ സർവീസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതെന്നു പറയാം. പത്രം സജീവമായി വായിച്ചായിരുന്നു തുടക്കം. ബിരുദ പഠനം പൂർത്തിയായ ശേഷണാണു തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ പരിശീലനത്തിനു ചേർന്നത്. 

സിവിൽ സർവീസ് മെയിനിൽ പബ്ലിക് അഡ്മിനിസ്ട്രേഷനാണ് ഓപ്ഷനൽ വിഷയമായി എടുത്തത്. ബിരുദത്തിൽ പൊളിറ്റിക്കൽ സയൻസിന്റെ സബ് ആയി പഠിച്ച ഒരു വിഷയമാണിത്. അതുകൊണ്ട് പഠനം പ്രയാസമുള്ളതായില്ല. ഡിയു പരീക്ഷകൾ വിശദമായി ഉത്തരം നൽകേണ്ടതാണ്. 3 മണിക്കൂർ പരീക്ഷയിൽ ഒരു ചോദ്യത്തിനു ഒട്ടേറെ പേജുകളിൽ ഉത്തരമെഴുതി പൂർത്തിയാക്കണം. സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്ക് ഇതെല്ലാം സഹായിച്ചിട്ടുണ്ട്. 

അടുത്ത വർഷത്തെ പരീക്ഷയും എഴുതണമെന്നുണ്ട്. സർവീസ് അലോക്കേഷൻ വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബിരുദത്തിനു പഠിക്കുന്നതിന്റെ ഒപ്പം സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പും നടത്തുക. ബിരുദ സിലബസിന്റെയും മറ്റും ഒരു തുടർച്ചയായി കണ്ടാൽ പഠനം എളുപ്പമാകും. സിവിൽ സർവീസിന്റെ അവസാന കടമ്പയായ അഭിമുഖത്തിലും ഡിയു ചോദ്യമുണ്ടായി. ‘മലപ്പുറത്തെ ഒരു ഗ്രാമത്തിൽ നിന്നു ഡിയുവിൽ എത്തിപ്പെട്ടതെങ്ങനെയെന്നായിരുന്നു ചോദിച്ചത്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com