ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി ക്യാംപസ്; രാഷ്ട്രീയ പോർവിളിയായി ഉദ്ഘാടനച്ചടങ്ങ്

HIGHLIGHTS
  • ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ‘മോദി, മോദി’ വിളികളുമായി ബിജെപി പ്രവർത്തകർ
campus
SHARE

ന്യൂഡൽഹി ∙ ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റിയുടെ (ജിജിഎസ്ഐപിയു) പുതിയ ക്യാംപസിന്റെ ഉദ്ഘാടനം രാഷ്ട്രീയ തർക്കത്തിലേക്ക്. ക്യാംപസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നിർവഹിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ പറഞ്ഞത്. എന്നാൽ കോളജ് അധികൃതർ ലഫ്.ഗവർണർ ഉദ്ഘാടനം നടത്തുമെന്നു വ്യക്തമാക്കി നോട്ടിസ് ഇറക്കി. ഒടുവിൽ മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തിയ ചടങ്ങിൽ ‘മോദി, മോദി’ മുദ്രാവാക്യങ്ങൾ മുഴങ്ങിയതു കേജ്‌രിവാളിനെ ഏറെ അസ്വസ്ഥനാക്കുകയും ചെയ്തു.

ക്യാംപസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നു വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി അതിഷി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിൽ ലഫ്.ഗവർണറുടെ ഓഫിസ് കടുത്ത ഞെട്ടൽ പ്രകടിപ്പിച്ചിരുന്നു. ‘ വി.കെ.സക്സേനയാണു ക്യാംപസ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മുഖ്യമന്ത്രിക്കും ഇക്കാര്യം അറിയാമായിരുന്നു’ – ലഫ്.ഗവർണറുടെ ഓഫിസ് അറിയിച്ചു. എന്നാൽ വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടെക്നിക്കൽ വിദ്യാഭ്യാസം എന്നിവയെല്ലാം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു അതിഷിയുടെ പ്രതികരണം.

ഇന്നലെ രാവിലെ ഉദ്ഘാടന ചടങ്ങിനെത്തിയ കേജ്‌രിവാൾ പ്രസംഗിക്കാൻ ആരംഭിച്ചഘട്ടത്തിലാണ് മോദി മോദി വിളികളുമായി ബിജെപി പ്രവർത്തകർ തടസ്സമുണ്ടാക്കിയത്. അതിനു മുൻപു പ്രസംഗിച്ച അതിഷിക്കും ബിജെപി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ തടസ്സമായി. ഇതോടെ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മഹേഷ് വർമയ്ക്ക് ഇടപെടേണ്ടി വന്നു. പ്രസംഗം തടസ്സപ്പെടുത്തിയാൽ യോഗം അവസാനിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ വിദ്യാഭ്യാസരംഗം തകർത്തതു ബ്രിട്ടിഷുകാരാണ്. സർക്കാർ ജീവനക്കാരെ മാത്രം സൃഷ്ടിക്കുന്ന സംവിധാനമായി വിദ്യാഭ്യാസത്തെ മാറ്റിയത് അവരാണ്. എന്നാലിപ്പോൾ വിദ്യാർഥികൾ ജോലിദാതാക്കളായി മാറി. രാജ്യത്തെ ഏറ്റവും മികച്ച ക്യാംപസാണു ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റിക്കു വേണ്ടി തയാറാക്കിയിരിക്കുന്നത്’ – മുഖ്യമന്ത്രി പറഞ്ഞു. 2,500 വിദ്യാർഥികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന ക്യാംപസിൽ ഹോസ്റ്റൽ, പേയിങ് ഗെസ്റ്റ് സംവിധാനം എന്നിവയെല്ലാമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS