ന്യൂഡൽഹി ∙ ഡൽഹി–മുംബൈ അതിവേഗ ദേശീയപാതയുടെ നിർമാണം അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാകും. രാജ്യത്തെ രണ്ടു പ്രധാന മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 1,386 കിലോമീറ്റർ ദൈർഘ്യമുള്ള പാത 1 ലക്ഷം കോടി രൂപ മുതൽമുടക്കിലാണു നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗപാതയായി ഇതുമാറും. ലോകത്ത് ഏറ്റവും വേഗത്തിൽ നിർമാണം പൂർത്തിയായ പാതയും ഇതാകുമെന്നാണ് സർക്കാരിന്റെ അവകാശവാദം.ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണു പാത കടന്നുപോകുന്നത്. പാത പൂർത്തിയാകുന്നതോടെ ഡൽഹി–മുംബൈ റോഡ് യാത്രയ്ക്ക് 12 മണിക്കൂർ മതിയാകും. നിലവിൽ 24 മണിക്കൂറാണു യാത്രാസമയം.നിലവിൽ റോഡ് മാർഗമുള്ള യാത്രയ്ക്ക് 1,424 കിലോമീറ്റർ യാത്ര ചെയ്യണമെങ്കിൽ പുതിയ അതിവേഗപാതയിൽ 38 കിലോമീറ്റർ കുറവാണെന്ന നേട്ടവുമുണ്ട്.
8 വരിയുള്ള ആക്സസ് കൺട്രോൾഡ് ഗ്രീൻഫീൽഡ് പാത 12 വരിയാക്കി വികസിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. 21 മീറ്റർ മീഡിയനും ഇതിനൊപ്പം നിർമിക്കുന്നുണ്ട്. 13 തുറമുഖങ്ങൾ, 8 പ്രധാന വിമാനത്താവളങ്ങൾ, 9 മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് എന്നിവയെയെല്ലാം പാത ബന്ധിപ്പിക്കും. ഡൽഹി രാജ്യാന്തര വിമാനത്താവളം, നോയിഡയിൽ പൂർത്തിയാകുന്ന ജേവാർ വിമാനത്താവളം, നവിമുംബൈ വിമാനത്താവളം, ജെഎൻപിടി പോർട്ട് എന്നിവയ്ക്കെല്ലാം പാത നേട്ടമാകും.ഈ വർഷം ഫെബ്രുവരിയിൽ പാതയുടെ ആദ്യ ഭാഗം തുറന്നുനൽകിയിരുന്നു. ഹരിയാനയിലെ സോഹ്ന മുതൽ രാജസ്ഥാനിലെ ദൗസ വരെയുള്ള 246 കിലോമീറ്റർ ഭാഗമാണു യാത്രയ്ക്കായി തുറന്നുനൽകിയത്.