വായു കൊള്ളാമോ? വാൻ പറയും
Mail This Article
ന്യൂഡൽഹി∙ വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സ്കൂളുകളിൽ വായു നിലവാരം അളക്കുന്നതിനുള്ള പ്രത്യേക വാഹനങ്ങൾ വിന്യസിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. വായു മലിനീകരണത്തിന്റെ തോത് അളക്കാനുള്ള നിരീക്ഷണ വാനുകളാണ് സ്കൂളുകളിൽ വിന്യസിക്കുക. സംസ്ഥാന വായു മലിനീകരണ നിയന്ത്രണ സമിതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകൾ ഉൾപ്പെടുന്ന പ്രദേശത്തെ വായു നിലവാരം സംബന്ധിച്ച് വിവര ശേഖരണത്തിനാണ് ഇത്തരം വാഹനങ്ങൾ പ്രയോജനപ്പെടുത്തുക.
നിലവാരം മോശമാവുന്ന സമയങ്ങളിൽ ക്ലാസ് മുറികൾക്കു പുറത്തുള്ള സ്ഥലങ്ങളിൽ കായിക വിനോദങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സ്കൂൾ അധികൃതർക്കു സാധിക്കും. ഇതിനുള്ള വിവര ശേഖരണത്തിനാണ് ഇത്തരം വാഹനങ്ങൾ പ്രയോജനപ്പെടുത്തുകയെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. തണുപ്പുകാലത്തെ വായു മലിനീകരണം തടയുന്നതിനുള്ള കർമ പദ്ധതി ഒക്ടോബർ ഒന്നിനു മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി വിവിധ വകുപ്പുകളിൽ നിന്നും പരിസ്ഥിതി വിദഗ്ധരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വായു മലിനീകരണം തടയുന്നതിന് വിവിധ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചാണ് വിദഗ്ധരിൽ നിന്നു റിപ്പോർട്ട് തേടിയിരിക്കുന്നത്.