കാറുകൾ ഉരസി; മലയാളി പൊലീസ് ഉദ്യോഗസ്ഥനെ യുവാക്കൾ മർദിച്ചു

Mail This Article
ന്യൂഡൽഹി∙ കാറുകൾ തമ്മിൽ ചെറുതായി ഉരസിയതിനെ ചൊല്ലി യുവാക്കൾ ചേർന്ന് മലയാളി പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദിച്ചു. കേശവപുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ എം.ജി. രാജേഷ് (50) ആണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ഒരു സ്ത്രീയും ഇവരുടെ മക്കളായ രണ്ടു യുവാക്കളും അറസ്റ്റിലായതായി ഡിസിപി (വെസ്റ്റ്) വിചിത്ര വീർ അറിയിച്ചു.ജോലി കഴിഞ്ഞ് രാത്രി 11 ന് തിലക് നഗറിലേക്കുള്ള വീട്ടിലേക്കു പോകുമ്പോഴാണ് രാജേഷ് ആക്രമണത്തിന് ഇരയായത്. രഘുബീർ നഗർ ഗോഡാവാല മന്ദിറിനു സമീപമാണ് ആക്രമണം നടന്നത്. രാജേഷിന്റെ കാറിനെ മറികടന്നെത്തിയ കാർ മുന്നിൽ പെട്ടെന്ന് ബ്രേക്ക് ചെയ്തു. ഇതോടെ രാജേഷിന്റെ കാർ യുവാക്കൾ സഞ്ചരിച്ച കാറിന്റെ പിന്നിൽ ചെറുതായി ഉരസി.
ഇതോടെയാണ് യുവാക്കൾ ക്രൂരമായ മർദിച്ചത്. യുവാക്കളോടൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയും രാജേഷിനെ ആക്രമിക്കാൻ ശ്രമിച്ചു. കാറിന്റെ നാലുഭാഗത്തെ ചില്ലും അടിച്ചുതകർത്തു. വാതിലിന്റെ ചില്ലു താഴ്ത്തിയ ശേഷം കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ രാജേഷിനെ ഇഷ്ടികയും ഇരുമ്പുവടിയും ഉപയോഗിച്ച് തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റ് കാറിൽ തന്നെ ബോധം കെട്ടുവീണ രാജേഷിനെ അക്രമികൾ സ്ഥലത്തു നിന്നു പോയ ശേഷമാണ് സ്ഥലത്തുണ്ടായിരുന്ന ഒരാൾ ആശുപത്രിയിൽ എത്തിച്ചത്. യുവാക്കൾ സഞ്ചരിച്ച കാറിൽ മറ്റു രണ്ടു സ്ത്രീകൾ കൂടി ഉണ്ടായിരുന്നതായി സംശയമുണ്ടെന്ന് രജേഷിന്റെ സഹപ്രവർത്തകർ പറഞ്ഞു. പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രാജേഷ്.