നാനോ മെഡിസിനൊപ്പം നാട്യലാസ്യ മികവും

Mail This Article
നൃത്തച്ചുവടുകളുമായി പുതിയ വേദികൾ കീഴടക്കുകയാണു രേവതി ആർ.നായർ. ഡൽഹിയിലെ വിവിധ സ്റ്റേജുകൾ മുതൽ ചെന്നൈയിലെ പ്രശസ്തമായ മാർഗഴി ഫെസ്റ്റിവലിൽ വരെ രേവതിയുടെ മികവ് എത്തിക്കഴിഞ്ഞു. പഠിച്ചതു പുതിയ തലമുറയ്ക്കു പകർന്നു നൽകുന്നതിലും ആനന്ദം കണ്ടെത്തുന്നു ഷാലിമാർ ഗാർഡനിൽ താമസിക്കുന്ന ഈ മിടുക്കി. മൂന്നാം വയസ്സിലാണു രേവതി നൃത്തം പഠിച്ചുതുടങ്ങിയത്. മധുകുമാറിന്റെ ശിക്ഷണത്തിൽ ഭരതനാട്യത്തിൽ തുടക്കം. രണ്ടാം ക്ലാസിലെത്തിയപ്പോൾ മോഹിനിയാട്ടവും ഒപ്പംകൂടി. രണ്ടു നൃത്തരൂപങ്ങളും കലാമണ്ഡലം സ്വപ്ന നായരുടെ കീഴിൽ അഭ്യസിച്ചു.
2014 മുതൽ മോഹിനിയാട്ടത്തിലും കഥകളിയിലും ശ്രദ്ധ. മോഹിനിയാട്ടം ദീപ്തി ഓംചേരി ഭല്ലയുടെ കീഴിലാണു പഠിക്കുന്നത്. കഥകളിയിൽ തിരുവട്ടാർ ജഗദീശനാണു ഗുരു.പുതുതലമുറയ്ക്കു ഭരതനാട്യവും കഥക്കും ഉൾപ്പെടുന്ന അൽപം വേഗമേറിയ നൃത്തരൂപങ്ങളോടാണു പ്രിയമെന്നും മോഹിനിയാട്ടമെന്ന ലാസ്യം നിറഞ്ഞ, വേഗം കുറഞ്ഞ നൃത്തരൂപത്തെ ഇഷ്ടപ്പെടുന്നവർ കുറവാണെന്നും രേവതിയുടെ വാക്കുകൾ. തിരുപ്പതി, ഭോപാൽ, ഗുവാഹത്തി തുടങ്ങി രാജ്യത്തിന്റെ പല വേദികളിൽ രേവതി ഉൾപ്പെടുന്ന സംഘം നൃത്തരൂപങ്ങൾ അവതരിപ്പിച്ചു.
കൊറിയോഗ്രഫർ, അധ്യാപിക എന്നീ നിലകളിലും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട് രേവതി. ഓണം, ക്ഷേത്ര ഉത്സവം തുടങ്ങിയ വിശേഷഘട്ടങ്ങളിൽ കുട്ടികൾക്കു വേണ്ടി നൃത്തരൂപങ്ങൾ ചിട്ടപ്പെടുത്തി നൽകുന്നു. ഇതിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണു ഇപ്പോൾ കുട്ടികൾക്കു വേണ്ടി ഡാൻസ് ക്ലാസ് ആരംഭിച്ചത്. ഇവിടെയും മോഹിനിയാട്ടത്തിലാണ് ശ്രദ്ധ. മോഹിനിയാട്ടത്തോടുള്ള താൽപര്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും രേവതി പറയുന്നു.
കഥകളിയിൽ സ്ത്രീ വേഷങ്ങളിൽ മികവു കാട്ടാൻ സാധിക്കുന്നതും മോഹിനിയാട്ടത്തിലെ അഭിരുചി കാരണമാണെന്നും വിശദീകരിക്കുന്നു. പത്തനംതിട്ട അയിരൂർ സ്വദേശിയായ എം.ആർ.രജികുമാറും പുഷ്പയുമാണു മാതാപിതാക്കൾ. നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി നാനോ മെഡിസിൻ അവസാന വർഷ വിദ്യാർഥിയായ രേവതി പഠനത്തിനൊപ്പം നൃത്തവും മുന്നോട്ടുകൊണ്ടുപോകുമെന്നു വ്യക്തമാക്കുന്നു.