ADVERTISEMENT

ന്യൂഡൽഹി ∙ മൂന്നു വർഷങ്ങൾക്കു േശഷം നടന്ന ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ആവേശത്തോടെ വോട്ട് ചെയ്തു. ഇന്നു വോട്ടെണ്ണും. ലോക്സഭ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രതിഫലനം ഉണ്ടാക്കുന്നതാണ് ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പു ഫലം. രാവിലെ 8.30 മുതൽ 1 വരെ പകൽ ബാച്ചിനും ഉച്ചയ്ക്ക് ശേഷം 3 മുതൽ വൈകിട്ട് 7.30 വരെ സായാഹ്ന ബാച്ചിലെ വിദ്യാർഥികൾക്കുമായിരുന്നു വോട്ടിങ് അവസരം. 1,170000 വിദ്യാർഥികൾക്കാണ് വോട്ട് ചെയ്യാൻ അർഹത.

വിവിധ ക്യാംപസുകളിൽ സജ്ജീകരിച്ച 52 വോട്ടിങ് സെന്ററുകളിലായി 600 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുണ്ടായിരുന്നു. ഡൽഹി പൊലീസിന്റെയും സർവകലാശാല ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് വോട്ടെടുപ്പു നടന്നതെന്നു ഡിയു വിദ്യാർഥി യൂണിയൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ചന്ദേർ ശേഖർ പറഞ്ഞു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 24 സ്ഥാനാർഥികളാണു മത്സരിച്ചത്. 10 വർഷത്തിനിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് 7 തവണയും വിജയിച്ചത് എബിവിപി സ്ഥാനാർഥികളായിരുന്നു.

‌ഈ വർഷം എൻഎസ്‌യുഐയും എസ്എഫ്ഐയും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും എബിവിപിക്ക് കടുത്ത വെല്ലുവിളി ഉയർത്തി. 2019 തിരഞ്ഞെടുപ്പിൽ നാലിൽ മൂന്നു സ്ഥാനങ്ങളിലേക്കും എബിവിപി സ്ഥാനാർഥികളാണു ജയിച്ചത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എൻഎസ്‌യുഐ സ്ഥാനാർഥിയും വിജയിച്ചു. സർവകലാശാല യൂണിയനു പുറമേ വിവിധ കോളജുകളിലെ തിരഞ്ഞെടുപ്പും ഇന്നലെ നടന്നു. കോളജ് യൂണിയനുകളിലേക്കു മലയാളി വിദ്യാർഥികൾ മത്സരിച്ചിരുന്നെങ്കിലും വിജയികളുടെ പട്ടികയിൽ ഇടംപിടിക്കാനായില്ല.

കർശന സുരക്ഷ

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡൽഹി പൊലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സർവകലാശാല ഭാഗത്തേക്കു പ്രവേശിക്കുന്നതിന് വാണിജ്യ വാഹനങ്ങൾക്കു വിലക്കേർപ്പെടുത്തി. ഛാത്ര മാർഗിൽ എല്ലാ വാഹനങ്ങൾക്കും പ്രവേശനം നിരോധിച്ചു. നോർത്ത് ക്യാംപസിൽ മാത്രം 500 സുരക്ഷ ഉദ്യോഗസ്ഥരെയാണു വിന്യസിച്ചത്.

വിവിധ കോളജുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ 10 സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ ചുമതലപ്പെടുത്തി. പൊലീസ് പട്രോളിങ് ബൈക്കുകളും റോന്തു ചുറ്റി. വിവിധ ക്യാംപസുകളിൽ ഡ്രോണുകൾ ഉപയോഗിച്ചും പൊലീസ് നിരീക്ഷണം നടത്തി.

കാത്തിരുന്ന തിരഞ്ഞെടുപ്പ്

കോവിഡ് വ്യാപനം രൂക്ഷമായതോടെ 2020ലും 2021ലും തിരഞ്ഞെടുപ്പു നടന്നില്ല. ലോക്ഡൗണിന് ശേഷം അധ്യയന വർഷത്തിലെ ക്രമക്കേടുകൾ കാരണം 2022ലും തിരഞ്ഞെടുപ്പു നടന്നില്ല. അതിനാൽ, ഇക്കുറി കൂടുതൽ ആവേശത്തോടെയാണ് വിദ്യാർഥികൾ തിരഞ്ഞെടുപ്പ് ദിനത്തെ വരവേറ്റത്. സർവകലാശാല ക്യാംപസിലെ രത്തൻ ടാറ്റ ലൈബ്രറിയും ജെപി ടീ സ്റ്റാളുമായിരുന്നു തിരഞ്ഞെടുപ്പു ചർച്ചകൾ ചൂടുപിടിച്ച ഇടങ്ങൾ.

പരിസരത്തെ റിക്ഷയും ഓട്ടോറിക്ഷയും ഓടിക്കുന്നവരും ഇന്നലെ ഇവിടെ കൂടി നിന്നു തിരഞ്ഞെടുപ്പ് ചർച്ചകളിൽ പങ്കെടുത്തു. ക്യാംപസിനോട് ചേർന്നുള്ള ടീ സ്റ്റാളുകൾ അലങ്കരിച്ചിട്ടണ്ടായിരുന്നു. ക്യാംപസുകളിലെ റോഡുകളെല്ലാം തന്നെ പോസ്റ്ററുകളും ലഘുലേഖകളും കൊണ്ടു മൂടിയിരുന്നു.

പ്രത്യേക പരിശീലനം

തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹി സർവകലാശാല അധികൃതരും സ്ഥാനാർഥികളും ഡൽഹി പൊലീസും പ്രത്യേകം യോഗം ചേർന്നു. തിരഞ്ഞെടുപ്പു നടപടികൾക്കായി അധ്യാപകർക്കും സർവകലാശാല ഉദ്യോഗസ്ഥർക്കും ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് പ്രത്യേക പരിശീലനം നൽകി. ഓരോ കോളജിൽ നിന്നും 6 പേർക്കു വീതമാണു പരിശീലനം നൽകിയത്.

പൊലീസ് നിരീക്ഷണത്തിലാണ് കോളജുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സ്ഥാപിച്ചത്. വോട്ടെടുപ്പിന് ശേഷം വിദ്യാർഥി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് ഓഫിസർമാരുടെയും സാന്നിധ്യത്തിൽ വോട്ടിങ് മെഷീനുകൾ സീൽ ചെയ്ത് സർവകലാശാല സ്റ്റേഡിയത്തിലെ മൾട്ടി പർപ്പസ് ഹാളിലേക്കു മാറ്റി. സർവകലാശാല കോൺഫറൻസ് സെന്ററിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. 

വ്യാജനും വിലസി

തിരഞ്ഞെടുപ്പിനിടെ ലക്ഷ്മിഭായ് കോളജിൽ വ്യാജ വോട്ട് രേഖപ്പെടുത്തി എന്നാരോപിച്ച് എൻഎസ്‌യുഐ രംഗത്തെത്തി. ക്രമക്കേടിന് കോളജ് അധികൃതരും കൂട്ടുനിന്നുവെന്ന് വിദ്യാർഥി നേതാക്കൾ ആരോപിച്ചു. ഡൽഹി സർവകലാശാല എബിവിപിയുടെ കയ്യിലെ കളിപ്പാവയായി മാറി എന്നായിരുന്നു എൻഎസ്‌യുഐ ഡൽഹി അധ്യക്ഷൻ നതീഷ് ഗൗർ പറഞ്ഞത്.

എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു സർവകലാശാല അധികൃതർ പ്രതികരിച്ചു. എബിവിപിയും ആരോപണങ്ങൾ തള്ളി. വിദ്യാർഥികൾ സ്വന്തം ഇഷ്ടം അനുസരിച്ചാണ് വോട്ട് ചെയ്തതെന്ന് എബിവിപി നേതാവ് അപരാജിത പറഞ്ഞു.

എക്സിലും ആഹ്വാനം

വോട്ടെടുപ്പു ദിവസമായ ഇന്നലെ രാവിലെ എസ്എഫ്ഐയുടെ എക്സ് ഹാൻഡിലിൽ (ട്വിറ്റർ) ഇങ്ങനെ കുറിച്ചു: ‘ഹാപ്പി പോളിങ് ഡേ ഡിയു. ശീലങ്ങൾ മാറ്റിയെഴുതൂ. അഴിമതിയുടെയും അക്രമത്തിന്റെയും രാഷ്ട്രീയത്തെ തിരസ്കരിക്കൂ. മെട്രോ പാസുകൾക്കും ചെലവ് കുറഞ്ഞ കാന്റീനിനും ഹോസ്റ്റലുകൾക്കും വേണ്ടി വോട്ടു ചെയ്യൂ. സാധാരണ ജനതയുടെ വിദ്യാർഥി യൂണിയനെ തിരഞ്ഞെടുക്കൂ.”

എൻഎസ്‌യുഐക്ക് വോട്ട് ചെയ്യണമെന്ന് കോൺഗ്രസും ഔദ്യോഗിക ഹാൻഡിലിൽ ആഹ്വാനം ചെയ്തു. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ശബ്ദം എന്നായിരുന്നു എക്സിൽ എബിവിപി ഡൽഹി ഘടകത്തിന്റെ ആഹ്വാനം. ഫീസ് വർധനയ്ക്കെതിരെയും മികച്ച ഹോസ്റ്റലുകൾക്ക് വേണ്ടിയും വോട്ട് ചെയ്യൂ എന്നായിരുന്നു ഐസയുടെ ആഹ്വാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT