ഡിയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്: നേട്ടം ആവർത്തിച്ച് എബിവിപിയും എൻഎസ‍്‍യുഐയും

Mail This Article
ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം സമാധാനപരം. തിരഞ്ഞെടുപ്പിൽ കേന്ദ്ര സമിതിയിലെ 4 സീറ്റുകളിൽ മൂന്നും സ്വന്തമാക്കിയ എബിവിപി കഴിഞ്ഞ തവണത്തെ നേട്ടം തന്നെ ഇക്കുറിയും നേടി. ഇതിനു മുൻപു നടന്ന തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിച്ച എൻഎസ‍്‍യുഐ ഇത്തവണയും ഒരു സീറ്റിൽ വിജയിച്ചു. 2019ലാണ് അവസാനമായി ഡൽഹി സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. പിന്നീട് കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ തിരഞ്ഞെടുപ്പ് നടന്നില്ല. 2019ൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിൽ എബിവിപി വിജയിച്ചപ്പോൾ സെക്രട്ടറി സ്ഥാനം എൻഎസ‍്‍യുഐ ആണ് നേടിയത്.
എന്നാൽ ഇക്കുറി പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ എബിവിപി നേടിയപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനമാണ് എൻഎസ‍്‍യുഐ കരസ്ഥമാക്കിയത്. ഇത്തവണ നടന്ന തിരഞ്ഞെടുപ്പിൽ എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർഥി തുഷാർ ദേധ എൻഎസ‍്‍യുഐ സ്ഥാനാർഥി ഹിതേഷ് ഗൂലിയയെ 3,115 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. തുഷാർ ദേധ 23,460 വോട്ടുകളും ഹിതേഷ് ഗൂലിയ 20,345 വോട്ടുകളുമാണ് നേടിയത്. സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ അപരാജിത, എൻഎസ‍്‍യുഐ സ്ഥാനാർഥി യക‍്‍ഷാന ശർമയെ 12,937 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ സച്ചിൻ ബൈസ‍്‍ല എൻഎസ‍്‍യുഐയുടെ ശുഭംകുമാർ ചൗധരിയെ 9,995 വോട്ടുകൾക്കാണ് തോൽപിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിച്ച എൻഎസ്‌യുഐയുടെ അഭി ദഹിയ എബിവിപി സ്ഥാനാർഥി സുശാന്ത് ധൻകറെ 1,829 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. ആകെ 24 സ്ഥാനാർഥികളാണ് 4 സ്ഥാനങ്ങളിലേക്ക് ഇത്തവണ മത്സരിച്ചത്. ഐസ, എസ്എഫ്ഐ സ്ഥാനാർഥികളും രംഗത്തുണ്ടായിരുന്നെങ്കിലും എബിവിപിയും എൻഎസ‍്‍യുഐയും തമ്മിലാണ് പ്രധാന മത്സരം നടന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഏകദേശം ഒരു ലക്ഷം വോട്ടർമാരിൽ 42% പേരാണ് ഇക്കുറി വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 39.90 ശതമാനമായിരുന്നു വോട്ടിങ് നില.