സ്കൂൾ വിദ്യാർഥിക്ക് കൂട്ടമർദനം; 4 അധ്യാപകർക്കെതിരെ കേസ്

Mail This Article
ന്യൂഡൽഹി ∙ ക്ലാസ് നടക്കുന്നതിനിടെ പുറത്തേക്കു നോക്കിയതിനു 10–ാം ക്ലാസ് വിദ്യാർഥിയെ മർദിച്ച 4 അധ്യാപകർക്കെതിരെ കേസെടുത്തു. വടക്കുകിഴക്കൻ ഡൽഹിയിലെ യമുന വിഹാറിലാണ് സംഭവം. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണു കേസെടുത്തത്. അധ്യാപകനായ ശുഭം റാവത്താണ് ക്ലാസിൽ വച്ച് ആദ്യം മർദിച്ചത്. തുടർന്നു ക്ലാസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. കുട്ടി കരഞ്ഞുകൊണ്ട് അധ്യാപകനോട് മാപ്പു പറയുകയും ചെയ്തിരുന്നു.
എന്നാൽ, പിന്നീട് ക്ലാസിലെത്തിയ ശുഭം വിദ്യാർഥിയെ മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും അവിടെയുണ്ടായിരുന്ന അനുപം, എസ്.എസ്.പാണ്ഡേ, നിഷാന്ത് എന്നീ അധ്യാപകർക്കൊപ്പം കുട്ടിയെ മർദിക്കുകയും ചെയ്തു. ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയെങ്കിലും വീട്ടിലെത്തിയ കുട്ടിയുടെ പരുക്കുകൾ കണ്ട മാതാപിതാക്കൾ അധ്യാപർക്കും പ്രിൻസിപ്പലിനുമെതിരെ പൊലീസിലും പരാതി നൽകുകയായിരുന്നു.