കുട്ടിക്കടത്ത് കൂടിയത് 68%; ഇരട്ടിയിലധികം കൂടിയത് കോവിഡ് ലോക്ഡൗണിന് ശേഷം
Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിലെ കുട്ടിക്കടത്ത് കേസുകളിൽ വൻ വർധനയുള്ളതായി പഠനറിപ്പോർട്ട്. ഗെയിംസ് 24X7, കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ എന്നിവ തയാറാക്കിയ റിപ്പോർട്ടിലാണ് ഡൽഹിയിലെ കുട്ടിക്കടത്തു കേസുകൾ കോവിഡിന് ശേഷം 68% വർധിച്ചതായി പറയുന്നത്. ലോക്ഡൗണിന് ശേഷമാണ് ഡൽഹിയിലും ഉത്തർപ്രദേശിലും കുട്ടിക്കടത്ത് കേസുകൾ ഇരട്ടിയിലേറെയായി കൂടിയത്. കടത്തുന്ന കുട്ടികളെ ഹോട്ടലുകളിലും ധാബകളിലുമായി ബാലവേലയ്ക്കു നിർത്തിയിരിക്കുകയാണ്. രാജ്യത്ത്, ഇത്തരം കേസുകളിൽ നിന്ന് രക്ഷിക്കപ്പെടുന്ന കുട്ടികളിൽ നാലിലൊന്നും ഡൽഹിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2016നും 2002നും ഇടയിൽ 18 വയസ്സിൽ താഴെയുള്ള 13,549 കുട്ടികളെയാണ് കടത്തുസംഘത്തിന്റെ പക്കൽ നിന്നു രക്ഷപ്പെടുത്തിയത്. ബച്പൻ ബച്ചാവോ ആന്ദോളനും ഡൽഹി പൊലീസും ചേർന്നു നടത്തിയ റെയ്ഡിൽ വിവിധ സ്ഥലങ്ങളിൽ ബാലവേല ചെയ്യിപ്പിച്ചിരുന്ന 13നും 17നും ഇടയിൽ പ്രായമുള്ള 16 കുട്ടികളെ മോചിപ്പിച്ചിരുന്നു. ബിഹാർ, നേപ്പാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളായിരുന്നു ഇവർ.
ഡൽഹിയിലെ ഗിറ്റോർണിയിൽ നിന്നു മോചിപ്പിച്ച ആൺകുട്ടിയെ ഒരു വർഷം മുൻപ് യുപിയിൽ നിന്നു കടത്തിക്കൊണ്ടു വന്ന് ഹോട്ടലിൽ ജോലിക്കു നിർത്തിയിരിക്കുകയായിരുന്നു.കുട്ടിക്കടത്ത് കേസുകളിൽ ഡൽഹി ഹോട്ട്സ്പോട്ടായി മാറിയെന്ന റിപ്പോർട്ടിനു പിന്നാലെ കഴിഞ്ഞ മെയിൽ ഡൽഹി പൊലീസ് പ്രത്യേക പ്രചാരണവും ബോധവൽക്കരണവും ആരംഭിച്ചിരുന്നു.