അമ്മയുടെ ചികിത്സ: ആശിഷ് മിശ്രയ്ക്ക് ഡൽഹിയിൽ വരാം
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയുമായ ആശിഷ് മിശ്രയ്ക്ക് അമ്മയുടെയും മകളുടെയും ചികിത്സാർഥം ഡൽഹിയിൽ വരാൻ സുപ്രീം കോടതി അനുമതി നൽകി. ഡൽഹിയിലും യുപിയിലും പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കഴിഞ്ഞ ജനുവരിയിൽ ആശിഷ് മിശ്രയ്ക്കുഇടക്കാല ജാമ്യം അനുവദിച്ചത്.
ആശിഷിന്റെ അമ്മ ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ്. മകൾ കാലിനു ചികിത്സ തേടുന്നുണ്ട്. ഇവരെ പരിചരിക്കുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവു തേടിയാണു സുപ്രീം കോടതിയെ സമീപിച്ചത്. ഇതനുവദിച്ചെങ്കിലും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും മാധ്യമങ്ങളോടു സംസാരിക്കരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലഖിംപുർ ഖേരിയിലെ അക്രമ സംഭവങ്ങളിൽ 4 കർഷകരുൾപ്പെടെ 8 പേരാണ് മരിച്ചത്. അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടുള്ള കത്തിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.