പെർമിറ്റ് പുതുക്കാനാകാതെ ഹോട്ടലുകളും ക്ലബ്ബുകളും; വലച്ച് വെരിഫിക്കേഷൻ

Mail This Article
ന്യൂഡൽഹി ∙ മദ്യവിൽപനയ്ക്കുള്ള പെർമിറ്റ് പുതുക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷൻ തടസ്സപ്പെട്ടതോടെ ഹോട്ടൽ, ക്ലബ്, റസ്റ്ററന്റ് (എച്ച്സിആർ) വിഭാഗം ആശങ്കയിൽ. സ്ഥാപനങ്ങൾ നേരിട്ടു നൽകുന്ന അപേക്ഷകൾ പൊലീസ് സ്വീകരിക്കുന്നില്ലെന്ന് നാഷനൽ റസ്റ്ററന്റ് അസോസിയേഷൻ ട്രഷറർ മൻപ്രീത് സിങ് പറഞ്ഞു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിലൂടെ അപേക്ഷിച്ചാൽ മാത്രമേ വെരിഫിക്കേഷൻ നടത്താൻ കഴിയുകയുള്ളൂവെന്നും കുറഞ്ഞ സമയത്ത് ഇത്രയേറെ അപേക്ഷകരെ പരിഗണിക്കുന്നത് ബുദ്ധിമുട്ടാണെന്നുമാണ് ഡൽഹി പൊലീസിന്റെ നിലപാട്.
ഡൽഹി സർക്കാരിന്റെ നിലവിലുള്ള മദ്യനയത്തിന്റെ കാലാവധി 30ന് അവസാനിക്കുകയാണ്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനു പകരം നിലവിലുള്ള മദ്യനയത്തിന്റെ കാലാവധി നീട്ടാനാണ് സാധ്യതയെന്നാണു സൂചന. ഇതുസംബന്ധിച്ചുള്ള അവ്യക്തതകൾക്കിടയിലും മദ്യവിൽപനയ്ക്കുള്ള പെർമിറ്റ് പുതുക്കുന്നതിന് എച്ച്സിആർ വിഭാഗത്തിൽ നിന്ന് എക്സൈസ് വകുപ്പ് അപേക്ഷകൾ ക്ഷണിച്ചിരുന്നു. മദ്യലൈസൻസ് ലഭിക്കുന്നയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കാനാണ് എക്സൈസ് വകുപ്പ് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയത്. എന്നാൽ എച്ച്സിആർ വിഭാഗത്തിന്റെ പൊലീസ് വെരിഫിക്കേഷൻ തടസ്സപ്പെട്ടതിനാൽ ഇക്കാര്യം വകുപ്പുതലത്തിൽ തന്നെ പരിഹരിക്കാമെന്ന് എക്സൈസ് അധികൃതർ നൽകിയിട്ടുള്ള ഉറപ്പിലാണ് അസോസിയേഷന്റെ പ്രതീക്ഷ.
നഗരത്തിൽ ഏകദേശം 970 എച്ച്സിആർ വിഭാഗം എക്സൈസ് പെർമിറ്റുകളാണ് നിലവിലുള്ളത്. പ്രധാന അപേക്ഷകനെ കൂടാതെ മുഴുവൻ ഡയറക്ടർമാരുടെയും പാർട്ണർമാരുടെയും വെരിഫിക്കേഷൻ നടത്തണമെന്നാണ് എക്സൈസ് വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ മദ്യനയത്തിന്റെ കാലാവധി അവസാനിക്കുന്ന 30നുള്ളിൽ ഇത്രയേറെ ആളുകളുടെ വെരിഫിക്കേഷൻ നടത്തുന്നത് അസാധ്യമാണെന്നാണ് പൊലീസിന്റെ വിശദീകരണം. ഇക്കാര്യത്തിൽ എക്സൈസ് വകുപ്പ് തന്നെ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഹോട്ടൽ, ക്ലബ്, റസ്റ്ററന്റ് നടത്തിപ്പുകാർ.