ജ്വല്ലറി സ്ട്രോങ് റൂം തുരന്ന് 20 കോടിയുടെ കവർച്ച; 2 ഛത്തീസ്ഗഡ് സ്വദേശികൾ പിടിയിൽ

Mail This Article
ന്യൂഡൽഹി∙ ജ്വല്ലറിയിൽ നിന്ന് 20 കോടി രൂപയുടെ സ്വർണ– വജ്രാഭരണങ്ങൾ കവർന്ന കേസിൽ രണ്ടുപേരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റു ചെയ്തു. സൗത്ത് ഡൽഹി ജംങ്പുരയിലെ ഉമ്രാവ് സിങ് ജ്വല്ലറിയിൽ നിന്നാണ് കഴിഞ്ഞ 24നു രാത്രി സ്ട്രോങ് റൂമിന്റെ ഭിത്തി തുരന്ന് ആഭരണങ്ങൾ കവർന്നത്. ഏകദേശം 20 കോടി രൂപയുടെ ആഭരണങ്ങളും 5 ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു.
ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ നടന്ന കവർച്ചകളുടെ അന്വേഷണത്തിനിടയിലാണ് ഡൽഹി കവർച്ചയിൽ പങ്കെടുത്ത ലോകേഷ് ശ്രീവാസ്, ശിവ ചന്ദ്രവംശി എന്നിവർ പിടിയിലായതെന്ന് ബിലാസ്പുർ സിറ്റി പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു. ഛത്തീസ്ഗഡ് സ്വദേശികളായ ഇവരിൽ നിന്ന് 18.5 കിലോ സ്വർണ– വജ്രാഭരണങ്ങൾ വീണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
പൊലീസ് ആദ്യം നടത്തിയ റെയ്ഡിൽ ശിവ ചന്ദ്രവംശിയെ ആണ് 23 ലക്ഷം രൂപയുമായി കസ്റ്റഡിയിലെടുത്തത്. പിന്നീടു നടത്തിയ റെയ്ഡിലാണ് സ്മൃതിനഗറിൽ നിന്ന് ലോകേഷ് ശ്രീവാസ് പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് 18.5 കിലോ സ്വർണ– വജ്രാഭരണങ്ങളും 12.5 ലക്ഷം രൂപയും കണ്ടെടുത്തത്. ജ്വല്ലറിക്കു സമീപമുള്ള ദൃശ്യങ്ങൾ പരിശോധിച്ചാണ് കവർച്ച സംഘത്തെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ലോകേഷ് ശ്രീവാസ് തിങ്കളാഴ്ച രാത്രി കശ്മീരി ഗേറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് യാത്രതിരിച്ചതായി മനസ്സിലാക്കിയ ഡൽഹി പൊലീസ് സംഘവും ഛത്തീസ്ഗഡിൽ എത്തിയിരുന്നു. തുടർന്ന് ഡൽഹി– ഛത്തീസ്ഗഡ് പൊലീസ് സംഘങ്ങൾ യോജിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ബിലാസ്പുർ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കവർച്ച സംഘത്തിൽ ഒരാൾ കൂടിയുണ്ടെന്നും ഇയാളെ പിടികൂടാനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.