ADVERTISEMENT

ന്യൂഡൽഹി∙ ദ്വാരകയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു.      എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് പി.പി. സുജാതന്റെ മൃതദേഹം വെള്ളിയാഴ്ചയാണ് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. സുജാതന്റെ മൃതദേഹം ഇന്നലെ ദ്വാരക സെക്ടർ 15ലെ വീട്ടിൽ പൊതുദർശനത്തിനു വച്ചു. അന്ത്യകർമങ്ങൾക്ക് ശേഷം ദ്വാരക 24ലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അമ്മ കമലാക്ഷി അമ്മയും മുതിർന്ന സഹോദരി ശാന്തമ്മയും  എത്തിയിരുന്നു. 

  വീടിനു സമീപമുള്ള പാർക്കിലെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.  ശരീരത്തിൽ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണു മരത്തിൽ കെട്ടി തൂക്കിയിരുന്നത്. ബിസിനസ് ആവശ്യത്തിനായി ജയ്പുരിലേക്കു പോകുന്നതിനു വേണ്ടിയാണു സുജാതൻ വീട്ടിൽ നിന്നിറങ്ങിയത്. മൃതദേഹം കണ്ടെത്തിയ മരക്കൊമ്പിലും പരിസരത്തെ ചെടിപ്പടർപ്പുകളിലും രക്തക്കറയുണ്ടെന്നു പൊലീസ് എഫ്ഐആറിൽ പറയുന്നു. അജ്ഞാതരാണ് പ്രതികളെന്നാണ് എഫ്ഐആറിൽ. കൊലപാതകം എന്നു സ്ഥിരീകരിച്ചാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട്ടിൽ നിന്നു മെട്രോ സ്റ്റേഷനിലേക്ക് പോകാൻ എളുപ്പ വഴിയായ പാർക്കിന് അടുത്തേക്കു സുജാതൻ നടക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ  പൊലീസ് കണ്ടെത്തിയിരുന്നു. അതിനു ശേഷം നടന്ന കാര്യങ്ങളിൽ വ്യക്തതയില്ല. 

 അതിനിടെ സുജാതന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണം എന്നാവശ്യപ്പെട്ടു ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾ രംഗത്തെത്തി. ജനപ്രതിനിധികളും എസ്എൻഡിപി അടക്കമുള്ള സംഘടനകളും പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി.ഡൽഹിയിലെ പാർക്കുകളിൽ മൃതദേഹം കണ്ടെത്തിയ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.  3 മാസത്തിനിടെ പാർക്കുകളിൽ വ്യായാമത്തിന് എത്തിയവരെ സാമൂഹിക വിരുദ്ധർ ആക്രമിച്ച 18 സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഡൽഹി പൊലീസ് തന്നെ പറയുന്നു. 2 മാസത്തിനു മുൻപ് ജോലി കഴിഞ്ഞു മടങ്ങിയ മലയാളി മാധ്യമ പ്രവർത്തകനെ ആക്രമിച്ചു ഫോണും പണവും കവർന്നിരുന്നു.രാത്രികാലങ്ങളിൽ പാർക്കുകൾ‌ സാമൂഹിക വിരുദ്ധരുടെ സ്ഥിരം താവളങ്ങളായി മാറുകയാണെന്ന് പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT