ശാന്തിഗിരി ആശ്രമം രജതജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന്

Mail This Article
ന്യൂഡൽഹി ∙ ശാന്തിഗിരി ഡൽഹി ആശ്രമം രജതജൂബിലി സ്മാരക മന്ദിരം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് വൈകിട്ട് 5ന് നാടിന് സമർപ്പിക്കും. 12,000 ചതുരശ്രയടി വിസ്തൃതിയിലുളള മന്ദിരത്തിന്റെ താഴത്തെ നിലയിൽ പ്രാർഥനാലയവും ഒന്നാം നിലയിൽ നൈപുണ്യ വികസന പരിശീലന കേന്ദ്രവും രണ്ടാം നിലയിൽ യോഗ-വെൽനസ് ക്ലാസും മൂന്നാം നിലയിൽ സംയോജിത ആയുഷ് ചികിത്സാ കേന്ദ്രവുമുണ്ട്. രാജ്യതലസ്ഥാനത്ത് ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ 25 വർഷം പൂർത്തിയായതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ആഘോഷ പരിപാടികൾ നടക്കുന്നു.
പരിപാടികളുടെ ഭാഗമായി എല്ലാ ദിവസവും സത്സംഗവും വൈകിട്ട് 6 മുതൽ രാത്രി 8 വരെ വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. ജനങ്ങൾക്ക് ഗുണപ്രദമായ വിശ്വാസക്രമങ്ങളും ആരാധനരീതികളും പ്രവർത്തനങ്ങളുമാണ് ശാന്തിഗിരി പിന്തുടരുന്നതെന്നു സിപിഐ നേതാവും രാജ്യസഭ എംപിയുമായ ബിനോയ് വിശ്വം പറഞ്ഞു. ഡൽഹി സാകേതിലെ ശാന്തിഗിരി ആശ്രമത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സമർപ്പണാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി, മുൻ കേന്ദ്രമന്ത്രിമാരായ ഡോ. ഹർഷവർധൻ, മുക്താർ അബ്ബാസ് നഖ്‌വി, എംപിമാരായ എ.എ. റഹീം, ചിന്ത ജെറോം, അജയ് ദത്ത് എംഎൽഎ, ക്രിക്കറ്റ് താരം മുരളി കാർത്തിക്, ഗുരുദ്വാര ബംഗ്ല സാഹിബ് മുഖ്യ പുരോഹിതൻ സിങ് സാഹിബ് ഗ്യാനി രഞ്ജിത്ത് സിങ്, ഫരീദാബാദ് അമൃത ആശുപത്രി മേധാവി നിർജാമൃതാനന്ദപുരി, ജുമാമസ്ജിദ് ഇമാം മൗലാനാ മുഹീബുള്ള നദ്‌വി, ഡോ.നോബർട്ട് ഹെർമൻ, ഡോ.ജെ.എം.ദവേ, സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ, ബ്രഹ്‌മകുമാരി ആഷ, കെ.എസ്.വൈദ്യനാഥൻ, എം.ഡി.ജയപ്രകാശ്, ഇന്ദ്രജീത് സിങ് തവർ, എയർ മാർഷൽ അനിൽ ചോപ്ര, ഇന്തോ ടിബറ്റൻ പൊലീസ് ഡിഐജി ഡോ. സുധാകർ നടരാജൻ, ഡോ. മീനാക്ഷി സിങ്, സിആർപിഎഫ് ഡപ്യൂട്ടി ഐജി ആർ.കെ.ശർമ, കേണൽ (റിട്ട.) ഹർഷ് സച്ച്‌ദേവ്, ഒമാനിലെ മിഡിൽ ഈസ്റ്റ് സർവകലാശാല ഡീൻ ജി.ആർ. കിരൺ എന്നിവർ പ്രസംഗിച്ചു.
ഗുരുവിന്റെ പ്രാണ പ്രതിഷ്ഠ നടത്തി
ന്യൂഡൽഹി ∙ ഡൽഹി ശാന്തിഗിരി ആശ്രമം രജതജൂബിലി മന്ദിരത്തിന്റെ പ്രാർഥനാലയത്തിൽ ഗുരുവിന്റെ പ്രാണ പ്രതിഷ്ഠ നടന്നു. രാവിലെ 9ന് ആശ്രമം ഗുരുസ്ഥാനിയ അമൃത ജ്ഞാന തപസ്വിനി തിരിതെളിച്ചു. തുടർന്നു ധ്യാന മണ്ഡപത്തിൽ ഗുരുരൂപം പ്രതിഷ്ഠിച്ചു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുത്തു.