മഴ കനത്തതോടെ വീണ്ടും വെള്ളക്കെട്ട്; സർക്കാരിന്റെ പിടിപ്പുകേടെന്ന് ബിജെപി

Mail This Article
ന്യൂഡൽഹി ∙ മഴ വീണ്ടും ശക്തമായതോടെ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. ആം ആദ്മി പാർട്ടിയുടെ വീഴ്ചയാണ് സ്ഥിതി ഇത്ര വഷളാക്കിയതെന്നു കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. പ്രശ്നപരിഹാരത്തിന് സർക്കാർ 24 മണിക്കൂറിനുള്ളിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ ആവശ്യപ്പെട്ടു. ആരോപണങ്ങളോട് സർക്കാർ പ്രതികരിച്ചിട്ടില്ല.
‘അഴുക്കുചാലുകൾ വൃത്തിയാക്കാനെന്ന പേരിൽ കോടിക്കണക്കിനു രൂപയാണ് പാഴാക്കിയത്. മഴയ്ക്കു മുന്നോടിയായുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയെന്നാണ് മന്ത്രി അതിഷിയും മേയർ ഷെല്ലി ഒബ്റോയിയും പറഞ്ഞത്. എന്നാൽ, ഇന്നലെ പെയ്ത മഴയോടെ ഈ അവകാശവാദങ്ങളിൽ അടിസ്ഥാനമില്ലെന്നു വ്യക്തമായി’– സച്ച്ദേവ പറഞ്ഞു.
ഐടിഒ, കിഷൻഗഞ്ച്, ചന്ദ്രാവൽ, രാജേന്ദ്ര നഗർ, നജഫ്ഗഡ് എന്നീ മേഖലകൾ ഏതാനും മിനിറ്റുകൾ മഴ പെയ്തപ്പോൾത്തന്നെ വെള്ളത്തിനടിയിലായെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളുടെ വിഡിയോ അദ്ദേഹം പത്രസമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ഡൽഹിയിൽ 750 വലിയ ഓവുചാലുകളുണ്ട്. ഇതിൽ 150 എണ്ണം മാത്രമാണ് മഴയ്ക്കു മുൻപ് വൃത്തിയാക്കിയത്. കോരിയെടുത്ത ചെളിയും മറ്റു മാലിന്യങ്ങളും നീക്കംചെയ്യാതെ അരികിൽ തന്നെ നിക്ഷേപിച്ചു. മഴ പെയ്തപ്പോൾ ഇവ വീണ്ടും ഓവുചാലുകളിലേക്കിറങ്ങി ഒഴുക്കു തടസ്സപ്പെട്ടതാണു മിക്ക സ്ഥലങ്ങളിലേയും വെള്ളക്കെട്ടിനു കാരണമായതെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
മഴക്കാലത്ത് വെള്ളക്കെട്ടും വേനലിൽ ശുദ്ധജലക്ഷാമവും ശൈത്യകാലത്ത് മലിനീകരണവും രൂക്ഷമാകുന്ന ഡൽഹിയിൽ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ആം ആദ്മി പാർട്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് അർവീന്ദർ സിങ് ലവ്ലിയും ആരോപിച്ചു.
ഗതാഗതം തടസ്സപ്പെട്ടു
∙ രാവിലെ മുതൽ നിർത്താതെ പെയ്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ നഗരത്തിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ നിന്ന് ഇന്നലെ 40 പരാതികൾ ലഭിച്ചെന്ന് പിഡബ്ല്യുഡി അറിയിച്ചു. വെള്ളം നിറഞ്ഞതോടെ ആസാദ്പുർ അണ്ടർപാസ് അടച്ചു.
വിൻഡ്സർ പാലസ് റൗണ്ട് എബൗട്ട്, അശോക റോഡ്, വസീറാബാദ് ഫ്ലൈഓവർ, കശ്മീരി ഗേറ്റ് ഐഎസ്ബിടി, സാവിത്രി ഫ്ലൈഓവർ, നിസാമുദ്ദീൻ പാലം, ദൗളകുവാ, സംഗംവിഹാർ, സന്ത് നഗർ മാർക്കറ്റ്, ഝണ്ഡേവാലാൻ എന്നിവിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി.