ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ നിന്നു പിരിച്ചുവിട്ട 8 മലയാളി നഴ്സുമാർ ഉൾപ്പെടെ 42 പേർക്ക് സർക്കാർ സർവീസിൽ സ്ഥിരം നിയമനം നൽകാൻ ഹൈക്കോടതി നിർദേശിച്ചു.ആർഎംഎൽ ആശുപത്രിയിൽ ഒഴിവില്ലെങ്കിൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ മറ്റ് ആശുപത്രികളിൽ സ്ഥിരം നിയമനം നൽകണമെന്നാണ് ജഡ്ജിമാരായ സുരേഷ് കുമാർ കൈത്, ഗിരീഷ് കത്‌പാലിയ എന്നിവരുടെ ബെഞ്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് നിർദേശിച്ചത്.

 കോവിഡ് പ്രതിരോധത്തിന് മുൻനിരയിൽ നിന്ന നഴ്സുമാരെയാണ് 2022 ഡിസംബറിൽ പിരിച്ചുവിട്ടത്. 2009 ഒക്ടോബറിൽ ജോലിക്ക് കയറിയ ഇവർക്ക് 14 വർഷത്തെ സേവനത്തിന് ശേഷമാണ് പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ നോട്ടിസ് നൽകിയത്.

ഒഴിവുള്ള നഴ്സുമാരുടെ തസ്തികകളിൽ സ്ഥിരം നിയമനം നടത്താനാണ് കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ പിരിച്ചുവിടുന്നതെന്നാണ് കാരണം പറഞ്ഞത്.പിരിച്ചുവിടൽ നോട്ടിസ് കിട്ടിയതോടെ 42 നഴ്സുമാരുടെ ജീവിതം പ്രതിസന്ധിയിലായി. സ്ഥിരം നിയമനത്തിന് എയിംസ് നടത്തുന്ന പ്രവേശന പരീക്ഷയെഴുതാനുള്ള പ്രായപരിധിയും പലർക്കും കഴിഞ്ഞിരുന്നു. 

 സീനിയോറിറ്റി പരിഗണിച്ചു സ്ഥിരം നിയമന പരീക്ഷയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. 2022 സെപ്റ്റംബറിൽ ആശുപത്രിയിൽ സ്ഥിരം നിയമനത്തിനുള്ള 215 ഒഴിവുകൾ ഉണ്ടായിരുന്നെങ്കിലും പ്രായപരിധി കഴിഞ്ഞതിനാൽ അപേക്ഷിക്കാനായില്ല.

അതിനിടെ, നഴ്സുമാരുടെ തൊഴിൽ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന മൻസൂഖ് മാണ്ഡവ്യയ്ക്കു നിവേദനം നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. പിരിച്ചുവിടൽ നടപടിക്കെതിരെ 2017ൽ നഴ്സുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. അതിനിടെ കോവിഡ് വ്യാപിച്ചതോടെ ട്രൈബ്യൂണലിന് മുന്നിൽ കേസ് തീർപ്പാകാതെ നീണ്ടുപോയി. 2022 ഡിസംബറിൽ ട്രൈബ്യൂണൽ നഴ്സുമാരുടെ അപേക്ഷ തള്ളി.

തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 19 മാസത്തിന് ശേഷം കഴിഞ്ഞ 3ന് കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.കോവിഡ് വ്യാപന കാലത്തുൾപ്പെടെ മുൻനിരയിൽ സേവനം ചെയ്ത അനുഭവസമ്പത്തുള്ള നഴ്സുമാരെ സ്ഥിരം നിയമനത്തിനു പരിഗണിക്കാത്തത് അനീതിയാണെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു.

തുടർന്ന് ഗുരുതര സാഹചര്യങ്ങളിൽ മുൻനിരയിൽ നിന്നു പ്രവർത്തിച്ച നഴ്സുമാരുടെ സേവനങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് കോടതി അനുകൂല ഉത്തരവിറക്കിയത്.ആർഎംഎൽ ആശുപത്രിയിൽ ഒഴിവുകളില്ലെങ്കിൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സഫ്ദർജങ്, ലേഡി ഹാർഡിങ് മെഡിക്കൽ കോളജ്, സുചേത കൃപലാനി, കലാവതി ശരൺ കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലായി ഇവർക്കു സ്ഥിരം നിയമനം നൽകണമെന്നും കോടതി നിർദേശിച്ചു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com