ലാൽ ബംഗ്ലയും ലാൽ കൺവറിന്റെ കഥയും

Mail This Article
സക്കീർ ഹുസൈൻ മാർഗിൽ ഡൽഹി ഗോൾഫ് ക്ലബ്ബിനോടു ചേർന്ന് ചെങ്കല്ലിൽ നിർമിച്ച 2 സ്‌മാരകങ്ങളുണ്ട്. ലാൽ ബംഗ്ലാ (ചുവന്ന ബംഗ്ലാവ്) എന്നാണ് ഇവ അറിയപ്പെടുന്നത്. റെഡ് ഫോർട്ട് പോലെ ചുവന്ന കല്ലുകൊണ്ട് നിർമിച്ചതിനാലാണ് ഈ പേര് വന്നതെന്നു പറയുന്നു. അതല്ല, ലാൽ കൺവർ എന്ന സ്‌ത്രീയുടെ ശവകുടീരമാണ് ഇതിലൊരെണ്ണമെന്നും അങ്ങനെയാണ് ഈ പേര് കിട്ടിയതെന്നും കഥയുണ്ട്.
1712–ൽ മുഗൾ രാജാവായിരുന്ന ജഹന്ദർ ഷായുടെ വെപ്പാട്ടിയായിരുന്നു ലാൽ കൺവർ. തികഞ്ഞ മദ്യപാനിയും സ്‌ത്രീലമ്പടനുമായിരുന്നു ജഹന്ദർ. കൊട്ടാരം നർത്തകിയായിരുന്ന ലാൽ കൺവറും രാജാവും ചേർന്ന് നടത്തിയ കൂത്താട്ടങ്ങൾ അക്കാലത്ത് അരമനരഹസ്യവും അങ്ങാടിപ്പാട്ടുമായിരുന്നു.
അന്ന് യമുനാ നദി റെഡ് ഫോർട്ടിന്റെ കിഴക്കേ മതിലിനോട് ചേർന്നാണ് ഒഴുകിയിരുന്നത്. ആ നദീതടത്തിലൂടെയാണ് ഇപ്പോഴത്തെ റിങ് റോഡ് കടന്നുപോകുന്നത്. കോട്ടയുടെ മട്ടുപ്പാവിലിരുന്നാൽ നദിയിലൂടെ കടന്നുപോകുന്ന വഞ്ചികൾ കാണാമായിരുന്നു. അങ്ങനെയൊരിക്കൽ കാറ്റുകൊണ്ടിരിക്കുമ്പോൾ ലാൽ കൺവർ ജഹന്ദർ ഷായോട് ഒരാഗ്രഹം പ്രകടിപ്പിച്ചു - ഒരു വഞ്ചി മുങ്ങുന്നത് കാണണം.
വലിയ താമസമുണ്ടായില്ല. രാജാവും വെപ്പാട്ടിയും കൂടി ഒരു കളിയാരംഭിച്ചു. കോട്ട മതിലിനു മുകളിൽ നിന്ന് അവർ വലിയ കല്ലുകൾ ഉരുട്ടിയിട്ട് വഞ്ചികൾ മുക്കാൻ തുടങ്ങി. കൂടുതൽ വഞ്ചികൾ മുക്കുന്നയാൾ ജയിക്കും. വെള്ളത്തിൽ വീഴുന്ന വഞ്ചിക്കാരുടെ മരണവെപ്രാളം ആ കളിയുടെ ഹരം കൂട്ടിയതേയുള്ളു. രാത്രി മുഴുവൻ മദ്യപിക്കുന്ന സ്വഭാവമായിരുന്നു ജഹന്ദർ ഷായ്‌ക്ക്. ഒരിക്കൽ പുലർച്ചെ രാജാവിനെ തന്റെ അറയിൽ കാണാതായപ്പോൾ പരിചാരകർ വിഷമിച്ചു. ഒടുവിൽ ഒരു പരിചാരകൻ വന്നറിയിച്ചു - രാജാവ് കുതിരലായത്തിലെ വയ്‌ക്കോൽ കൂനയിൽ സുഖമായി കിടന്നുറങ്ങുന്നുണ്ട്. സംഭവിച്ചത് ഇതായിരുന്നു.
തലേന്ന് രാത്രി രാജാവും വെപ്പാട്ടിയും കൂടി ഒരു നൈറ്റ്-ഔട്ട് നടത്തി. ഒരു കള്ളവാറ്റുകാരിയുടെ വീട്ടിൽ കയറി രണ്ട് പേരും നന്നായി മദ്യപിച്ച് വണ്ടിയിൽ കയറി. കുതിരയ്ക്ക് കൊട്ടാരത്തിലേക്കുള്ള വഴി അറിയാമായിരുന്നതിനാൽ വഴി തെറ്റിയില്ല. വണ്ടിയുടെ പിന്നിലുണ്ടായിരുന്ന വയ്‌ക്കോൽ കൂനയിൽ കിടന്ന് രാജാവ് നല്ലയുറക്കമായി. കൊട്ടാരത്തിലെത്തിയപ്പോൾ പരിചാരകർ രാജാവിനെ കണ്ടില്ല. ലാൽ കൺവറിനെ പരിചാരികമാർ ഭദ്രമായി ഉറക്കറയിലെത്തിച്ചു.
രാജാവ് സുഖമായി ഒരു രാത്രി കുതിരലായത്തിലെ വയ്‌ക്കോൽ കൂനയിൽ കഴിച്ചുകൂട്ടി. ജഹന്ദർ ഷായുടെയും ലാൽ കൺവറിന്റെയും വാഴ്‌ച ഒരു കൊല്ലമേ നീണ്ടുനിന്നുള്ളു. ഫറൂഖ്‌ഷിയാർ അവരെ പരാജയപ്പെടുത്തി 1713-ൽ രാജ്യഭാരം കൈയേറി.
ഈ ലാൽ കൺവറുടെ ശവകുടീരമാണ് ഡൽഹി ഗോൾഫ് ക്ലബ്ബിനടുത്ത് ഇന്നും കാണുന്നതെന്നാണ് പറയപ്പെടുന്നത്. അടുത്തുള്ളത് ജഹന്ദർ ഷായുടെ പുത്രി ബീംഗം ജാനിന്റേതാണെന്നും കരുതുന്നു.