തോരാമഴയിൽ വീണ്ടും ദുരിതം; രജീന്ദർ നഗറിൽ വീണ്ടും കാനകൾ കവിഞ്ഞൊഴുകി

Mail This Article
ന്യൂഡൽഹി∙ മണിക്കൂറുകൾ തുടർച്ചയായി പെയ്ത മഴയിൽ ഡൽഹി സ്തംഭിച്ചു. വൈകിട്ട് 5ന് ആരംഭിച്ച മഴ രാത്രി വൈകിയും നിലയ്ക്കാതെ പെയ്തതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. വെള്ളക്കെട്ട് രൂക്ഷമായതോടെ മിക്ക സ്ഥലങ്ങളും ഒറ്റപ്പെട്ടു. വൈദ്യുത വിതരണവും തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം അപകടത്തിൽ 3 വിദ്യാർഥികൾ മുങ്ങിമരിച്ച രജീന്ദർ നഗറിൽ സ്ഥിതി വീണ്ടും രൂക്ഷമായി. കാനകൾ നിറഞ്ഞ് റോഡുകൾ വെള്ളത്തിനടിയിലായി. മഴ ആരംഭിച്ച് മിനിറ്റുകൾക്കകം റാവൂസ് കോച്ചിങ് സെന്ററിനു മുന്നിൽ അരയാൾ പൊക്കത്തിൽ വെള്ളം ഉയർന്നു.
എംഎൽഎ ദുർഗേഷ് പാഠക് ഉൾപ്പെടെ ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ, മഴമുന്നൊരുക്കം സംബന്ധിച്ച് എഎപിയുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ബിജെപി ആരോപിച്ചു. കാനകൾ അറ്റകുറ്റപ്പണി നടത്താത്തതിൽ എംസിഡിയെയും സർക്കാരിനെയും ഹൈക്കോടതി വിമർശിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ഡൽഹിയിൽ പെയ്ത ഏറ്റവും കൂടിയ മഴയാണിതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സ്കൂളുകള്‍ക്ക് അവധി
ഡൽഹിയിൽ ഇറങ്ങേണ്ട 10 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ചാന്ദ്നി ചൗക്കിലും സദർ ബസാറിലും വീടുകൾ ഇടിഞ്ഞു വീണ് ആളുകൾക്ക് പരുക്കേറ്റു. ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ കണക്കിലെടുത്ത് സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു എന്ന് മന്ത്രി അതിഷി അറിയിച്ചു