പൊലീസിന് ഹൈക്കോടതിയുടെ താക്കീത്; പ്രതികളെ ഉടൻ കണ്ടെത്തണം

Mail This Article
ന്യൂഡൽഹി∙ രജീന്ദർ നഗർ കോച്ചിങ് സെന്ററിൽ 3 വിദ്യാർഥികൾ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ ഏൽപിക്കുമെന്ന് പൊലീസിന് ഹൈക്കോടതി മുന്നറിയിപ്പു നൽകി. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെദേല എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഉന്നതതല സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് ‘കുടുംബ്’ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡൽഹി സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചത്.
അപകടം നടക്കുന്നതിന് മുൻപ് റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിനെതിരെ നൽകിയ പരാതി മുനിസിപ്പൽ കോർപറേഷനും സർക്കാരും പരിഗണിച്ചില്ല. 2 തവണ റിമൈൻഡർ നൽകിയിട്ടും കണ്ടില്ലെന്നു നടിച്ചെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, വിഷയത്തിൽ എംസിഡിയെ മാത്രം കുറ്റം പറയാനാകില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തും വീഴ്ചയുണ്ടെന്നും കോർപറേഷന്റെ അഭിഭാഷകൻ പറഞ്ഞു.
ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട കാര്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ജൂനിയർ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. സീനിയർ ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടിയെടുത്തു എന്നും കെട്ടിടങ്ങളുടെ പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥർ എസി മുറികളിൽ നിന്നു പുറത്തേക്കിറങ്ങില്ലേയെന്നും കോടതി ചോദിച്ചു.
നടപടി വിശദീകരിക്കണം
വിദ്യാർഥികൾ മരിച്ച സംഭവത്തിൽ റോഡിലൂടെ കാറോടിച്ചു പോയ ആളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ കോടതി ചോദ്യം ചെയ്തു. റോഡിലൂടെ വാഹനമോടിച്ചു പോയപ്പോൾ വെള്ളം ഇരച്ചുകയറി അപകടമുണ്ടായെന്ന് പറയുന്നു. കാനകൾ വൃത്തിയാക്കാത്ത ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തോ: കോടതി ആരാഞ്ഞു.
ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണം. അപരിചിതമായ രീതികളിലൂടെയാണ് പൊലീസിന്റെ അന്വേഷണം നടക്കുന്നത്. യഥാർഥ കുറ്റക്കാരെ ഉടൻ കണ്ടെത്തിയില്ലെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കുമെന്നും മുന്നറിയിപ്പു നൽകി. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ഡിസിപിയും എംസിഡി കമ്മിഷണറും നേരിട്ടു ഹാജരാകണമെന്നും നിർദേശിച്ചു.
കോച്ചിങ് സെന്റർ ദുരന്തം: നാലു നാൾ പിന്നിട്ട് വിദ്യാർഥി പ്രതിഷേധം
രജീന്ദർ നഗർ∙ കോച്ചിങ് സെന്ററിൽ 3 പേർ മുങ്ങിമരിച്ച സംഭവത്തിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം നാലുദിവസം പിന്നിട്ടു. സമരത്തിന്റെ ഭാവി തീരുമാനിക്കാൻ 15അംഗ കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നു വിദ്യാർഥികൾ പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി വിദ്യാർഥികളുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഡിസിപി എം. ഹർഷവർധൻ പറഞ്ഞു. പ്രതിഷേധക്കാർക്കിടയിലിരുന്നു സമരം ചെയ്ത വിദ്യാർഥികളല്ലാത്ത 12 പേരെ സമര സ്ഥലത്ത് നിന്നു നീക്കിയെന്നും പൊലീസ് പറഞ്ഞു.
ഒരുസംഘം വിദ്യാർഥികൾ ഇന്നലെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ അശ്വനി കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ കോച്ചിങ് സെന്ററുകളിലെ സുരക്ഷാ പ്രശ്നങ്ങൾ വിദ്യാർഥികൾ കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് 10 വിദ്യാർഥികൾ ചൊവ്വാഴ്ച അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു. ഇതുവരെയുള്ള തങ്ങളുടെ പ്രതിഷേധത്തെ അധികൃതർ ഗൗരവമായി കാണുന്നില്ലെന്നു തോന്നിയതിനാലാണ് നിരാഹാര സമരം ആരംഭിച്ചതെന്നാണു വിദ്യാർഥികൾ പറഞ്ഞത്.
അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ രജീന്ദർ നഗറിലെ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിനു മുന്നിൽ പരിസരത്തെ കോച്ചിങ് സെന്ററിലെ വിദ്യാർഥികൾ സംയുക്തമായി പ്രതിഷേധം ആരംഭിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിഷേധിക്കുന്ന വിദ്യാർഥികളിലൊരാളായ സുനിൽ കുമാർ പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാർഥികൾ കഴിഞ്ഞ ദിവസം ലഫ്. ഗവർണറുമായി ചർച്ച നടത്തി. അന്വേഷണത്തിന്റെ പുരോഗതികളെക്കുറിച്ച് പൊലീസും വിദ്യാർഥികളോടു വിശദീകരിച്ചിരുന്നു–ഡിസിപി ഹർഷവർധൻ പറഞ്ഞു.
നിയമ നിർമാണ സമിതിയിലേക്ക് 10 പേരെ വിദ്യാർഥികൾക്ക് നിർദേശിക്കാം
ന്യൂഡൽഹി∙ കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമം രൂപീകരിക്കുന്നതിനുള്ള സമിതിയിലേക്ക് ഉൾപ്പെടുത്തേണ്ട 10 പേരെ നിർദേശിക്കാൻ മന്ത്രി അതിഷി വിദ്യാർഥികളോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ സമരപ്പന്തലിൽ മന്ത്രി എത്തിയപ്പോൾ ഗോ ബാക്ക് വിളികളുയർന്നു. പ്രതിഷേധം കണക്കിലെടുക്കാതെ വിദ്യാർഥികൾക്കൊപ്പമിരുന്ന അതിഷി ഏത് ആവശ്യവും അംഗീകരിക്കാമെന്ന് ഉറപ്പു നൽകി. സമിതി ഒരു മാസത്തിനുള്ളിൽ നിയമം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു
വെള്ളക്കെട്ടിലൂടെ ഡ്രൈവിങ് മനൂജിനെ കേസിൽ കുടുക്കിയതെന്ന് ഭാര്യ
ന്യൂഡൽഹി∙ കോച്ചിങ് സെന്ററിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മനൂജ് കത്തൂരിയ നിരപരാധിയാണെന്നും കേസിൽ കുടുക്കിയതാണെന്നും ഭാര്യ ഷിമ പറഞ്ഞു. വെള്ളക്കെട്ടുണ്ടായിരുന്ന റോഡിലൂടെ മനൂജ് വേഗത്തിൽ എസ്‌യുവി ഓടിച്ചു പോയതാണ് അപകടത്തിനിടയാക്കിയതെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.
കോച്ചിങ് സെന്ററിനു മുന്നിലെ വെള്ളക്കെട്ട് പതിവായത് കൊണ്ടാണ് ഗേറ്റ് ദുർബലമായത്. മനൂജ് വാഹനമോടിച്ചു പോയപ്പോൾ വെള്ളം ഇരച്ചു കയറി ഗേറ്റ് തകർന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഷിമ പറഞ്ഞു.
വിവരങ്ങൾ ചോദിച്ചറിയാനാനെന്നു പറഞ്ഞാണ് പൊലീസ് മനൂജിനെ കൂട്ടിക്കൊണ്ട് പോയത്. അരമണിക്കൂറിന് ശേഷം അറസ്റ്റ് ചെയ്തെന്ന് മനൂജ് പിതാവിനെ വിളിച്ചു പറഞ്ഞു. പിന്നീട് അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടും എഫ്ഐആറിന്റെ പകർപ്പ് നൽകാൻ പൊലീസ് തയാറായില്ല. ജാമ്യാപേക്ഷയിൽ വിചാരണ ആരംഭിച്ചപ്പോഴാണ് ഇത് ലഭിച്ചതെന്നും ഷിമ പറഞ്ഞു. അതിനിടെ, അറസ്റ്റിലായ 5 പേരുടെ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വിനോദ് കുമാർ തള്ളി. എസ്‌യുവി ഡ്രൈവർ മനൂജ് കത്തൂരിയ, സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ബേസ്മെന്റ് ഉടമകളായ തേജീന്ദർ സിങ്, പർവീന്ദർ സിങ്, ഹർവീന്ദർ സിങ്, സരബ്ജീത് സിങ് എന്നിവരുടെ ജാമ്യാപേക്ഷയാണ് നിരസിച്ചത്.
മന്ത്രിമാരെ കണ്ട് വിദ്യാർഥികൾ; 30 പരിശീലന കേന്ദ്രങ്ങൾ പൂട്ടി
ന്യൂഡൽഹി∙ സിവിൽ സർവീസ് പരിശീലനം നടത്തുന്ന വിദ്യാർഥികളുടെ പ്രതിനിധികൾ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. രജീന്ദർ നഗർ കോച്ചിങ് സെന്ററിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മറ്റു പരിശീലന കേന്ദ്രങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വിദ്യാർഥികൾ പങ്കുവച്ചു.
വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അതിഷി, നഗരവികസന മന്ത്രി സൗരഭ് ഭരദ്വാജ്, പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, മേയർ ഷെല്ലി ഒബ്റോയ് എന്നിവരാണ് ചർച്ച നടത്തിയത്. അടിസ്ഥാന സൗകര്യങ്ങൾക്കു പുറമേ കോച്ചിങ് സെന്ററുകളിലെ മോശം ഭക്ഷണത്തിന്റെ കാര്യവും ശ്രദ്ധയിൽപെട്ടെന്ന് മന്ത്രിമാർ പറഞ്ഞു. കെട്ടിടങ്ങളുടെ ബേസ്മെന്റുകളിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെ മുനിസിപ്പൽ കോർപറേഷൻ കർശന നടപടിയെടുത്തു തുടങ്ങി. 30 പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടി. 200 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകിയെന്നും മന്ത്രി പറഞ്ഞു.
നിഷ്പക്ഷ അന്വേഷണത്തിന് രാഷ്ട്രപതിക്ക് കത്ത്
ന്യൂഡൽഹി∙ കോച്ചിങ് സെന്റർ അപകടത്തിൽ 3 പേർ മരിച്ച സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തെഴുതി. വെള്ളക്കെട്ടിന് കാരണക്കാരായ എംസിഡി, ജലബോർഡ്, പിഡബ്ല്യുഡി വകുപ്പുകളുടെ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കണം.
കുറ്റക്കാരായ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കോച്ചിങ് സെന്ററുകളുടെയും അനുബന്ധ ലൈബ്രറികളുടെയും പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകണം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.