ADVERTISEMENT

∙ സിവിൽ ലൈൻസിൽ ഒരു കുന്നിന്റെ നെറുകയിൽ നിൽക്കുന്ന ഹിന്ദുറാവു ആശുപത്രി സമുച്ചയത്തിനകത്ത് കടന്നു നോക്കിയാൽ അത് വെറുമൊരു‘സർക്കാരി’ കെട്ടിടം മാത്രം. എന്നാൽ അതിന്റെ ഏറ്റവും പഴയ ബ്ലോക്കിന്റെ ഭിത്തിയും ഉത്തരവും മറ്റും സൂക്ഷിച്ചു പരിശോധിച്ചാൽ കുറഞ്ഞത് 190 കൊല്ലത്തെയെങ്കിലും പഴക്കമുണ്ട് ആ കെട്ടിടത്തിന്. അതിനോട് ഏച്ചുകെട്ടിക്കൊണ്ടു പുതിയ കെട്ടിടങ്ങളും മറ്റും നിർമിച്ചു വികൃതമാക്കിയെന്നു മാത്രം. എങ്കിലും അടുത്തുചെന്നുനോക്കിയാൽ പഴയകെട്ടിയത്തിന്റെ പ്രൗഢി മങ്ങിയാണെങ്കിലും കാണാനാവും.

 19–ാം നൂറ്റാണ്ടിൽ ഹിന്ദു റാവു ഹൗസ് (ഹിന്ദു റാവു ഭവനം) എന്ന പേരിലാണ് ഈ കെട്ടിടം അറിയപ്പെട്ടിരുന്നത്. 20–ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണു ബ്രിട്ടിഷുകാർക്ക് വേണ്ടി ഇതൊരു ആശുപത്രിയാക്കിയത്. ഹിന്ദുറാവു ഭവനം എന്ന പേരും അത്ര അന്വർഥമല്ല. യഥാർഥത്തിൽ ഇതിനെ ഫ്രേസർ ഹൗസ് എന്നോ മറ്റോ വേണമായിരുന്നു വിളിക്കാൻ. ഹിന്ദുറാവു അല്ല ഈ കെട്ടിടം നിർമിച്ചത്. രണ്ട് നൂറ്റാണ്ടിന്റെ ചരിത്രത്തിൽ കെട്ടിടം ഹിന്ദുറാവുവിന്റെ കൈവശമായിരുന്നതു വെറും 9 കൊല്ലം മാത്രമാണ്.

 വില്യം ഫ്രേസർ എന്ന ബ്രിട്ടിഷ് ഉദ്യോഗസ്‌ഥനാണ് (അദ്ദേഹം പിന്നീട് മുഗൾ രാജസദസിൽ ബ്രിട്ടീഷ് റസിഡന്റ് ആയി) 19–ാം നൂറ്റാണ്ടിന്റെ ആദ്യത്തിലെന്നോ ഈ കെട്ടിടം തന്റെ ഭവനമായി നിർമിച്ചത്. പൊതുവേ ബ്രിട്ടിഷ് ഉദ്യോഗസ്‌ഥന്മാർ ഇന്ത്യക്കാരിൽ നിന്ന് അകന്നുകഴിയാൻ ശ്രമിച്ചിരുന്നപ്പോൾ ഇന്ത്യൻ നവാബുമാരെപ്പോലെ ജീവിക്കാനാണു ഫ്രേസർ ഇഷ്‌ടപ്പെട്ടിരുന്നത്. അതായതു വേണ്ടതിലധികം വെപ്പാട്ടിമാർ നിറഞ്ഞ അന്തപുരവും മറ്റുമായി. മറ്റു ബ്രിട്ടിഷ് ഓഫിസർമാരുടെ താമസസ്‌ഥലത്തു നിന്ന് അകലെയായി ഈ കുന്നിൻ മുകളിലുള്ള സ്‌ഥലം അദ്ദേഹം തിരഞ്ഞെടുത്തതുതന്നെ അവരിൽ നിന്ന് സ്വൽപം സ്വൈരം ലഭിക്കാൻ വേണ്ടിയായിരുന്നു.

 എന്നാൽ ഇന്ത്യൻ നവാബുമാരും പ്രഭുക്കന്മാരുമായുള്ള കൂട്ടുകെട്ട് ഒടുവിൽ പ്രശ്‌നമായി. ഫിറോസ്‌പൂരിലെ നവാബ് ഷംസുദ്ദീൻ ഖാനുമായി എന്തോ കാര്യത്തിൽ അദ്ദേഹം ഇടഞ്ഞു. ഷംസുദ്ദീൻ ഖാൻ അദ്ദേഹത്തെ കുത്തിക്കൊന്നു.

 നാഥനില്ലാതായ കെട്ടിടം ഹിന്ദു റാവു എന്ന മറാഠ പ്രഭു ബ്രിട്ടിഷുകാരിൽ നിന്ന് വിലയ്‌ക്കുവാങ്ങി. ഗ്വാളിയോർ നാടുവാഴിയായിരുന്ന ദൗളത്‌റാവു സിന്ധ്യയുടെ ഭാര്യാസഹോദരനായിരുന്നു ഹിന്ദു റാവു. മുഗൾ കൊട്ടാരത്തിലും ബ്രിട്ടിഷ് അധികാര കേന്ദ്രങ്ങളിലും സിന്ധ്യക്കുവേണ്ടി ലെയ്‌സൺ പണി നടത്തുകയായിരുന്നു ഇയാളുടെ പ്രധാന ജോലി.

 ജീവിത ശൈലിയിൽ ഹിന്ദു റാവുവും ഒരു ഫ്രേസർ തന്നെയായിരുന്നുവെന്നാണു പറയപ്പെടുന്നത്. നെഞ്ച് മൂടിക്കൊണ്ട് മാലകളിട്ടും കൈവിരലുകൾ നിറയെ മോതിരം ധരിച്ചും മുറി ഇംഗ്ലിഷ് സംസാരിച്ചും മുഗൾ കൊട്ടാരത്തിലും ഡൽഹിയിലെ അധികാരകേന്ദ്രങ്ങളിലും കറങ്ങിനടന്നിരുന്ന ഹിന്ദു റാവുവിനെക്കുറിച്ച് അന്ന് ഡൽഹി സന്ദർശിച്ച പല സഞ്ചാരികളും എഴുതിയിട്ടുണ്ട്. 1854-ൽ ഹിന്ദു റാവു മരിച്ചു.

 1857-ലെ സ്വാതന്ത്യ്ര സമരക്കാലത്ത് ഡൽഹി നഗരം വിപ്ലവകാരികൾ പിടിച്ചെടുത്തു. പക്ഷേ അവർക്കൊരു തെറ്റുപറ്റി. ഹിന്ദു റാവു ഭവനമോ അത് നിൽക്കുന്ന കുന്നോ പിടിച്ചെടുത്ത് തങ്ങളുടെ താവളമാക്കാൻ അവർ ശ്രമിച്ചില്ല. പകരം റെഡ് ഫോർട്ട് തന്നെ അവർ തങ്ങളുടെ സൈനികത്താവളമാക്കി.

 ഇത് ബ്രിട്ടിഷുകാർക്ക് തുണയായി. നഗരം തിരിച്ചുപിടിക്കാനായി പഞ്ചാബിൽ നിന്നെത്തിയ ബ്രിട്ടിഷ് സൈന്യം വിപ്ലവകാരികൾ കുന്ന് പിടിച്ചെടുത്തിട്ടില്ല എന്ന് കണ്ട്, അത് ദ്രുതഗതിയിൽ കൈവശമാക്കി. ഈ ഭവനം തങ്ങളുടെ ഹെഡ്‌ക്വാർട്ടേഴ്‌സ് ആക്കാൻ ഉതകുന്നതാണെന്ന് അവർക്ക് ബോധ്യമായി. കാരണം, ഇവിടെ നിന്നാൽ ശത്രുവിന്റെ കേന്ദ്രമായ റെഡ്‌ഫോർട്ടിൽ നിന്നും നഗരത്തിൽ നിന്നും നടത്തുന്ന ഏത് നീക്കവും അവർക്ക് കാണാമായിരുന്നു. അതനുസരിച്ച് ശത്രുവിനെതിരെ പീരങ്കി ഉതിർക്കാനും അവർക്ക് സാധിച്ചു.

 ഏതായാലും അന്നത്തെ വിപ്ലവകാലത്ത് തന്നെ കെട്ടിടം ചെറിയൊരു ആശുപത്രി ആയി മാറി. മുറിവേറ്റ ബ്രിട്ടിഷ് സൈനികർക്ക് ഇവിടെയാണ് ശുശ്രൂഷ നൽകിയിരുന്നത്. എന്നാൽ ഏതാണ്ട് അര നൂറ്റാണ്ടു കൂടി കഴിഞ്ഞ്, 1912–ൽ ഇന്ത്യയുടെ തലസ്‌ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിലേക്കു മാറ്റിയ ശേഷമാണ് ഇത് ഡൽഹി മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയായത്.

 ഉത്തരം പറയാനാവാത്ത ഒരു ചോദ്യം അവശേഷിക്കുന്നു. അന്ന് ഈ കെട്ടിടം വിപ്ലവകാരികൾ പിടിച്ചുവച്ചിരുന്നുവെങ്കിൽ വിപ്ലവത്തിന്റെയും ഇന്ത്യാ ചരിത്രത്തിന്റെയും ഗതി മറ്റൊന്നാവുമായിരുന്നോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com