കുത്തബ് മിനാർ കണ്ട്,കുശലം പറഞ്ഞ്...

Mail This Article
∙ ‘അമ്പമ്പോ ഇത് മൂന്നടിയിൽ ആരും അളന്നു തീർക്കില്ല’– കുത്തബ് മിനാറിന്റെ ചുവട്ടിലെത്തിയ മാവേലിയുടെ അതിശയം അൽപം ഉച്ചത്തിലായിപ്പോയി. ന്യൂഡൽഹിയിൽ നിന്ന് 413–ാം നമ്പർ ബസിൽ ലഡോസരായിയിൽ വന്നിറങ്ങിയപ്പോഴേ കുത്തബ് മിനാറിന്റെ തലപ്പൊക്കം കണ്ടു. ഷെയർ ഓട്ടോ പിടിച്ച് മൂന്ന് യുപി ഭായിമാർക്കൊപ്പമാണു സ്ഥലത്തെത്തിയത്. നേരിയ ചാറ്റൽമഴയിലേക്ക് ഓലക്കുട ചൂടിയിറങ്ങി.
ക്യൂആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റെടുത്ത് ക്യൂ നിന്ന് വളപ്പിനകത്തു കയറിക്കഴിഞ്ഞാണു കിരീടമണിഞ്ഞത്. ചെന്നുപെട്ടത് ആന്ധ്രയിൽ നിന്നെത്തിയ സംഘത്തിനു മുന്നിൽ. നെഞ്ച് നിറയെ മാലയും കൊമ്പൻ മീശയും കിരീടവുമൊക്കെയായി മാവേലിയെ കണ്ടപ്പോൾ അവർ അടുത്തുകൂടി. 14 പേർ പല ടീമുകളായി പിരിഞ്ഞ് തുരുതുരാ സെൽഫിയെടുത്തിട്ടാണു മാവേലിയെ ഫ്രീയാക്കിയത്. കൂട്ടത്തിലൊരു കൊച്ചുകുറുമ്പി മാവേലിക്കൊപ്പം റീൽസിനുള്ള ശ്രമം നടത്തിയെങ്കിലും സമയക്കുറവ് പറഞ്ഞൊഴിവായി.
നേരെ നടുത്തളത്തിലേക്കു കടന്നു. ആൾക്കൂട്ടത്തിന്റെ കലപിലകളിൽ മലയാളവും കേൾക്കുന്നുണ്ട്. പതിവിലും താഴ്ന്നു പറന്ന വിസ്താര വിമാനം തൊട്ടുതൊട്ടില്ലെന്ന മട്ടിൽ കടന്നു പോകുന്ന പശ്ചാത്തലത്തിൽ മുകളിലേക്കു നോക്കി കുത്തബ് മിനാറിനെ വിശാലമായി വിലയിരുത്തി. അതിനിടെ ചരിത്രം വിവരിച്ച് അടുത്തുകൂടിയ ഗൈഡിനെ അത്യാവശ്യം കാര്യങ്ങളൊക്കെ അറിയാം ഭായ് എന്നു പറഞ്ഞൊഴിവാക്കി.
പരിസരമാകെ കണ്ടുനടക്കുന്നതിനിടെയാണ് ‘ദേ മാവേലി!’ എന്നൊരു ആർപ്പുവിളി, കേരളത്തിൽ നിന്നെത്തിയ സംഘമാണ്. പിന്നെ അവരോടായി കുശലം. ഡൽഹി സർവകലാശാലയിൽ പുതിയതായി പ്രവേശനം നേടിയെത്തിയവരാണ്. ക്ലാസുകൾ തുടങ്ങുന്നതേയുള്ളൂ. മെഹ്റോളിയിൽ പിജി താമസ സൗകര്യം തപ്പിയിറങ്ങിയതിനിടെ കുത്തബ് മിനാറിലും ഒന്നു കയറിയതാണ്. അവരും മാവേലിയെപ്പോലെ ഡൽഹിയിൽ പുതുമുഖങ്ങൾ. ഇരുകൂട്ടരുടെയും ഹിന്ദിയും കഷ്ടി. അവരുടെയും സെൽഫികളിൽ ഇടംപിടിച്ചു യാത്രപറഞ്ഞ് മാവേലി മറ്റൊരു വഴിക്കു തിരിഞ്ഞു.
നടന്നുനടന്ന് കമ്പിവേലിക്കകത്തു നിൽക്കുന്ന ഇരുമ്പ് തൂണിനരുകിലെത്തി. പണ്ട് ഈ തൂണിനു ചുറ്റും പിന്നിലേക്ക് കൈകൾ കൂട്ടിമുട്ടിക്കാൻ കഴിഞ്ഞാൽ രാജയോഗമുണ്ടാകും എന്നൊരു വിശ്വാസമുണ്ടായിരുന്നു. ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ എന്നും രാജയോഗമുള്ള മാവേലിക്ക് പരീക്ഷണത്തിന്റെ ആവശ്യമില്ലല്ലോ. പുരാവസ്തു വിശേഷങ്ങൾ കണ്ട് തീർന്നതോടെ തിരിഞ്ഞു നടന്നു. കുത്തബ് മിനാർ സ്റ്റേഷനിൽ നിന്ന് മെട്രോയിലാണു മടക്കം. നാളെ മറ്റൊരിടത്തു കാണാം.