നൂതന സാങ്കേതിക വിദ്യ; കസ്റ്റമൈസ്ഡ് ഡ്രോൺ അവതരിപ്പിച്ച് മലയാളി കമ്പനി
Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിൽ നടക്കുന്ന ഡ്രോൺ എക്സ്പോയിൽ നൂതന സാങ്കേതിക വിദ്യകളുള്ള വിവിധ ഡ്രോണുകൾ അവതരിപ്പിച്ച് കേരളത്തിൽ നിന്നുള്ള കമ്പനി. ആകാശത്തു മൂളിപ്പറന്ന് ചിത്രങ്ങൾ ഒപ്പിയെടുക്കാനും ഭക്ഷണസാധനങ്ങളും മരുന്നുകളും വിതരണം ചെയ്യാനും സർവേ നടത്താനുമൊക്കെ കസ്റ്റമൈസ്ഡ് ഡ്രോണുകൾ അവതരിപ്പിക്കുകയാണ് എറണാകുളം കാക്കനാടുള്ള എഎക്സ്എൽ ഡ്രോൺസ്.
നാല് ഇഞ്ച് മാത്രം വീതിയുള്ള മൈക്രോ ഡ്രോണുകൾ മുതൽ പ്രതിരോധ സേനകൾ ഉപയോഗിക്കുന്ന വമ്പൻ ഡ്രോണുകൾ വരെയാണ് കമ്പനി നിർമിക്കുന്നത്. സ്വകാര്യ മേഖലയിൽ ഡ്രോൺ ഗവേഷണത്തിനു തുടക്കം കുറിച്ച മലയാളി കമ്പനി കൂടിയാണ് എഎക്സ്എൽ ഡ്രോൺസ്.
ദ്വാരക യശോഭൂമി കൺവൻഷൻ സെന്ററിൽ നടന്ന ഡ്രോൺ എക്സ്പോയിൽ ‘എഎക്സ്എൽ വിമാൻ’ എന്ന ഡ്രോൺ മാനേജ്മെന്റ് ആപ്പും കമ്പനി അവതരിപ്പിച്ചു. ഡ്രോൺ പറത്താൻ അനുമതിയുള്ള സ്ഥലങ്ങളുടെ മാപ്പ് മുതൽ പൈലറ്റുമാർക്ക് പരിപാടികളെക്കുറിച്ച് റിമൈൻഡർ സെറ്റ് ചെയ്യാനുള്ള സംവിധാനം വരെ ആപ്പിലുണ്ട്. ജനറേറ്ററിൽ നിന്ന് വയറുവഴി ബന്ധിപ്പിച്ച് പറപ്പിക്കാവുന്ന വയേർഡ് ഡ്രോണുകളും അവതരിപ്പിച്ചു. പരമ്പരാഗത ഡ്രോണുകൾ ബാറ്ററി ചാർജ് തീരുമ്പോൾ തിരികെ ഇറക്കേണ്ടി വരുന്ന പരിമിതി ഇതുവഴി ഒഴിവാക്കാനാവും. കസ്റ്റമറുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡ്രോണുകൾ കമ്പനി ഉണ്ടാക്കി നൽകും. സ്കൂൾ വിദ്യാർഥികൾക്കായി മിനി ഡ്രോൺ കിറ്റുകളും ലഭ്യമാണ്.