ADVERTISEMENT

ന്യൂഡൽഹി ∙ശൈത്യകാലത്ത് രൂക്ഷമാകുന്ന വായുമലിനീകരണത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ഡൽഹി നിവാസികൾ. കഴിഞ്ഞ 25ന് ശേഷം ഡൽഹിയിലെ വായുനിലവാരം അപകടകരമായ അവസ്ഥയിലെത്തി; എക്യുഐ 200–300 എന്ന നിലയിലാണുള്ളത്.അതേസമയം, കൃത്രിമമഴ, ഡ്രോൺ നിരീക്ഷണം, ആന്റി സ്മോഗ് ഗൺ എന്നിവയുൾപ്പെടെയുള്ള 21 ഇന വിന്റർ ആക്‌ഷൻ പ്ലാൻ കൊണ്ടു മാത്രം ഡൽഹിയുടെ വായുമലിനീകരണത്തിനു തടയിടാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ‌

തെക്കുപടിഞ്ഞാറൻ മൺസൂൺ കഴിഞ്ഞ മാസത്തോടെ അവസാനിച്ചു. ശൈത്യകാലം ആരംഭിക്കുന്നതോടെ പുകമഞ്ഞും രൂക്ഷമാകും. ഒരുവിഭാഗം ജനം എയർ പ്യൂരിഫയർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുപയോഗിച്ച് അവസ്ഥ സുരക്ഷിതമാക്കുകയോ കാലാവസ്ഥ ഭേദപ്പെട്ട മറ്റു സ്ഥലങ്ങളിലേക്കു മാറിത്താമസിക്കുകയോ ചെയ്യും. എന്നാൽ, സാധാരണക്കാർ സുപ്രീം കോടതി പറഞ്ഞപോലെ ഡൽഹിയെന്ന ഗ്യാസ് ചേംബറിനുള്ളിൽ വീർപ്പുമുട്ടും.

അതേസമയം,  സർക്കാരിന്റെ വിന്റർ ആക്‌ഷൻ പ്ലാനിലെ ചെലവേറിയ പദ്ധതികളിലൊന്നായ ക്ലൗഡ് സീഡിങ് (മേഘപാളികളിൽ രാസവസ്തുക്കൾ വിതറി കൃത്രിമമഴ പെയ്യിക്കുന്നത്) ഫലപ്രദമാകില്ലെന്നു മാത്രമല്ല, ഭാവിയിൽ തിരിച്ചടിയായേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിനു പരിഹാരം തേടി, 1985ൽ പരിസ്ഥിതി പ്രവർത്തകൻ എം.സി.മേത്ത നൽകിയ പരാതിയും അനുബന്ധ ഹർജികളുമാണ് സുപ്രീം കോടിയുടെ പരിഗണനയിലുള്ളത്. ഇവിടത്തെ വായുമലിനീകരണത്തിനു നാലു പതിറ്റാണ്ടിനോടടുക്കുന്ന ചരിത്രമുണ്ടെന്ന് മേത്തയുടെ പരാതി ഓർമിപ്പിക്കുന്നു. അതിനു ശേഷം ഒ‌‌‌ട്ടേറെ പരാതികൾ, സമിതികൾ, പഠനറിപ്പോർട്ടുകൾ എന്നിവയെല്ലാം വന്നു. പൊടിയും പുകയും വലിച്ചെടുക്കാൻ സ്മോഗ് ടവറുകൾ വരെ സ്ഥാപിച്ചു. എന്നിട്ടും മലിനീകരണത്തിന് മയമുണ്ടായില്ല. ചർച്ചകളും പഠനങ്ങളും നടത്തിയിട്ടും സമിതികൾ രൂപീകരിച്ചിട്ടും ഡൽഹിയിലെ വായുമലിനീകരണത്തിനു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സുപ്രീം കോടതി പലയാവർത്തി വ്യക്തമാക്കിയിട്ടുണ്ട്.

100 സിഗരറ്റ് വലിച്ചപോലെ
സാധാരണ ദീപാവലി കഴിയുമ്പോഴാണ് പുകമഞ്ഞ് തിങ്ങി, അന്തരീക്ഷ മലിനീകരണം കൂടുതൽ രൂക്ഷമാകുന്നത്. കഴിഞ്ഞ വർഷം 150ൽ താഴെയായിരുന്ന എക്യുഐ ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ 450 കടന്നു. ചില സ്ഥലങ്ങളിൽ അത് 910 വരെ രേഖപ്പെടുത്തി. നൂറ് സിഗരറ്റ് ഒരുമിച്ചു വലിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയെന്നാണ് ആരോഗ്യവിദഗ്ധർ അതിനെ വിലയിരുത്തിയത്.

2016 മുതൽ, വായുമലിനീകരണം രൂക്ഷമാകുമ്പോൾ ആം ആദ്മി സർക്കാർ നടത്തുന്ന അറ്റകൈ പ്രയോഗമാണ് ഒറ്റ–ഇരട്ട അക്ക വാഹന നിയന്ത്രണം. കഴിഞ്ഞവർഷം, അതിന്റെ പ്രായോഗികത സുപ്രീം കോടതി ചോദ്യംചെയ്തതിനു പിന്നാലെ നിയന്ത്രണം പിൻവലിച്ചിരുന്നു. മുൻ വർഷങ്ങളിൽ ഒറ്റ–ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തിയതുകൊണ്ട് ഉണ്ടായിട്ടുള്ള നേട്ടങ്ങളെക്കുറിച്ചും കോടതി ചോദ്യമുന്നയിച്ചു. തുടർന്ന്, സുപ്രീം കോടതി പരിശോധിച്ച ശേഷം മാത്രമേ വാഹന നിയന്ത്രണം ഏർപ്പെടുത്തുകയുള്ളൂ എന്ന് സർക്കാർ അറിയിച്ചു. അടുത്തദിവസം കേസ് പരിഗണിച്ചപ്പോൾ, വാഹന നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനു തന്നെയാണെന്നും അതു കോടതിയുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും കോടതി പറഞ്ഞു. എങ്കിലും ഇത്തവണത്തെ വിന്റർ ആക്‌ഷൻ പ്ലാനിലും സർക്കാർ വാഹനനിയന്ത്രണം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രീൻ വാർ റൂം റെഡി
ന്യൂഡൽഹി ∙ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾക്കും നിയന്ത്രണങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ഗ്രീൻ വാർ റൂം’ സജ്ജീകരിച്ചു. ‘വിന്റർ ആക്‌ഷൻ പ്ലാൻ’ നടപ്പാക്കുന്നതിന്റെ പ്രധാന ചുമതല ഗ്രീൻ വാർ റൂമിലെ ഉദ്യോഗസ്ഥർക്കായിരിക്കുമെന്നു മന്ത്രി ഗോപാൽ റായ് അറിയിച്ചു. ശാസ്ത്രജ്ഞരും ഡേറ്റ വിശകലനം ചെയ്യുന്നവരും ഉൾപ്പെടെ 8 പേരാണ് ഗ്രീൻ വാർ റൂമിലുള്ളത്.   പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. നന്ദിത മൊയ്ത്രയാണ് ടീമിനെ നയിക്കുന്നത്. ഡ്രോണുകളിലൂടെ ശേഖരിക്കുന്ന മാലിന്യ സാംപിളുകളും സംഘം പരിശോധിക്കും. പാടശേഖരങ്ങളിൽ തീയിടുന്നതിന്റെയും തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതിന്റെയും ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച്, ഉദ്യോഗസ്ഥർക്കു വിവരങ്ങൾ കൈമാറും. ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും ഹോട്സ്പോട്ടുകളിലെ വായുനിലവാര സൂചിക നിരീക്ഷിച്ച് ഓരോ സ്ഥലങ്ങളിലും ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും ഗ്രീൻ വാർ റൂം നിർദേശിക്കും.

നിർദേശം അറിയിക്കാം,വായനക്കാർക്കും
ഡൽഹി-എൻസിആറിലെ അന്തരീക്ഷ മലിനീകരണം പരിഹരിക്കാനുള്ള മാർഗനിർദേശങ്ങൾ വായനക്കാർക്കും പങ്കുവയ്ക്കാം. 100 വാക്കിൽ കവിയാത്ത നിർദേശങ്ങൾ delhioffice@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് 4 വരെ (വെള്ളിയാഴ്ച) അയയ്ക്കാം. റഫി മാർഗിലെ ഐഎൻഎസ് ബിൽഡിങ്ങിലുള്ള മലയാള മനോരമ ഓഫിസിൽ നേരിട്ടെത്തിയും നൽകാം. വിദഗ്ധർ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നിർദേശത്തിന് ആകർഷകമായ സമ്മാനം നൽകും. മികച്ച നിർദേശങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിക്കും. വായനക്കാരുടെ നിർദേശങ്ങൾ സമാഹരിച്ച് പരിസ്ഥിതി മന്ത്രി ഗോപാൽ റായിക്ക് കൈമാറും.

English Summary:

As winter approaches, Delhi grapples with alarming levels of air pollution. This article examines the severity of the situation, the effectiveness of government plans, and the impact on residents' health. It also highlights the Supreme Court's involvement and invites readers to contribute solutions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com