മാനനഷ്ടക്കേസിൽ സുപ്രീം കോടതി; അതിഷിക്കും കേജ്രിവാളിനും എതിരായ വിചാരണയ്ക്ക് സ്റ്റേ
Mail This Article
ന്യൂഡൽഹി ∙മുഖ്യമന്ത്രി അതിഷി, എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ എന്നിവർക്കെതിരായ മാനനഷ്ടക്കേസിലെ വിചാരണനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഡൽഹിയിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബർ നൽകിയ പരാതിയിലെ നടപടികളാണു ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ.ഭാട്ടി എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്. വിഷയത്തിൽ ഡൽഹി പൊലീസിനോടും പരാതിക്കാരോടും മറുപടി തേടിയിട്ടുണ്ട്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നേരത്തേ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്.
2018 ഡിസംബറിൽ എഎപി നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശമാണു വിവാദമായത്. ഡൽഹിയിലെ 30 ലക്ഷം വോട്ടർമാരുടെ പേരുകൾ ബിജെപിയുടെ നിർദേശം അനുസരിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ പട്ടികയിൽ നിന്നു നീക്കിയെന്നായിരുന്നു ആരോപണം. ബനിയ, പൂർവാഞ്ചൽ, മുസ്‌ലിം വിഭാഗത്തിൽപെട്ടവരെ ഒഴിവാക്കിയെന്ന ആരോപണത്തിനെതിരെയാണു ബിജെപി നേതാവ് പരാതി നൽകിയത്.