ഏറ്റവും മോശം വായുവുള്ള ഇന്ത്യൻ സംസ്ഥാനം; എപ്പോൾ അടങ്ങും ഡൽഹിയിലെ വായുകോപം?
Mail This Article
ന്യൂഡൽഹി ∙ അടുത്തയിടെ പുറത്തിറക്കിയ രാജ്യാന്തര എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനമാണ്. ഏറ്റവും മോശം വായുവുള്ള ഇന്ത്യൻ സംസ്ഥാനമാകട്ടെ ഡൽഹിയും. ശൈത്യകാലമെത്തിയാൽ മാലിന്യപ്പുകമഞ്ഞിൽ മൂടുന്ന ഡൽഹിയുടെ അന്തരീക്ഷ മലിനീകരണതോത് പിഎം 2.5ൽ താഴേക്ക് കൂപ്പുകുത്തും. ഇതോടെ ശ്വാസകോശ രോഗങ്ങളും ചുമയുമൊക്കെയായി രാജ്യതലസ്ഥാന മേഖലയിലെ ആശുപത്രികൾ നിറയും.
മാലിന്യപ്പുക ശ്വസിച്ച് ഡൽഹിയിൽ ജീവിച്ചാൽ ആയുസ്സിന്റെ 16 വർഷം കുറയും. പ്രതിഷേധങ്ങൾ കനക്കുന്നതോടെ കോടതി ഇടപെടും. സംസ്ഥാന –കേന്ദ്ര സർക്കാരുകളെ ശാസിക്കും. ആ പ്രതിസന്ധി ഘട്ടത്തിൽനിന്ന് രക്ഷനേടാൻ ചില പദ്ധതികൾ പ്രഖ്യാപിച്ച് അധികൃതർ തടിതപ്പും. ഇതോടെ ശൈത്യകാലം അവസാനിക്കും. മലിനീകരണം ചെറുതായൊന്നു തലതാഴ്ത്തും. എന്നാൽ വർഷാ വർഷം നടക്കുന്ന ഈ മഹാമഹങ്ങളിൽ ബലിയാടാക്കപ്പെടുന്നതും രോഗികളാകുന്നതും ഡൽഹിയിലെ ജനങ്ങളാണ്.
പിന്നാലെയുണ്ട് രോഗങ്ങൾ
അന്തരീക്ഷത്തിലെ പൊടി, പുക, മൂടൽമഞ്ഞ്, ദുർഗന്ധം, പുക അല്ലെങ്കിൽ നീരാവി എന്നിങ്ങനെയുള്ള ഒന്നോ അതിലധികമോ ഘടകങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന അളവിൽ ഉണ്ടാകുമ്പോളാണ് വായു മലിനമാണ് എന്നു പറയുന്നത്.
ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും വായു മലിനീകരണം ബാധിച്ചേക്കാം. ചില മാലിന്യങ്ങൾ നേരിട്ടു രക്തത്തിൽ കലർന്ന് ശരീരത്തിലുടനീളം വ്യാപിക്കാൻ സാധ്യതയുണ്ട്. ശരീരത്തിന്റെ വീക്കത്തിലേക്കും അർബുദത്തിലേക്കും ഇതു നയിക്കുന്നു.
ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഹൃദ്രോഗം, ശ്വാസകോശ അർബുദം എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നു. മോശം ആരോഗ്യമുളളവർ, കുട്ടികൾ, പ്രായമായവർ എന്നിവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
വായു മലിനീകരണ ഫലങ്ങൾ
∙ നമ്മൾ നിത്യേന ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് പലതരം രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നു. ഇവ നാം ശ്വസിക്കുന്ന ജീവവായുവിനെ പ്രതികൂലമായി ബാധിക്കുകയും അതുവഴി നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു.
∙മലിനമായ വായു ശ്വസിക്കുന്നത് ആസ്ത്മയ്ക്കും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
∙വായു മലിനീകരണം കൂടുതലും കാൻസറിന് കാരണമാകുന്നു, മലിനമായ പ്രദേശത്ത് താമസിക്കുന്നത് ആളുകളിൽ ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു.
∙ചുമയും ശ്വാസംമുട്ടലും നഗരവാസികളിൽ കാണപ്പെടുന്ന സാധാരണ ലക്ഷണങ്ങളാണ്.
∙ഉയർന്ന അളവിലുള്ള വായു മലിനീകരണം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വായു മലിനമെങ്കിൽ ശ്രദ്ധിക്കൂ
∙ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം
∙ കുട്ടികളെയും മുതിർന്നവരെയും അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറക്കുക.
∙ ധാരാളം വെള്ളം കുടിക്കുക.
∙ ശ്വാസ തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. ആവശ്യമായ മുൻകരുതൽ സ്വീകരിക്കാം.
നിർദേശം അറിയിക്കാം, വായനക്കാർക്കും
∙ ഡൽഹി-എൻസിആറിലെ അന്തരീക്ഷ മലിനീകരണം പരിഹരിക്കാനുള്ള മാർഗനിർദേശങ്ങൾ വായനക്കാർക്കും പങ്കുവയ്ക്കാം. 100 വാക്കിൽ കവിയാത്ത നിർദേശങ്ങൾ delhioffice@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് 4 വരെ (വെള്ളിയാഴ്ച) അയയ്ക്കാം. റഫി മാർഗിലെ ഐഎൻഎസ് ബിൽഡിങ്ങിലുള്ള മലയാള മനോരമ ഓഫിസിൽ നേരിട്ടെത്തിയും നൽകാം.
വിദഗ്ധർ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നിർദേശത്തിന് ആകർഷകമായ സമ്മാനം നൽകും. മികച്ച നിർദേശങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിക്കും. വായനക്കാരുടെ നിർദേശങ്ങൾ സമാഹരിച്ച് പരിസ്ഥിതി മന്ത്രി ഗോപാൽ റായിക്ക് കൈമാറും.