ദുരിതത്തിന്റെ 3 മാസങ്ങൾ; ശമ്പളം മുടങ്ങിയ 1200 നഴ്സുമാരിൽ അഞ്ഞൂറിലേറെപ്പേർ പേർ മലയാളികൾ
Mail This Article
ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് ഡൽഹി സർക്കാരിന്റെ ആശുപത്രികളിലെ കരാർ ജീവനക്കാരായ നഴ്സുമാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്നുമാസം. കരാർ പുതുക്കുന്നതിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ചയാണ് രണ്ടു പതിറ്റാണ്ടിലേറെയായി കരാർ ജോലിചെയ്യുന്ന നഴ്സുമാരെ പട്ടിണിയിലാക്കിയിരിക്കുന്നത്. ശമ്പളം മുടങ്ങിയ 1200 നഴ്സുമാരിൽ അഞ്ഞൂറിലേറെപ്പേർ പേർ മലയാളികളാണ്. ഓരോ വർഷത്തേക്കുള്ള കരാർ സാധാരണ ജൂൺ 30നാണ് അവസാനിക്കാറുള്ളത്. ഇതു തൊട്ടടുത്ത മാസം കൃത്യമായി പുതുക്കാറുമുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഡൽഹി സർക്കാർ കരാർ പുതുക്കിയാൽ മാത്രമേ ആശുപത്രികൾക്ക് നഴ്സുമാരുടെ ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കണക്കാക്കി ശമ്പളം അനുവദിക്കാനാകൂ.
കരാർ പുതുക്കൽ ഫയൽ നിലവിൽ സംസ്ഥാന ധനവകുപ്പിന്റെ പരിഗണനയിലാണ്. അവിടെനിന്നു അത് ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ ലെഫ്നന്റ് ഗവർണറുടെ അംഗീകാരം നേടണം. ശമ്പളം മുടങ്ങിയതോടെ മലയാളികൾ ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള നഴ്സുമാർ വീട്ടുവാടക പോലും നൽകാൻ ബുദ്ധിമുട്ടുകയാണ്. കുട്ടികളുടെ സ്കൂൾ ഫീസിനും മറ്റുവീട്ടുചെലവുകൾക്കും വഴിയില്ലെന്ന് കാട്ടി വിവിധ നഴ്സിങ് ഓഫിസേഴ്സ് വെൽഫയർ അസോസിയേഷൻ ലഫ്നന്റ് ഗവർണർക്ക് കത്ത് അയച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് സമാനരീതിയിൽ കരാർ പുതുക്കാത്തതിനെത്തുടർന്ന് മാസങ്ങളോളം ശമ്പളം മുടങ്ങിയിരുന്നു. ഒടുവിൽ നഴ്സുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്നു കരാർ പുതുക്കിയില്ലെങ്കിലും ശമ്പളം അനുവദിക്കാൻ കോടതി സർക്കാരിനു നിർദേശം നൽകി. സർക്കാർ സംവിധാനങ്ങൾ കൈയൊഴിഞ്ഞാൽ നിയമവഴി തേടുന്നത് പരിഗണിക്കുകയാണ് നഴ്സുമാർ.